ദില്ലി: കോവിഡ് 19 ബാധയെ തുടര്‍ന്ന് ഇറാനില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ രാജ്യത്ത് തിരിച്ചെത്തിക്കാന്‍ വേണ്ട നടപടികള്‍ തുടങ്ങിയതായി കേന്ദ്രസര്‍ക്കാര്‍. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ സെപ്ഷ്യല്‍ സെക്രട്ടറി ലാവ് അഗര്‍വാളാണ് ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള നടപടികള്‍ പ്രഖ്യാപിച്ചത്. 

അടുത്ത മൂന്ന് ദിവസം കൊണ്ട് ഇറാനില്‍ കുടുങ്ങിപ്പോയ മുഴുവന്‍ ഇന്ത്യക്കാരേയും തിരിച്ചു എത്തിക്കാന്‍ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. പ്രത്യേക വിമാനത്തില്‍ ഇറാനിലേക്കാവും ഇവരെയെല്ലാം കൊണ്ടു വരിക. നാളെ മുതല്‍ മൂന്ന് ദിവസം മുംബൈയില്‍ നിന്നുമുള്ള പ്രത്യേക വിമാനം ഇറാനിലേക്ക് പോകും. 

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സമയബന്ധിതമായി നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും അതിപ്പോഴും തുടരുകയാണെന്നും ലാവ് അഗര്‍വാള്‍ പരഞ്ഞു. വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളിലേക്ക് ഇന്ത്യക്കാര്‍ യാത്ര ചെയ്യരുതെന്നും എല്ലാ അതിര്‍ത്തികളിലും കര്‍ശന പരിശോധന നടന്നു വരികയാണെന്നും അദ്ദേഹം പറഞ്ഞു. 

നിലവില്‍ 83 കൊവിഡ് 19 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 56 പേര്‍ ഇന്ത്യക്കാരും 17 പേര്‍ വിദേശികളുമാണ്. രോഗബാധിതരെല്ലാം വിവിധ ആശുപത്രികളിലെ ഐസലേഷന്‍ വാര്‍ഡുകളില്‍ തുടരുകയാണ്. അനാവശ്യമായ ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും സംശയം തോന്നിയാല്‍ പൗരന്‍മാര്‍ അടിയന്തരമായ പരിശോധനകള്‍ക്ക് വിധേയരാകണമെന്നും അഗര്‍വാള്‍ പറഞ്ഞു. അതേസമയം കൊവിഡ് 19 പരിശോധനകള്‍ സ്വകാര്യലാബില്‍ നടത്താന്‍ അനുവദിക്കില്ലെന്നും ഇതിനുള്ള സൗകര്യങ്ങള്‍ സര്‍ക്കാര്‍ ലാബുകളില്‍ തന്നെ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

കൊവിഡ് 19 പ്രാഥമിക പരിശോധനകള്‍ക്കായി നിലവില്‍ ഒരു ലക്ഷം ടെസ്റ്റിംഗ് കിറ്റുകള്‍ തയ്യാറാക്കിയിട്ടുണ്ട്. നിലവില്‍ 1500 ആളുകള്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്.  കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൊതുസ്വകാര്യ പങ്കാളിത്തതോടെ നടന്നു വരികയാണ്. 52 ടെസ്റ്റിംഗ് കേന്ദ്രങ്ങള്‍ ഇതിനോടകം ആരംഭിച്ചു. 56 സാംപിള്‍ ശേഖരണ കേന്ദ്രങ്ങള്‍ തുടങ്ങി.