ദില്ലി: ഐഎൻഎക്സ് മീഡിയ കേസിൽ പി ചിദംബരത്തെ ഇപ്പോൾ തീഹാര്‍ ജയിലിലേക്ക് അയക്കരുതെന്ന വാദം അംഗീകരിച്ചതിനെതിരെയുള്ള സിബിഐയുടെ വാദം ഇന്ന് സുപ്രീംകോടതി കേൾക്കും. ഉച്ചക്ക് ശേഷം 2 മണിക്കാണ് കേസ് പരിഗണിക്കുക. ഇതോടൊപ്പം ചിദംബരത്തിന്‍റെ ഇടക്കാല ജാമ്യാപേക്ഷ സിബിഐ കോടതി ഉച്ചക്ക് ശേഷം മൂന്നര മണിക്കും പരിഗണിക്കും.

ചിദംബരത്തിന്‍റെ ജാമ്യാപേക്ഷയിൽ ഇന്നലെ തന്നെ തീരുമാനമെടുക്കണമെന്നായിരുന്നു സുപ്രീംകോടതി ഇറക്കിയ ഉത്തരവ്. ജാമ്യം തള്ളുകയാണെങ്കിൽ ചിദംബരത്തെ മൂന്ന് ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിടണമെന്നും നിര്‍ദ്ദേശിച്ചു. അതിനെ സിബിഐ ചോദ്യം ചെയ്തതോടെയാണ് കേസ് ഇന്ന് പരിഗണിക്കാൻ തീരുമാനിച്ചത്. ഈ സാഹചര്യത്തിൽ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സിബിഐ കോടതിയും ഇന്നത്തേക്ക് മാറ്റിവെച്ചു. സുപ്രീംകോടതിയിലും സിബിഐ കോടതിയിലുമായി ചിദംബരത്തിന് ഏറെ നിര്‍ണായക ദിനമാകും ഇന്ന്.