കൊച്ചി കപ്പല്‍ ശാലയിലാണ് കപ്പല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ കഴിഞ്ഞ മാസം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് കൊച്ചിയിലെത്തിയിരുന്നു. കപ്പല്‍ ആത്മനിര്‍ഭര്‍ ഭാരതിന്റെ തിളക്കമാര്‍ന്ന നേട്ടമാണെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. 

കൊച്ചി/ദില്ലി: ഇന്ത്യ സ്വന്തമായി നിര്‍മ്മിച്ച വിമാന വാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് ട്രയല്‍ റണ്‍ നടത്തി. അറബിക്കടലില്‍ ബുധനാഴ്ച രാവിലെ 11 മണിയോടെ കപ്പല്‍ ഇറക്കി. ആറ് നോട്ടിക്കല്‍ മൈല്‍ ദൂരമാണ് കപ്പല്‍ സഞ്ചരിക്കുക. ചരിത്ര ദിനമെന്നാണ് നേവി ഈ ദിവസത്തെ വിശേഷിപ്പിച്ചത്. കൊച്ചിയുടെ പുറങ്കടലിലാണ് കപ്പല്‍ ഇപ്പോഴുള്ളത്. രാജ്യത്തിന്റെ ചരിത്രത്തില്‍ത്തന്നെ ആദ്യമായിട്ടാണ് സ്വന്തം സാങ്കേതിക വിദ്യ ഉപയോഗിച്ച് വിമാനവാഹിനിക്കപ്പല്‍ നിര്‍മിക്കുന്നത്.

കൊച്ചി തീരത്തുനിന്ന് രാവിലെയാണ് കപ്പല്‍ കടലിലേക്ക് നീങ്ങിയത്. ആറു നോട്ടിക്കല്‍ മൈല്‍ മാറിയാണ് നിലവില്‍ പരിശോധനകള്‍ . ഇത് വരും ദിവസങ്ങളിലും തുടരും. നാവിഗേഷന്‍, കമ്യൂണിക്കേഷന്‍, ഹള്ളിലെ യന്ത്രസാമഗ്രികള്‍ എന്നിവയുടെ പരിശോധനയും നടക്കും. കപ്പലിന്റെ രൂപമാതൃകയും തദ്ദേശിയമായി തന്നെ വികസിപ്പെടുത്തതാണ്. വേഗത്തില്‍ നീങ്ങാനും കടലിലെ ഏത് സാഹചര്യത്തെയും മുന്നില്‍ക്കണ്ട് മുന്നേറാനുമുളള കരുത്ത് ഈ വിമാനവാഹിനിക്കപ്പലിനുണ്ട്.

Scroll to load tweet…

പരാമാവധി മണിക്കൂറില്‍ 28 നോട്ടിക്കല്‍ മൈല്‍ വരെ വേഗത കൈവരിക്കാനാകും. രണ്ട് ഫുട്‌ബോള്‍ മൈതാനങ്ങളുടെ വലുപ്പം ഫ്‌ലൈറ്റ് ഡക് ഏരിയയ്ക്ക് ഉണ്ടെന്ന് ഷിപ് യാര്‍ഡ് അറിയിച്ചു. 262 മീറ്ററാണ് കപ്പലിന്റെ നീളം. വനിതാ ഓഫീസര്‍മാര്‍ അടക്കം 1700 പേരെ ഉള്‍ക്കൊളളാനാകും. ഷിപ് യാര്‍ഡിന്റെ പരിശോധനകള്‍ പൂര്‍ത്തിയാക്കിയശേഷമാകും ആയുധങ്ങള്‍ സ്ഥാപിക്കുന്നതടക്കമുളള നടപടികളിലേക്കും പരിശോധനകളിലേക്കും നാവിക സേന കടക്കുക.

നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ കഴിഞ്ഞ മാസം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് കൊച്ചിയിലെത്തിയിരുന്നു. കപ്പല്‍ ആത്മനിര്‍ഭര്‍ ഭാരതിന്റെ തിളക്കമാര്‍ന്ന നേട്ടമാണെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. അടുത്ത വര്‍ഷം കപ്പല്‍ കമ്മീഷന്‍ ചെയ്യാനാണ് തീരുമാനം. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഏറ്റവും വലിയ കപ്പലാണ് ഐഎന്‍എസ് വിക്രാന്ത്. രൂപകല്‍പനയുടെയും നിര്‍മ്മാണത്തിന്റെയും 75 ശതമാനവും ഇന്ത്യ നേരിട്ടാണ് നടത്തിയത്. ഇന്ത്യന്‍ നാവിക സേനയുടെ ഡയറക്ടറേറ്റ് ഓഫ് നേവല്‍ ഡിസൈനാണ് കപ്പല്‍ രൂപ കല്‍പ്പന ചെയ്തത്. 

ഒരേസമയം ഹെലികോപ്ടറുകളെയും ഫൈറ്റര്‍ വിമാനങ്ങളെയും വഹിക്കാനുള്ള ശേഷിയാണ് ഐഎന്‍എസ് വിക്രാന്തിന്റെ പ്രധാന സവിശേഷത. 7500 മൈല്‍ ദൂരം സഞ്ചരിക്കാനുമാകും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona