2012ല്‍ ദേവാശിഷ് ഭട്ടചാര്യ എന്ന വ്യക്തി ആഫ്രിക്കന്‍ രാജ്യമായ മൊസാബിംക്കില്‍ മരണപ്പെട്ടതുമായി ബന്ധപ്പെട്ടാണ് കേസ്.

ദില്ലി: കൊതുകുകടി മൂലം മലേറിയ ബാധിച്ച വ്യക്തിക്ക് അപകട ഇന്‍ഷൂറന്‍സ് നല്‍കണം എന്ന ദേശീയ ഉപഭോക്ത തര്‍ക്ക പരിഹാര കമ്മീഷന്‍റെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. കൊതുകുകടിയും രോഗവും അപ്രതീക്ഷിതം ആണെങ്കിലും നാഷണല്‍ ഇന്‍ഷൂറന്‍സ് കമ്പനി കക്ഷികളായ കേസില്‍ വാദിക്ക് അപകട ഇന്‍ഷൂറന്‍സ് നല്‍കാന്‍ കഴിയില്ലെന്നാണ് സുപ്രീംകോടതി വിധിച്ചത്. 

2012ല്‍ ദേവാശിഷ് ഭട്ടചാര്യ എന്ന വ്യക്തി ആഫ്രിക്കന്‍ രാജ്യമായ മൊസാബിംക്കില്‍ മരണപ്പെട്ടതുമായി ബന്ധപ്പെട്ടാണ് കേസ്. കൊതുക് കുത്തിയതിനാല്‍ മലേറിയ വന്നാണ് ഇദ്ദേഹം മരിച്ചത്. ഇദ്ദേഹം നാഷണല്‍ ഇന്‍ഷൂറന്‍സ് കമ്പനിയില്‍ നിന്നും അപകട ഇന്‍ഷൂറന്‍സ് എടുത്തിരുന്നു. എന്നാല്‍ ഇത് നല്‍കാന്‍ കമ്പനി തയ്യാറാകാത്തതോടെ ഇദ്ദേഹത്തിന്‍റെ അടുത്ത ബന്ധുക്കള്‍ നിയമനടപടി കൈക്കൊണ്ടു. 

ഇതില്‍ ദേശീയ ഉപഭോക്ത തര്‍ക്കപരിഹാര കമ്മീഷന്‍ തുക നല്‍കാന്‍ ഇന്‍ഷൂറന്‍സ് കമ്പനിയോട് ആവശ്യപ്പെട്ടു ഇതിനെതിരെ കമ്പനി സുപ്രീംകോടതിയെ സമീപിച്ചു. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢിന്‍റെ ബെഞ്ചാണ് കേസ് കേട്ടത്. പമ്പ് കടി പോലെയെ, കാട്ടുമൃഗങ്ങളുടെ ആക്രമണം മൂലമോ ഉള്ള അപകടം പോലെ കരുതി ഇന്‍ഷൂറന്‍സ് തുകനല്‍കാനുള്ള വിധിയാണ് ഈ ബെഞ്ച് റദ്ദാക്കിയത്.

പ്രധാനമായും 16 പേജ് വിധിയില്‍ പറയുന്നത് കൊതുക് കുത്തുക എന്നത് അപ്രതീക്ഷിതമായ ഒരു സംഭവമാണ്. എന്നാല്‍ മൊസംബിംക്കിലെ അവസ്ഥ വച്ച് നോക്കുമ്പോള്‍ അപ്രതീക്ഷിതം എന്ന് പറയാന്‍ പറ്റില്ല. ഇതിലേക്ക് എത്തിച്ചേരാന്‍ ലോക ആരോഗ്യ സംഘടന പ്രസിദ്ധീകരിച്ച മലേറിയ സംബന്ധിച്ച ആഗോള റിപ്പോര്‍ട്ട് കോടതി ആദാരമാക്കി. 2017 ല്‍ മാത്രം പതിനാലായിരത്തി എഴുന്നൂറുപേര്‍ മൊസാബിംക്കില്‍ മലേറിയ മൂലം മരിച്ചെന്ന് ഈ റിപ്പോര്‍ട്ട് പറയുന്നു.

ഇത് ആഗോളതലത്തിലെ മലേറിയ മരണങ്ങളുടെ അഞ്ച് ശതമാനം വരും എന്നതിനാല്‍ മൊസാബിംക്കില്‍ വച്ച് മലേറിയ വന്ന് മരണപ്പെടുന്നത് സാധാരണ മരണമായേ കാണാന്‍ സാധിക്കൂ എന്നാണ് കോടതി കണ്ടെത്തിയത്.