ദൗത്യത്തിൻ്റെ വിജയത്തിനായി പ്രവ‍ർത്തിച്ചവരെ ഇസ്രോ ചെയ‍ർമാൻ സോമനാഥ് അനുമോദിച്ചു. ഭാരമുള്ള പേലോഡുകളെ ഭ്രമണപഥത്തിൽ എത്തിക്കാമെന്ന് വീണ്ടും ഇസ്രോ തെളിയിച്ചെന്നും കൂടുതൽ ഉപ​ഗ്രഹ വിക്ഷേപണങ്ങൾക്ക് ഇസ്രോ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു

ശ്രീഹരിക്കോട്ട: ഐഎസ്ആർഒയുടെ എൽവിഎം 3 വൺ വെബ്ബ് ദൗത്യം വിജയകരം. രാവിലെ 9.00 മണിക്ക് ശ്രീഹരിക്കോട്ടയിൽ നിന്നും നടത്തിയ ദൗത്യമാണ് വിജയകരമായി പൂ‍ർത്തിയായത്. ഉപഗ്രഹ ഇൻറർനെറ്റ് സർവ്വീസ് ദാതാവായ വൺ വെബ്ബുമായി ഇസ്രോ കൈകോർക്കുന്ന രണ്ടാം ദൗത്യമാണിത്. ദൗത്യത്തിൻ്റെ വിജയത്തിനായി പ്രവ‍ർത്തിച്ചവരെ ഇസ്രോ ചെയ‍ർമാൻ സോമനാഥ് അനുമോദിച്ചു. ഭാരമുള്ള പേലോഡുകളെ ഭ്രമണപഥത്തിൽ എത്തിക്കാമെന്ന് വീണ്ടും ഇസ്രോ തെളിയിച്ചെന്നും കൂടുതൽ ഉപ​ഗ്രഹ വിക്ഷേപണങ്ങൾക്ക് ഇസ്രോ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിലിൽ PSLV യുടെ വാണിജ്യ വിക്ഷേപണം ഉണ്ടാകുമെന്ന് ഇസ്രോ ചെയർമാൻ വ്യക്തമാക്കി. 

ഐഎസ്ആ‍ർഒയുടെ എറ്റവും കരുത്തുറ്റ റോക്കറ്റായ എൽവിഎം 3 ആണ് ആറാം ദൗത്യത്തിൽ 36 ഉപ​ഗ്രഹങ്ങളെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നത്. ആദ്യ ഘട്ടത്തിൽ പതിനാറ് ഉപഗ്രഹങ്ങളെ എൽവിഎം വിജയകരമായി ലക്ഷ്യസ്ഥാനത്തേക്ക് എത്തിച്ചു. താഴ്ന്ന ഭൂ ഭ്രമണപഥത്തിലേക്കുള്ള എൽവിഎം 3 എന്ന വിക്ഷേപണ വാഹനത്തിന്റെ എറ്റവും ഭാരമേറിയ ദൗത്യമായിരുന്നു ഇത്. ആകെ ഭാരം 5805 കിലോഗ്രാം ഭാരമാണ് ഭ്രമണപഥത്തിലേക്ക് എത്തിച്ചത്. വിക്ഷേപണം കഴിഞ്ഞ് പത്തൊന്പതാം മിനുട്ടിൽ ആദ്യ ഉപഗ്രഹം വേർപ്പെട്ടു. ക്രയോജനിക് ഘട്ടത്തിലെ ഇന്ധനം പുറത്തേക്കൊഴുക്കി ദിശാമാറ്റം നടത്തിയാണ് മറ്റ് ഉപഗ്രഹങ്ങളെ നിശ്ചിത സ്ഥാനത്തേക്ക് എത്തിച്ചത്.

ഈ സാങ്കേതിക വിദ്യയുടെയും രണ്ടാം പരീക്ഷണമാണിത്. കഴിഞ്ഞ ഒക്ടോബറിൽ എൽവിഎം3 ഉപയോഗിച്ചുള്ള ആദ്യ വൺ വെബ്ബ് ദൗത്യത്തിലാണ് സംവിധാനം ആദ്യമായി പരീക്ഷിച്ചത്. രണ്ട് വിക്ഷേപണങ്ങൾക്കുമായി ആയിരം കോടിക്കടുത്ത് രൂപയുടെ കരാറാണ് ന്യൂ സപേസ് ഇന്ത്യ വഴി വൺ വെബ്ബ് ഇസ്രൊയ്ക്ക് നൽകുന്നതെന്നാണ് വിവരം.യഥാർത്ഥ തുക ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല.

ഈ ദൗത്യം കൂടി വിജയകരമായി പൂർത്തിയാക്കുന്നതോടെ ബഹിരാകാശ വിപണയിൽ ഐഎസ്ആ‌ർഒയുടെയും എൽവിഎം 3യുടെയും മൂല്യമുയരും. വൺവെബ്ബിനും ഈ വിക്ഷേപണം പ്രധാനപ്പെട്ടതാണ്. ലോകവ്യാപക ഉപഗ്രഹ ഇന്റർനെറ്റ് സംവിധാനം ലക്ഷ്യമിടുന്ന വൺവെബ്ബിന് ഈ ദൗത്യത്തോടെ അവരുടെ ശൃംഖല പൂർത്തിയാക്കാനാകും. ഈ വർഷം തന്നെ ആഗോള സേവനങ്ങൾ തുടങ്ങുകയാണ് ലക്ഷ്യം. ഇന്ത്യയുടെ ഭാരതി എയർടെല്ലാണ് കന്പനിയിലെ പ്രധാന നിക്ഷേപകരിലൊന്ന്.