ഇന്ന് റിമാന്റ് അവസാനിച്ചതിനെത്തുടർന്ന് സജ്ജാദ് ഖാനെ കോടതിയിൽ ഹാജരാക്കിയെങ്കിലും എൻഐഎ റിമാന്റ് ആവശ്യപ്പെട്ടില്ല.
ദില്ലി: ജയ്ഷെ മുഹമ്മദ് ഭീകര പ്രവർത്തകനായ സജ്ജാദ് ഖാനെ ഏപ്രിൽ 26 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. എൻ ഐ എ പ്രത്യേക കോടതിയുടേതാണ് നടപടി. ഇന്ന് റിമാന്റ് അവസാനിച്ചതിനെത്തുടർന്ന് സജ്ജാദ് ഖാനെ കോടതിയിൽ ഹാജരാക്കിയെങ്കിലും എൻഐഎ റിമാന്റ് ആവശ്യപ്പെട്ടില്ല.
മാര്‍ച്ച് 21ന് രാത്രി ദില്ലി പൊലീസാണ് സജ്ജാദ് ഖാനെ പിടികൂടിയത്. പുൽവാമ ഭീകരാക്രമണത്തിനുപയോഗിച്ച വാഹനം സജ്ജാദിന്‍റേതാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരനായ മുദ്ദസിർ ഖാന്‍റെ പ്രധാന സഹായിയാണ് ഇയാളെന്നാണ് ദില്ലി പൊലീസ് പറയുന്നത്.
മുദ്ദാസിർ ഖാൻ നേരത്തെ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കശ്മീരിൽ വച്ച് തന്നെ കൊല്ലപ്പെട്ടിരുന്നു. ദില്ലിയിൽ സ്ലീപ്പർ സെൽ സ്ഥാപിക്കാൻ സജ്ജാദിനെ മുദ്ദസിർ ഖാൻ ചുമതലപ്പെടുത്തിയുരന്നതായാണ് വിവരം. സജ്ജാദ് പിടിയാലായതോടെ പുൽവാമ ഭീകരാക്രമണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്
