കർതാർപുർ: കർതാർപുർ ഇടനാഴി തുറന്നത് ഖാലിസ്ഥാൻ ഭീകരവാദം വളർത്താൻ ആയുധമാക്കുന്നുവെന്ന ആരോപണം തള്ളി പാകിസ്ഥാൻ. ഒരു രഹസ്യ അജണ്ടയുമില്ലെന്ന് പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷി വ്യക്തമാക്കി. ഐഎസ്ഐ എത്ര ശ്രമിച്ചാലും ഖാലിസ്ഥാന് ആളെക്കിട്ടില്ലെന്ന് കർതാർപുരലെത്തിയ വിശ്വാസികളും പറയുന്നു. 

കർതാർപുർ ഇടനാഴിയുമായി സഹകരിച്ചതിന് ഇമ്രാൻ ഖാന് നരേന്ദ്രമോദി നന്ദി പറഞ്ഞിരുന്നു. എന്നാൽ കശ്മീർ വിഷയം ഇമ്രാൻ ഉന്നയിച്ചതോടെ മഞ്ഞുരുകാനുള്ള സാധ്യത അടഞ്ഞു. ഇടനാഴിയ്ക്കടുത്ത് ഖാലിസ്ഥാൻ തീവ്രവാദികളുടെ കേന്ദ്രങ്ങൾക്ക് പാകിസ്ഥാൻ അനുവാദം നല്കി എന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. റിപ്പോർട്ടുകൾ അടിസ്ഥാന രഹിതമെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷി ഇന്ത്യൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു

ഖാലിസ്ഥാൻ ഭീകരവാദം ശക്തമാകും എന്ന പ്രചാരണം തള്ളുകയാണ് തീർത്ഥാടകരും.  ഏറെ നാളത്തെ ആവശ്യം യാഥാർത്ഥ്യമായതിൻറെ ആവേശം മാത്രമാണ് പ്രകടമാകുന്നതെന്നും തീർത്ഥാടകർ ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു. എന്നാൽ ഖാലിസ്ഥാൻ തീവ്രവാദി ഗോപാൽ ചൗളയെ കർതാർപൂരിൽ ഓഫീസ് തുറക്കാൻ അനുവദിച്ചത് പാക് ലക്ഷ്യത്തിൻറെ തെളിവായി ഇന്ത്യ ചൂണ്ടിക്കാട്ടുന്നു. ചൗളയെ നിയന്ത്രിക്കുന്ന ചിലർ ഐഎസ്ഐയുമായി ഒത്തുകളിക്കുകയാണെന്നും ഇന്ത്യ കരുതുന്നു.