ചന്ദ്രയാന്‍-3ന്‍റെ ചരിത്ര വിജയമാഘോഷിക്കാന്‍ മഹാക്വിസ്സുമായി ഐഎസ്ആര്‍ഒ, വിശദാംശങ്ങളറിയാം
ക്വിസ്സില്‍ മികച്ച പ്രകടനം നടത്തുന്ന വ്യക്തിക്ക് ഒരു ലക്ഷം രൂപയുടെ ക്യാഷ് പ്രൈസാണ് ലഭിക്കുക. 300ഓളം പേര്‍ക്ക് പ്രൊത്സാഹന സമ്മാനങ്ങളും ലഭിക്കും.

ബെംഗളൂരു: ചരിത്രംകുറിച്ച ഇന്ത്യയുടെ ചന്ദ്രയാന്‍-3 ദൗത്യത്തിന്‍റെ വിജയം ആഘോഷിക്കാന്‍ മഹാക്വിസുമായി ഐഎസ്ആര്‍ഒ. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് ആണ് ചരിത്രവിജയം ആഘോഷിക്കാന്‍ ഇന്ത്യക്കാരെ ചന്ദ്രയാന്‍-3 മഹാക്വിസ്സില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിരിക്കുന്നത്. ഇന്ത്യ ചന്ദ്രനിലെത്തിയെന്നും ഇന്ത്യക്കാര്‍ക്കായുള്ള ഐഎസ്ആര്‍ഒ ചെയര്‍മാന്‍റെ പ്രത്യേക സന്ദേശമിതാ എന്ന തലക്കെട്ടോടെയാണ് ഇതുസംബന്ധിച്ച വീഡിയോ ഐഎസ്ആര്‍ഒ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. ഒന്നിച്ച് ചരിത്ര ദൗത്യ വിജയം ആഘോഷിക്കാമെന്നും ഐഎസ്ആര്‍ഒ കുറിച്ചു.
ക്വിസ്സില്‍ മികച്ച പ്രകടനം നടത്തുന്ന വ്യക്തിക്ക് ഒരു ലക്ഷം രൂപയുടെ ക്യാഷ് പ്രൈസാണ് ലഭിക്കുക. ചന്ദ്രയാന്‍-3 മഹാക്വിസ്സില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ MyGov.in എന്ന വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തശേഷം വെബ് സൈറ്റിലൂടെ തന്നെ നേരിട്ട് മത്സരത്തില്‍ പങ്കെടുക്കാം. ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ട പത്തു ചോദ്യങ്ങളായിരിക്കും ഉണ്ടാകുക. 300 സെക്കന്‍ഡിനുള്ളില്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയിരിക്കണം. തെറ്റായ ഉത്തരങ്ങള്‍ക്ക് നെഗറ്റീവ് മാര്‍ക്കുണ്ടാകില്ല.
ക്വിസ്സ് മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കെല്ലാം MyGov പോര്‍ട്ടലില്‍നിന്നും സര്‍ട്ടിഫിക്കറ്റും ലഭിക്കും. ക്വിസ്സില്‍ പങ്കെടുത്ത് 24മണിക്കൂറിനുള്ളില്‍ ഇമെയിലായിട്ടായിരിക്കും സര്‍ട്ടിഫിക്കറ്റ് ലഭിക്കുക. രജിസ്റ്റര്‍ ചെയ്തശേഷം സബ് മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ ക്വിസ്സ് മത്സരം ആരംഭിക്കും. ഏറ്റവും മികച്ച മത്സരാര്‍ഥിക്ക് ഒരു ലക്ഷം രൂപയാണ് ക്യാഷ് പ്രൈസ്. രണ്ടാമത്തെത്തുന്നയാള്‍ക്ക് 75,000 രൂപയും മൂന്നാമത്തെ മികച്ച മത്സരാര്‍ഥിക്ക് 50000 രൂപയുമാണ് ക്യാഷ് പ്രൈസ്. തുടര്‍ന്നുള്ള ആദ്യത്തെ 100 മികച്ച മത്സരാര്‍ഥികള്‍ക്ക് പ്രോത്സാഹന സമ്മാനമായി 2000 രൂപയും ഇതിനുശേഷമുള്ള അടുത്ത 200 മികച്ച മത്സരാര്‍ഥികള്‍ക്ക് 1000 രൂപയും ലഭിക്കും. ക്വിസ്സ് മത്സരത്തിന്‍റെ അറിയിപ്പ് വന്നതിന് പിന്നാലെ ഇന്ന് ഉച്ചക്ക് ഒരു മണിവരെ 16.85 ലക്ഷത്തിലധികം പേരാണ് ക്വിസ്സ് മത്സരത്തില്‍ പങ്കെടുത്തത്.