ജയ്പൂര്‍: കൊവിഡ് രോഗത്തിന് മരുന്നായി പതഞ്ജലി അവകാശപ്പെടുന്ന കൊറോണില്‍ പരീക്ഷിച്ച് ജയ്പൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രി. സംഭവത്തില്‍ സംസ്ഥാന ആരോഗ്യവകുപ്പ് ആശുപത്രിയോട് വിശദീകരണം തേടി. കൊറോണില്‍ പരീക്ഷിക്കുന്നതിന് ആശുപത്രി അധികൃതര്‍ സര്‍ക്കാറിന്റെ സമ്മതം തേടുകയോ അറിയിക്കുകയോ ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തിനുള്ളില്‍ വിശദീകരണത്തിന് മറുപടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജയ്പൂര്‍ ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. നരോത്തം ശര്‍മ പറഞ്ഞു. 

യോഗ ഗുരു ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി കഴിഞ്ഞ ആഴ്ചയാണ് കൊവിഡിന് മരുന്ന് പുറത്തിറക്കിയെന്ന അവകാശപ്പെട്ടത്. എന്നാല്‍, കൊവിഡ് മരുന്നെന്ന് അവകാശപ്പെട്ട് വില്‍പനയും പരസ്യവും ചെയ്യരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. 
സംസ്ഥാന സര്‍ക്കാര്‍ അനുമതിയില്ലാതെ മരുന്ന് കൊവിഡ് രോഗികളില്‍ പരീക്ഷിക്കരുതെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. മരുന്ന് വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി രഘു ശര്‍മ പറഞ്ഞു.

ഏഴ് ദിവസത്തിനുള്ളില്‍ മരുന്ന് കൊവിഡ് രോഗം ഭേദപ്പെടുത്തുമെന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം. സ്വകാര്യസ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സുമായി ചേര്‍ന്ന് പതഞ്ജലി റിസര്‍ച്ച് സെന്ററാണ് മരുന്ന് വികസിപ്പിച്ചതെന്ന് ബാബാ രാംദേവ് വ്യക്തമാക്കിയിരുന്നു. കൊവിഡ് രോഗത്തിനെന്ന പേരില്‍ മരുന്ന് പുറത്തിറക്കിയതിന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ പതഞ്ജലിക്ക് നോട്ടീസ് നല്‍കിയിരുന്നു. പരാതിയെ തുടര്‍ന്ന് കമ്പനി ചെയര്‍മാന്‍ ആചാര്യ ബാലകൃഷ്ണക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.