ദില്ലി: ചാവേർ ആക്രമണത്തിന് ലക്ഷ്യമിട്ട് ദില്ലിയിൽ എത്തിയ ഐഎസ് ഭീകരനിൽ നിന്ന് പിടിച്ചെടുത്ത സ്ഫോടകവസ്തുക്കൾ നിർവീര്യമാക്കിയെന്ന് പൊലീസ് അറിയിച്ചു. ദില്ലി പൊലീസ് സ്പെഷ്യൽ സെല്ലാണ് ഉത്തർപ്രദേശ് സ്വദേശി അബ്ദുൾ യൂസഫിനെ പിടികൂടിയത്. ഇയാളെ എട്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.  കൂടുതലാളുകളെ സംഘത്തിലേക്ക് എത്തിച്ച് ഭീകരാക്രമണം നടത്താനായിരുന്നു ഇയാളുടെ പദ്ധതിയെന്നാണ് പൊലീസ് നിഗമനം. ഇയാളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളിലെ ആറിടങ്ങളിൽ പൊലീസ് തെരച്ചിൽ നടത്തി. 

ഇയാളിൽ നിന്ന് പിടികൂടിയ നാലര കിലോ വരുന്ന സ്ഫോടക വസ്തുക്കളാണ് നീ‍‍ർവീര്യമാക്കിയത്.  സ്ഫോടക വസ്തുക്കൾ ദില്ലിയിലെ ബുദ്ധ ജയന്തി പാർക്കിലെത്തിച്ച് എൻഎസ്ജി യിലെ ബോംബ് സ്ക്വാഡാണ് നിർവീര്യമാക്കിയത്. ഇന്നലെ അർധരാത്രിയോടെയാണ്  ദൗലകാനിലെ സൈനികസ്കൂളിന് സമീപത്ത് നിന്ന് ദില്ലി പൊലീസ് സ്പെഷ്യൽ  സെൽ ഭീകരനെ പിടികൂടിയത്. ബൈക്കിൽ സ്ഫോടക വസ്തുക്കളുമായി ഇയാളെ പിടികൂടിയെന്നാണ് പൊലീസ് പറയുന്നത്.  ദില്ലി അടക്കമുള്ള നഗരങ്ങളിൽ ഭീകരസംഘടനകൾ സ്ഫോടനങ്ങൾക്ക് ലക്ഷ്യമിടുന്നതായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് ഉത്തർപ്രദേശിലെ ബലൽറാംപൂർ സ്വദേശി അബ്ദുൾ യൂസഫിലേക്ക് എത്തിയത്. 

അബ്ദുൾ യൂസഫ് കഴിഞ്ഞ കുറെ നാളുകളായി നീരീക്ഷണത്തിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ദില്ലിയിലെ വിവിധ സ്ഥലങ്ങളിൽ ചാവേർ ആക്രമണം ലക്ഷ്യമിട്ടാണ് അബ്ദുൾ യൂസഫ് എത്തിയതെന്ന് ദില്ലി സെപ്ഷ്യൽ സെൽ ഡിസിപി പ്രമോദ് സിങ്ങ് കുശ് വാഹ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പിടിയിലായ ഭീകരനെ ദില്ലി ലോധി കോളനിയിലെ കേന്ദ്രത്തിൽ ചോദ്യം ചെയ്യുകയാണ്. ദില്ലിയിലെ കൂടുതൽ സംഘാംഗങ്ങളെ കുറിച്ച് വിവരം കിട്ടിയെന്നാണ് പൊലീസ് പറയുന്നത്.