ഷാജപുര്‍: വാക്സിനേഷന് പിന്നാലെ മധ്യപ്രദേശില്‍ പിഞ്ചുകുഞ്ഞ് മരിച്ചു. അഞ്ച് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ലിമ്പോഡ ഗ്രാമത്തിലാണ് വാക്സിനേഷന്‍ നല്‍കി രണ്ടുദിവസം കഴിഞ്ഞ് കുഞ്ഞ് മരിച്ചത്. ഓഗസ്റ്റ് 27 -നാണ് കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കിയത്. ഓഗസ്റ്റ് 29- ന് കുഞ്ഞ് മരിക്കുകയായിരുന്നു. വാക്സിനേഷനിലെ പിഴവ് മൂലമാണ് മരണം സംഭവിച്ചതെന്നാണ് ആരോപണമെന്ന് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. 

കുത്തിവെയ്പ്പ് എടുത്ത് രണ്ടുദിവസം കഴിഞ്ഞപ്പോള്‍ കുഞ്ഞിന് കടുത്ത പനി വരികയും തുടര്‍ന്ന് മരിക്കുകയുമായിരുന്നു. ഗുരുതരാവസ്ഥയിലായ മറ്റ് അഞ്ച് കുട്ടികളെ ഉജ്ജയിനിലെയും ഷാജപുരിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ വാക്സിന്‍ നല്‍കിയതിന് ശേഷമാണ് കുട്ടികള്‍ക്ക് അസ്വസ്ഥത ഉണ്ടായതെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. 

സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ഗ്രാമത്തിലെത്തിയെന്നും ശരിയായ രീതിയിലാണോ പ്രതിരോധ കുത്തിവെയ്പ്പ് നല്‍കിയതെന്ന് പരിശോധിക്കുന്നതിനായി വിദഗ്ധ സംഘത്തെ നിയമിച്ചതായും ആരോഗ്യ വകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ അറിയിച്ചു.