ദില്ലി പൊലീസിന്റെ സ്പെഷ്യൽ സെല്ലാണ് ഇയാളെ പിടികൂടിയത്. ഇയാൾ ലക്ഷ്യമിട്ടത് ചാവേർ ആക്രമണത്തിനാണെന്നും സ്പെഷ്യൽ സെൽ അറിയിച്ചു.
ദില്ലി: ഐഎസ് ഭീകരൻ ദില്ലിയിൽ പിടിയിലായി. പൊലീസുമായി ഏറ്റുമുട്ടലിന് ശേഷമാണ് സ്ഫോടക വസ്തുക്കളുമായി ഇയാൾ പിടിയിലായത്. ദില്ലി പൊലീസിന്റെ സ്പെഷ്യൽ സെല്ലാണ് ഇയാളെ പിടികൂടിയത്. ഇയാൾ ലക്ഷ്യമിട്ടത് ചാവേർ ആക്രമണത്തിനാണെന്നും സ്പെഷ്യൽ സെൽ അറിയിച്ചു.
ചാവേർ ആക്രമണം നടത്താനുള്ള തയ്യാറെടുപ്പിനിടെയാണ് ഭീകരൻ പിടിയിലായത്. പ്രാഥമിക ഘട്ട അന്വേഷണം നടക്കുകയാണ്. സ്ഥലത്ത് പൊലീസ് വിന്യാസം വർധിപ്പിച്ചിട്ടുണ്ട്. ഇവിടെ എൻഎസ്ജി സംഘം പരിശോധന നടത്തുന്നുണ്ട്. സ്ഫോടക വസ്തു നീർവീര്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു. ഭീകരൻ എത്തിയത് യുപിയിൽ നിന്നാണെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ സംഘത്തിലെ കൂടുതൽ പേർ ദില്ലിയിലുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് ദില്ലിയിലെ ബുദ്ധജയന്തി പാർക്കിനു സമീപം പൊലീസും ഭീകരനുമായി ഏറ്റുമുട്ടലുണ്ടായത്. ഇയാൾ പൊലീസിനു നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് പൊലീസ് തിരിച്ചടിക്കുകയും ഏറ്റുമുട്ടലിനൊടുവിൽ ഇയാളെ കീഴ്പ്പെടുത്തുകയുമായിരുന്നു. ദില്ലിയിൽ വിവിധ സ്ഥലങ്ങളിൽ ആക്രമണം നടത്താൻ ഇയാൾ പദ്ധതിയിട്ടതായി സൂചന ലഭിച്ചെന്നാണ് പൊലീസ് പറയുന്നത്. ലോധി കോളനിയിലെ സ്പെഷ്യൽ സെല്ലിന്റെ ഓഫീസിൽ ഇയാളെ ചോദ്യം ചെയ്യുകയാണ്. പ്രതിയുടെ മുഖം മറച്ചുള്ള ദൃശ്യങ്ങൾ മാത്രമാണ് ഇപ്പോൾ പൊലീസ് പുറത്തുവിട്ടിട്ടുള്ളത്.
