ദില്ലി: ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അസമില്‍ ഇത് കൊണ്ടുവന്നത് ദേശീയ സുരക്ഷയ്ക്ക് മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിലായിരുന്നു യോഗിയുടെ പരാമര്‍ശം.

ബംഗ്ലാദേശില്‍ നിന്നുള്ള കടന്നുകയറ്റം ഏതെങ്കിലും ഒരു സംസ്ഥാനത്തിന് മാത്രമല്ല രാജ്യത്തിന് തന്നെ ഭീഷണിയാവുകയാണ്. ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയറ്റക്കാരെ കണ്ടെത്തി പുറത്താക്കേണ്ടതുണ്ട്. രാജ്യത്ത് കുടിയറുന്നവരില്‍ കൂടുതലും ബംഗ്ലാദേശികളാണെന്നും അദ്ദേഹം പറഞ്ഞു.

അസമിൽ മാത്രമല്ല, രാജ്യത്തെമ്പാടും ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും നേരത്തെ പറഞ്ഞിരുന്നു. കൃത്യമായ പൗരത്വ രേഖകളുള്ളവരെ മാത്രമേ രാജ്യത്തെ പൗരൻമാരായി അംഗീകരിക്കൂ. രാജ്യത്തെ എല്ലാ പൗരൻമാരുടെയും വിവരങ്ങളടങ്ങിയ സമഗ്രമായ പൗരത്വ രജിസ്റ്റർ തയ്യാറാക്കാൻ സർക്കാർ ലക്ഷ്യമിടുന്നുവെന്നും നേരത്തെ അമിത് ഷാ വ്യക്തമാക്കിയിരുന്നു.

എന്നാൽ അസം പൗരത്വ രജിസ്റ്ററിൽ ഒഴിവായത് 19 ലക്ഷം. ഇതിൽ മുസ്ലിംവിഭാഗം മൂന്നു ലക്ഷം മാത്രമാണ്. പട്ടികയ്‍ക്കെതിരെ ബിജെപി അസം ഘടകം തന്നെ രംഗത്തുവരികയാണ്. അനധികൃത കുടിയേറ്റക്കാർ പട്ടികയിൽ കടന്നുകൂടിയെന്നാണ് ബിജെപി സംസ്ഥാന ഘടകത്തിന്‍റെ ആരോപണം.തെറ്റുകളുടെയും അബദ്ധങ്ങളുടെയും നീണ്ട നിരയാണ് പൗരത്വ റജിസ്റ്ററിൽ. ഹിന്ദുക്കൾ ഒഴിവാക്കപ്പെട്ടെന്ന് കാട്ടി പ്രാദേശിക ബിജെപി നേതൃത്വം തന്നെ പ്രതിഷേധമുയർത്തിയതോടെ കൈ പൊള്ളിയിരിക്കുകയാണ് ബിജെപി. 

അസമിൽ ബിജെപി അധികാരത്തിൽ എത്തിയത് കുടിയേറ്റക്കാരോടുള്ള കോൺഗ്രസ് പ്രീണനം പ്രചരണായുധമാക്കിയാണ്. പട്ടികയിൽ നിന്ന് പുറത്തായവരിൽ എഴുപത്തിയഞ്ചു ശതമാനവും ഹിന്ദുക്കളാണെന്നിരിക്കെ പാർട്ടി വോട്ടുബാങ്കിൽ ചോർച്ചയുണ്ടാകുമോ എന്ന ഭയവും ബിജെപിക്കുണ്ട്. സംസ്ഥാന കോൺഗ്രസിന് ഇത് തിരിച്ചുവരവിന് പിടിവള്ളിയാകും.

പശ്ചിമബംഗാളിലും ബീഹാറിലും അനധികൃത കുടിയേറ്റക്കാരെ പുറത്താക്കണമെന്നാണ് ബിജെപി നിലപാട്. എന്നാൽ ഈ സംസ്ഥാനങ്ങളിലും ഭൂരിപക്ഷ സമുദായങ്ങൾ പുതിയ പശ്ചാത്തലത്തിൽ കണക്കെടുപ്പിന് അനുകൂലിച്ചേക്കില്ല. വിദേശികളെ കണ്ടെത്താൻ അസംമാതൃക രജിസ്റ്റർ രാജ്യത്താകെ വേണമെന്ന വാദത്തിനും അസം തിരിച്ചടിയാണ്.