ഇന്ത്യക്കാരിയെന്ന് തെളിയിക്കാൻ ആറ് വർഷത്തെ നിയമ പോരാട്ടം; നഷ്ടമായതൊക്കെ സര്‍ക്കാര്‍ തിരികെ തരുമോയെന്ന് ചോദ്യം
ഉധര്‍ബോന്ദ് സ്വദേശിനിയായ ദുലുബി ബിബിയെയാണ് 2017ല്‍ ഫോറിനേഴ്സ് ട്രിബ്യൂണല്‍, അനധികൃത വിദേശ കുടിയേറ്റക്കാരിയെന്ന് വിധിയെഴുതിയത്. നീണ്ട നിയമ നടപടികള്‍ക്ക് ശേഷം പൗരത്വം അംഗീകരിച്ചുകൊണ്ട് 2023 ഒക്ടോബര്‍ ഏഴാം തീയ്യതി ഫോറിനേഴ്സ് ട്രിബ്യൂണല്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു.

ഗുവാഹത്തി: നിയമവിരുദ്ധമായി കുടിയേറിയെന്ന് മുദ്രകുത്തപ്പെട്ട അന്‍പത് വയസുകാരിക്ക് തന്റെ പൗരത്വം തെളിയിക്കാന്‍ വേണ്ടി വന്നത് ആറ് വര്‍ഷത്തെ നിയമ പോരാട്ടം. വോട്ടര്‍ പട്ടികകളിലെ പേരില്‍ വ്യത്യാസം വന്നതാണ് ഇവരെ ബംഗ്ലാദേശ് കുടിയേറ്റക്കാരിയെന്ന് മുദ്രകുത്താന്‍ കാരണമായത്. തുടര്‍ന്ന് രണ്ട് വര്‍ഷം തടങ്കല്‍ കേന്ദ്രത്തില്‍ കഴിയേണ്ടി വരികയും ചെയ്തു. ഒടുവില്‍ സാഹചര്യ തെളിവുകള്‍ പരിഗണിച്ച് ഇവരുടെ ഇന്ത്യന്‍ പൗരത്വം കഴിഞ്ഞയാഴ്ച അംഗീകരിച്ച് നല്‍കുകയായിരുന്നു.
ആസാമിലെ കാചാര്‍ ജില്ലയിലെ ഉധര്‍ബോന്ദ് സ്വദേശിനിയായ ദുലുബി ബിബിയെയാണ് 2017ല്‍ ഫോറിനേഴ്സ് ട്രിബ്യൂണല്‍, അനധികൃത വിദേശ കുടിയേറ്റക്കാരിയെന്ന് വിധിയെഴുതിയത്. നീണ്ട നിയമ നടപടികള്‍ക്ക് ശേഷം പൗരത്വം അംഗീകരിച്ചുകൊണ്ട് 2023 ഒക്ടോബര്‍ ഏഴാം തീയ്യതി ഫോറിനേഴ്സ് ട്രിബ്യൂണല്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. 1965ലെയും 1985ലെയും 1997ലെയും 1993ലെയും രേഖകളും 2015ലെ വോട്ടര്‍ പട്ടികയും സംശയലേശമന്യേ പരിഗണിക്കപ്പെടേണ്ടതാണെന്ന് പുതിയ ഉത്തരവില്‍ ട്രിബ്യൂണല്‍ വിവരിക്കുന്നതായി ദേശീയ മാധ്യമഘങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Read also: നടുക്കടലിൽ കപ്പലിൽ നിന്ന് മലയാളി മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; തെരച്ചിൽ തുടരുന്നു
തന്റെ ഇന്ത്യന്‍ പൗരത്വം തിരികെ ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ബിബി പ്രതികരിച്ചു. "ഇന്ത്യന്‍ പൗരത്വമുണ്ടായിരിക്കെ ഞാന്‍ ബംഗ്ലാദേശിയായി മുദ്രകുത്തപ്പെട്ടു. എന്റെ പൂര്‍വികരും ഇന്ത്യക്കാരാണെന്നിരിക്കെ പിന്നെ എങ്ങനെയാണ് ഞാന്‍ ബംഗ്ലാദേശിയാവുന്നത്? രണ്ട് വര്‍ഷം എനിക്ക് സില്‍ചറിലെ തടങ്കല്‍ കേന്ദ്രത്തില്‍ കഴിയേണ്ടി വന്നു. ഞാനൊരു മുസ്ലിം സ്ത്രീയാണ് എന്റെ കുടുംബം യാഥാസ്ഥിതികരുമാണ്. ജയിലില്‍ പോകുന്നതിന് മുമ്പ് പാചകക്കാരിയായി ജോലി ചെയ്യുകയായിരുന്നു. ഇനി ഭര്‍ത്താവ് എന്ന് സ്വീകരിക്കുമോ എന്നും എനിക്ക് ജോലി കിട്ടുമോ എന്നും അറിയില്ല. ഈ നഷ്ടത്തിന്റെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കുമോ?" - ദേശീയ മാധ്യമമായ എന്‍ഡിടിവിയോട് സംസാരിക്കവെ ബിബി ചോദിച്ചു.
ഇല്ലീഗല്‍ മൈഗ്രന്റ്സ് ഡിറ്റര്‍മിനേഷന്‍ ബൈ ട്രിബ്യൂണല്‍സ് ആക്ട് പ്രകാരമുള്ള 1998ലെ ഒരു കേസ് പരിഗണിക്കവെ, വോട്ടര്‍ പട്ടികയിലെ പേരില്‍ വ്യത്യാസം കണ്ടെത്തിയതിനെ തുടര്‍ന്ന് 2017 മാര്‍ച്ചിലാണ് ബിബിയെ ബംഗ്ലാദേശ് കുടിയേറ്റക്കാരിയെന്ന് മുദ്രകുത്തിയത്. തുടര്‍ന്ന് 2018 ഏപ്രിലില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ശേഷം സില്‍ചറിലെ തടങ്കല്‍ കേന്ദ്രത്തിലേക്ക് മാറ്റി. രണ്ട് വര്‍ഷം അവിടെ കഴിഞ്ഞ ശേഷം 2020 ഏപ്രിലില്‍ സുപ്രീം കോടതി ഉത്തരവ് പ്രകാരം അവിടെ നിന്ന് വിട്ടയക്കുകയായിരുന്നു. ഫോറിനേഴ്സ് ട്രിബ്യൂണലിന്റെ ഉത്തരവ് ചോദ്യം ചെയ്ത് പിന്നീട് 2023 മേയ് മാസത്തില്‍ ഗുവാഹത്തി ഹൈക്കോടതിയെയും സമീപിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...