Asianet News MalayalamAsianet News Malayalam

ഹാഥ്റസ് കൂട്ടബലാത്സംഗകേസ് :കർശന നടപടിയെടുക്കാൻ പ്രധാനമന്ത്രി മോദി നിർദ്ദേശിച്ചിട്ടുണ്ടെന്ന് യോഗി ആദിത്യനാഥ്

യോഗിയുടെ ഭരണത്തിൽ ഉത്തർ പ്രദേശിലെ സ്ത്രീകൾ സുരക്ഷിതരല്ല എന്നും, കുറ്റവാളികൾ സംസ്ഥാനത്ത് അഴിഞ്ഞാടുകയാണ് എന്ന് പ്രിയങ്കാ ഗാന്ധിയും രാഹുൽ ഗാന്ധിയും  ആരോപിച്ചു 

Instruction from PM Modi to take stringent action in Hathras Gang Rape case, says UP CM Yogi Adityanath
Author
Hathras, First Published Sep 30, 2020, 11:31 AM IST

ഹാഥ്റസ് കൂട്ടബലാത്സംഗകേസിൽ കുറ്റാരോപിതർക്കെതിരെ കർശനമായ നടപടി എടുക്കണം എന്നുള്ള നിർദേശം പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ നിന്ന് ഉണ്ടായിട്ടുണ്ടെന്ന ട്വീറ്റുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 

 

 

സെപ്തംബർ 29 -ന് വൈകുന്നേരത്തോടെയാണ് 19 വയസ്സുകാരിയായ യുപി ഹാഥ്റസ് സ്വദേശിയായ യുവതി ദില്ലിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ മരണപ്പെട്ടത്. ഈ പെൺകുട്ടി മരിച്ച് ഏറെ നേരം ആകും മുമ്പുതന്നെ പൊലീസ് ഏറെ തിടുക്കപ്പെട്ടു കൊണ്ട് യുവതിയുടെ ജഡം അവളുടെ ഗ്രാമത്തിലേക്ക് എത്തിക്കുകയും, രാത്രിക്കുരാത്രി തന്നെ അവളുടെ അന്തിമസംസ്കാരം നടത്തുകയും ചെയ്തു. തങ്ങളെ ഒന്ന് കാണിക്കുകയോ, തങ്ങളുടെ അനുമതി തേടുകയോ ചെയ്യാതെ, തങ്ങളുടെ അറിവുപോലും ഇല്ലാതെയാണ് പൊലീസ് മകളുടെ മൃതദേഹം അഗ്നിക്കിരയാക്കിയത് എന്നൊരു ആക്ഷേപം പെൺകുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും ഉന്നയിക്കുന്നുണ്ട്. തിടുക്കപ്പെട്ട്, രാത്രി മൂന്നുമണിയോടെ അന്തിമകർമ്മങ്ങൾ നടത്തുകയാണ് ഉണ്ടായത്. 

സെപ്റ്റംബർ 14 -ന് ഈ പെൺകുട്ടി തന്റെ അമ്മയ്ക്കും സഹോദരനും ഒപ്പമാണ് കൃഷിയിടത്തിലേക്ക് പോകുന്നത്. അവിടെ അവരെ കൃഷിപ്പണിയിൽ സഹായിക്കാൻ വേണ്ടിയാണ് അവളും കൂടെ ചെന്നത്. സഹോദരനെ കൃഷിയിടത്തിൽ കുറച്ചപ്പുറത്തുള്ള ഒരു ഭാഗത്തേക്ക് എന്തിനോ പറഞ്ഞയച്ച ശേഷം അമ്മ മകൾക്കൊപ്പം പണിചെയ്യാൻ തുടങ്ങി. കുറച്ചു നേരം കഴിഞ്ഞ്, അമ്മ തിരിഞ്ഞു നോക്കിയപ്പോൾ മകളെ കാണുന്നില്ല. വീട്ടിലേക്ക് പോയതാകും എന്ന് അവർ കരുതി എങ്കിലും, 'പറയാതെ പോയതെന്തേ' എന്നൊരു ഈർഷ്യ അവർക്ക് മകളോട് തോന്നി. പണി കഴിഞ്ഞു വീട്ടിലേക്ക് തിരികെ ചെന്ന ശേഷം രണ്ടു ചോദിക്കണം എന്നുപോലും അവർ കരുതി. 

