തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ മുന്നണിക്ക് അധികാരം നഷ്ടമായിട്ടും സഖ്യം വിടില്ലെന്ന് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്. കോൺഗ്രസ് വിജയിയുടെ ടിവികെ ക്യാമ്പിലേക്ക് മാറിയപ്പോഴും, സ്റ്റാലിനൊപ്പം തുടരുമെന്ന് ലീഗ് ദേശീയ പ്രസിഡന്റ് ഖാദർ മൊയ്തീൻ വ്യക്തമാക്കി.
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ നേതൃത്വം നൽകുന്ന മുന്നണിക്ക് അധികാരം നഷ്ടമായെങ്കിലും സഖ്യമാറ്റമില്ലെന്ന് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്. തെരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസ് ഡിഎംകെ വിട്ട് വിജയിയുടെ ടിവികെ ക്യാമ്പിലെത്തിയെങ്കിലും, സ്റ്റാലിനുമായുള്ള ബന്ധം തുടരുമെന്ന് മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് ഖാദർ മൊയ്തീൻ വ്യക്തമാക്കി. "ഇന്നലെ സ്റ്റാലിനൊപ്പമായിരുന്നു, ഇന്ന് സ്റ്റാലിനൊപ്പമാണ്, നാളെയും സ്റ്റാലിനൊപ്പം തന്നെയായിരിക്കും" എന്ന് അദ്ദേഹം വ്യക്തമാക്കി. തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണായക സ്വാധീനം ഉറപ്പിച്ചുകൊണ്ട് നടൻ വിജയിയുടെ ടിവികെ 100-ലധികം സീറ്റുകൾ നേടി കരുത്ത് തെളിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ സർക്കാർ രൂപീകരിക്കാനായി കോൺഗ്രസ് ടിവികെയെ പിന്തുണയ്ക്കുമെന്ന് അറിയിച്ചതോടെയാണ് ഡിഎംകെ സഖ്യത്തിൽ വിള്ളലുണ്ടായത്.
പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ടിവികെ നേതൃത്വം മുസ്ലിം ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടിയെയും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെയും ബന്ധപ്പെട്ടിരുന്നു. എന്നാൽ, തമിഴ്‌നാട് ഘടകത്തിന് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്ന നിലപാടാണ് തങ്ങൾ സ്വീകരിച്ചതെന്ന് ഖാദർ മൊയ്തീൻ വ്യക്തമാക്കി. മത്സരിച്ച രണ്ട് സീറ്റുകളിലും പാപനാശം, വാണിയമ്പാടി മികച്ച വിജയം നേടിയ ലീഗ്, നിലവിലെ രാഷ്ട്രീയ മാറ്റങ്ങൾക്കിടയിലും ഡിഎംകെ സഖ്യത്തിൽ ഉറച്ചുനിൽക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.


