പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭത്തിനിറങ്ങിയ മദ്രാസ് ഐഐടി വിദ്യാര്‍ഥിയും ജര്‍മന്‍ പൗരനുമായ ജേക്കബ് ലിന്‍ഡെന്‍താല്‍ വീട്ടിലെത്തി. ബുധനാഴ്ച രാവിലെയാണ് കിഴക്കന്‍ ജര്‍മനിയിലെ ഡ്രേഡ്സന്‍ നഗരത്തിലെ വീട്ടിലെത്തിയത്. വീട്ടില്‍ സുരക്ഷിതമായി എത്തിയതായി ലിന്‍ഡെന്‍താല്‍ അറിയിച്ചു. തന്നെ പിന്തുണച്ച എല്ലാവര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. വിമാനം വൈകിയപ്പോള്‍ തനിക്ക് അഭയം നല്‍കിയവര്‍ക്ക് ലിന്‍ഡെന്‍താല്‍ പ്രത്യേകം നന്ദി പറഞ്ഞു. 

ജനാധിപത്യവും സ്വാതന്ത്ര്യവും സംരക്ഷിക്കാന്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെയും പൗരത്വ രജിസ്റ്ററിനെതിരെയും തെരുവിലിറങ്ങിയ ലോകത്തെ എല്ലാവരോടും അകമഴിഞ്ഞ ബഹുമാനമുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.  പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ തനിക്ക് സന്തോഷമുണ്ട്.മാറ്റം ആഗ്രഹിക്കുന്നവരും അഭിപ്രായ സ്വാതന്ത്ര്യം, പൗരാവകാശം എന്നിവ സംരക്ഷിക്കണമെന്നാഗ്രഹിക്കുന്നവരും ഒരുമിച്ച് ചേരുമെന്ന് പ്രതീക്ഷിക്കുന്നതായും ലിന്‍ഡെന്‍താല്‍ കുറിച്ചു.

മദ്രാസ് ഐഐടിയിലെ ഫിസിക്സ് വിദ്യാര്‍ഥിയായിരുന്നു ജേക്കബ് ലിന്‍ഡെന്‍താല്‍. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് നോട്ടീസ് പോലും നല്‍കാതെയാണ് വിദ്യാര്‍ഥിയെ ഇന്ത്യയില്‍ നിന്ന് നാടുകടത്തിയത്. ഇന്ത്യയിലെ പ്രക്ഷോഭങ്ങള്‍ക്ക് വലിയ പരിഗണനയാണ് ജര്‍മന്‍ മാധ്യമങ്ങള്‍ നല്‍കുന്നത്. ലിന്‍ഡെന്‍താലിന്‍റെ തുടര്‍പഠനത്തിന് നടപടികള്‍ സ്വീകരിക്കാന്‍ മാധ്യമങ്ങള്‍ ആവശ്യപ്പെട്ടു.