കുറച്ചു നേരം കൂടി പണിയെടുത്ത ശേഷമാണ്, കൃഷിയിടത്തിൽ തന്നെ മകൾ ധരിച്ചിരുന്ന പിങ്ക് ഹവായി ചപ്പൽ കിടക്കുന്നത് ആ അമ്മ കണ്ടത്. അതോടെ ആകെ പരിഭ്രമിച്ചുപോയ അവർ തന്റെ കൃഷിയിടത്തിനുചുറ്റും മകളെ അന്വേഷിച്ചു നടക്കാൻ തുടങ്ങി. കുറച്ചുനേരത്തെ തിരച്ചിലിനു ശേഷം, അധികം ദൂരെയല്ലാതെ ഒരു മരത്തിന്റെ ചുവട്ടിൽ കിടക്കുന്ന മകളെ അവർ കണ്ടു. അവളുടെ ദേഹമാകെ ചോരയിൽ കുളിച്ചിട്ടുണ്ടായിരുന്നു. ഇട്ടിരുന്ന ചുരിദാർ കീറിപ്പറിഞ്ഞ അവസ്ഥയിലായിരുന്നു. അവളുടെ ദേഹത്താകെ നിരവധി പരിക്കുകയുമുണ്ടായിരുന്നു. 

വീട്ടുകാർ അവളെ ഉടനടി റിക്ഷയിൽ കയറ്റി അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഹാഥ്റസ് മുതൽ ദില്ലി സഫ്ദർജംഗ് വരെയുള്ള പല ആശുപത്രികളിലായി അവളുടെ ചികിത്സ നടന്നു. ഒടുവിൽ മിനിഞ്ഞാന്ന് വൈകുന്നേരത്തോടെ അവൾ തന്റെ അന്ത്യശ്വാസം വലിച്ചു. ആശുപത്രിയിൽ വെച്ച് അവളെ പരിശോധിച്ച ഡോക്ടർമാർ പറഞ്ഞത് കുട്ടിയുടെ നിരവധി വാരിയെല്ലുകൾ ഒടിഞ്ഞിട്ടുണ്ട് എന്നായിരുന്നു. പെൺകുട്ടിയുടെ നാക്ക് മുറിച്ചുകളഞ്ഞ അവസ്ഥയിൽ ആണെന്നൊരു അഭ്യൂഹവും ഉണ്ടായി. എന്നാൽ, ഹാഥ്റസ് എസ്പി വിക്രാന്ത് വീർ ഈ അഭ്യൂഹങ്ങൾ എല്ലാം നിഷേധിച്ചു. ലൈംഗിക പീഡനം നടന്നതായിപ്പോലും ഡോക്ടർമാർ സ്ഥിരീകരിച്ചിട്ടില്ല എന്നാണ് എസ്പി പറഞ്ഞത്. മരണകാരണം കഴുത്തിന് കുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചതാണ് എന്നാണ് ഡോക്ടറുടെ സ്ഥിരീകരണം. ലൈംഗിക പീഡനവും മറ്റു പരിക്കുകളും ഒക്കെ വിശദമായ ഫോറൻസിക് പരിശോധനകൾക്കു ശേഷം മാത്രമേ പറയാനാകൂ എന്നാണ് ജില്ലാ അധികാരികൾ പറയുന്നത്. 

അതിനിടെ പ്രിയങ്കാ ഗാന്ധിയും രാഹുൽ ഗാന്ധിയും ഈ കൊലപാതകത്തിന്റെ പേരിൽ യോഗി ആദിത്യനാഥിനെതിരെ ആഞ്ഞടിച്ചു കൊണ്ട് രംഗത്തുവന്നു. യോഗിയുടെ ഭരണത്തിൽ ഉത്തർ പ്രദേശിലെ സ്ത്രീകൾ സുരക്ഷിതരല്ല എന്നും, കുറ്റവാളികൾ സംസ്ഥാനത്ത് അഴിഞ്ഞാടുകയാണ് എന്നും അവർ പറഞ്ഞു. 

 


 

Follow Us:
Download App:
  • android
  • ios