ബെംഗലൂരു: കേന്ദ്രമന്ത്രി അമിത് ഷായുടെ ഹിന്ദി വാദത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയും രാജ്യസഭ എംപിയുമായ ജയറാം രമേശ്. ഒരു മിനിറ്റില്‍ മൂന്ന് ഭാഷകള്‍ സംസാരിച്ച ജയറാം രമേശ് അമിത് ഷായുടെ ആഗ്രഹം ഒരിക്കലും നടക്കില്ലെന്നും മുന്നറിയിപ്പ് നല്‍കി. കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ, ഗവര്‍ണര്‍ വാജുഭായ് വാല എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ജയറാം രമേശിന്‍റെ വിമര്‍ശനം. ഒരു രാജ്യ ഒരു നികുതി എന്നത് നടപ്പാകും. എന്നാല്‍, ഒരു രാജ്യം ഒരു ഭാഷ എന്നത് യാഥാര്‍ത്ഥ്യമാകില്ല.

നമ്മള്‍ ഒരു രാജ്യമാണ്-നമുക്ക് ഒരുപാട് ഭാഷകളുണ്ട്. നാം ഒരു രാജ്യമാണ്-ഒരുപാട് സംസ്ഥാനങ്ങളുണ്ട്-ജയറാം രമേശ് പറഞ്ഞു. തന്‍റെ പ്രസ്താവന മിനിറ്റിനുള്ളില്‍ കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ പറഞ്ഞാണ് ജയറാം രമേശ് പ്രസംഗം അവസാനിപ്പിച്ചത്.എം വിശേസ്വരയ്യ മെമ്മോറിയല്‍ ചടങ്ങിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.  ജവഹര്‍ലാല്‍ നെഹ്റുവാണ് ആധുനിക ഇന്ത്യയുടെ സൃഷ്ടാവെന്നും എന്നാല്‍ ചിലര്‍ അദ്ദേഹത്തിന്‍റെ മഹത്വത്തെ അപമാനിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.