ഇസ്രയേലിലെ ഇന്ത്യക്കാരെ തിരിച്ചു കൊണ്ടുവരാൻ പദ്ധതി ആലോചനയിലുണ്ടെന്ന് കേന്ദ്രമന്ത്രി ദേവുസിംഗ് ചൗഹാൻ പറഞ്ഞു

ദില്ലി: യുദ്ധം രൂക്ഷമായി തുടരുന്ന ഇസ്രയേലില്‍നിന്ന് കാന‍ഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അവരുടെ പൗരന്മാരെ തിരിച്ചുകൊണ്ടുവരാന്‍ നടപടികള്‍ ഊര്‍ജിതമാക്കിയിരിക്കെ ഇക്കാര്യത്തില്‍ ഇന്ത്യ സ്വീകരിച്ച പദ്ധതിയെക്കുറിച്ച് വെളിപ്പെടുത്താതെ കേന്ദ്രം. ഇസ്രയേലിലെ ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാനുള്ള പദ്ധതി പരിഗണിച്ചുവരുകയാണെന്നാണ് കേന്ദ്രം അറിയിക്കുന്നതെങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഇന്ത്യക്കാരുടെ സുരക്ഷ സംബന്ധിച്ച് ഇരുരാജ്യങ്ങളിലെയും നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ വിഷയമായിരുന്നു. ഇസ്രയേലിന് പുറമെ പലസ്തീനും ഇന്ത്യക്കാരുണ്ട്. രണ്ടു രാജ്യങ്ങളിലെയും ഇന്ത്യന്‍പൗരമാരെയും ഇന്ത്യന്‍ വംശജരെയും ഒഴിപ്പിക്കുന്നതിനുള്ള നടപടി എത്രയും വേഗം സ്വീകരിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്. എന്നാല്‍, ഈജിപ്തിലേക്കുള്ള വഴി ഉള്‍പ്പെടെ അടഞ്ഞതോടെ ഒഴിപ്പിക്കല്‍ എളുപ്പമല്ലെന്നാണ് ഇസ്രയേലിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിക്കുന്നത്. ഗാസയിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് തല്‍ക്കാലം പരിമിതിയുണ്ടെന്നാണ് ഇന്ത്യ അറിയിക്കുന്നത്.

ഇന്ത്യക്കാരുമായി സമ്പർക്കത്തിലാണെന്നും ഇന്ത്യൻ പ്രതിനിധിയുടെ ഓഫീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ഗസയില്‍ ഭക്ഷണവും വെള്ളവും തീരാറായെന്ന് പറഞ്ഞുകൊണ്ട് ഇന്ത്യൻ കുടുംബം വീഡിയോ ദൃശ്യം വാര്‍ത്താ ഏജന്‍സിക്ക് അയച്ചുനല്‍കിയിരുന്നു. ഗസയിലെ ഇന്ത്യക്കാരെ ഉള്‍പ്പെടെ അവിടെനിന്നും ഒഴിപ്പിക്കണമെന്നും വീഡിയോയില്‍ ആശ്യപ്പെട്ടിരുന്നു. ഇസ്രയേലിലെ ഇന്ത്യക്കാരെ തിരിച്ചു കൊണ്ടുവരാൻ പദ്ധതി ആലോചനയിലുണ്ടെന്ന് കേന്ദ്രമന്ത്രി ദേവുസിംഗ് ചൗഹാൻ പറഞ്ഞു. ഇന്ത്യൻ വംശജർക്ക് സഹായം എത്തിക്കാനും ശ്രമിക്കും. 60000 ഗുജറാത്തി വംശജർ ഇസ്രയേലിലുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം, ഇസ്രയേലിൻറെ ആക്രമണത്തിൽ ഇന്ത്യ മൗനം പാലിക്കുന്നതിൽ ചില അറബ് രാജ്യങ്ങൾക്ക് അതൃപ്തിയെന്ന റിപ്പോർട്ടുകളും പുറത്തുവന്നു,. ഇന്ത്യ ഏകപക്ഷീയ നിലപാട് ഒഴിവാക്കണമെന്ന വികാരമാണ് ഉയരുന്നത്. ഇക്കാര്യത്തില്‍ അറബ് ലോകത്തും ഭിന്നതയുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിക്കുന്നത്. വിഷയത്തില്‍ ഇന്ത്യയുടെ പ്രസ്താവനയും ഇതുവരെ പുറത്തുവന്നിട്ടില്ല.

അതേസമയം, യുദ്ധം രൂക്ഷമായതോടെ കൂടുതല്‍ രാജ്യങ്ങള്‍ പൗരന്മാരെ ഇസ്രയേലില്‍നിന്ന് ഒഴിപ്പിക്കാനുള്ള നടപടികളും ഊര്‍ജിതമാക്കി. ഇസ്രയേലില്‍നിന്ന് കാനേഡിയന്‍ പൗരന്മാരെ ഉടന്‍ ഒഴിപ്പിക്കുമെന്ന് കാനഡ അറിയിച്ചു. ഹംഗറി, അൽബേനിയ, തായ്‌ലൻഡ്, മെക്സിക്കോ, കംബോഡിയ, ബൾഗേറിയ, റുമേനിയ രാജ്യങ്ങൾ ഒഴിപ്പിക്കൽ തുടരുന്നു. ഗാസയിൽ അഞ്ചാം ദിവസവും ഇസ്രയേൽ ബോംബാക്രമണം തുടരുകയാണ്. ഗാസയില്‍ മാത്രമായി ആയിരത്തോളം പേരാണ് മരിച്ചത്. കുടിവെള്ളവും ഭക്ഷണവും വൈദ്യുതിയുമില്ലാതെ ദുരിതത്തിലായിരിക്കുകയാണ് ഗാസ നിവാസികൾ.

യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ ഇസ്രയേലിലും ഗാസയിലുമായി രണ്ടായിരത്തോളം പേരാണ് മരിച്ചത്. ഇസ്രയേൽ -ഹമാസ് യുദ്ധത്തിൽ ഓരോ ദിവസവും മരണ സംഖ്യ ഉയരുകയാണ്. അഞ്ച് ദിവസമായി ഗാസ മേഖലയിൽ വൈദ്യുതിയും ഇല്ല. പരിക്കേറ്റവരെ ഉൾക്കൊള്ളാനാകാതെ ഗാസയിലെ ആരോഗ്യമേഖല തകർന്നതായി ഐക്യരാഷട്ര സഭ വ്യക്തമാക്കി. ഇതിനിടെ, പലസ്തീന്‍ ജനതക്ക് യു.എ.ഇ സഹായം പ്രഖ്യാപിച്ചിരുന്നു. ഐക്യരാഷ്ട്ര സഭാ ഏജന്‍സിയായ യുഎന്‍ആര്‍ഡബ്ല്യുഎ വഴി രണ്ടു കോടി ഡോളര്‍ സഹായം എത്തിക്കാനാണ് പ്രസിഡൻറ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നിര്‍ദേശം നല്‍കിയത്.

വിമാനയാത്രക്കിടെ മദ്യലഹരിയില്‍ സഹയാത്രികന്‍ അപമര്യാദയായി പെരുമാറിയെന്ന് യുവനടി

ഗാസയിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് പരിമിതിയുണ്ടെന്ന് ഇന്ത്യ | Israel Palestine conflict