ദില്ലി: രാജ്യം ഉറ്റുനോക്കുന്ന അയോധ്യ വിഷയത്തിൽ സുപ്രീം കോടതി വിധി പ്രസ്താവിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ ക്രമീകരണങ്ങളെ മുൻനിർത്തി ഉത്തർപ്രദേശിൽ ചിലയിടങ്ങളിൽ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചു. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും താത്ക്കാലിക ജയിലുകൾ തയ്യാറാക്കിയിട്ടുണ്ട്. സമൂഹമാധ്യമങ്ങൾ വഴിയുള്ള വിദ്വേഷ പ്രചാരണങ്ങൾ ഒഴിവാക്കാൻ വേണ്ടിയാണ് ഇന്റർനെറ്റ് വിച്ഛേദിച്ചതെന്ന് സുരക്ഷാ ഉദ്യോ​ഗസ്ഥർ അറിയിച്ചു.

ഉത്തർപ്രദേശിൽ 4000 സിആർപിഎഫ് സൈനികരെ വിന്യസിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങൾ വഴിയുള്ള പ്രചരണങ്ങൾ നിരീക്ഷിക്കാൻ 670 പേരെയും നിയോ​ഗിച്ചതായി ഉന്നത ഉദ്യോ​ഗസ്ഥർ വെളിപ്പെടുത്തി. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാ​ഗമായിട്ടാണ് താത്ക്കാലിക ജയിലുകളുടെ സജ്ജീകരണം.  സംഘർഷമുണ്ടാകാൻ സാധ്യതയുണ്ടെന്ന് കരുതുന്ന 31 ജില്ലകളിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. അയോധ്യയിലേക്കാണ് സുരക്ഷാ സൈന്യത്തിന്റെ ശ്രദ്ധ പൂർണ്ണമായും കേന്ദ്രീകരിച്ചിരിക്കുന്നത്. ഇവിടെയെത്തുന്ന ഓരോ സന്ദർശകനും കർശന നിരീക്ഷണത്തിന് വിധേയമാകുന്നുണ്ട്.