ദില്ലി: ജാമിയ വിദ്യാർത്ഥികളുടെ ലോങ്ങ് മാർച്ചിന് നേരെയുണ്ടായ വെടിവെപ്പില്‍ പ്രതിഷേധിച്ച് ദില്ലി പൊലീസ് ആസ്ഥാനം ഉപരോധിച്ച സമരക്കാരെ പൊലീസ് ഒഴിപ്പിച്ചു. ഇന്നലെ രാത്രി മുതൽ ഐറ്റിഒയിലെ പൊലീസ് ആസ്ഥാനം സമരക്കാര്‍ ഉപരോധിച്ചിരുന്നു. പ്രധാന പാതയിൽ  മണിക്കൂറുകളായി ഗതാഗത തടസ്സം ഉണ്ടായത് കൊണ്ടാണ് നടപടിയെന്ന് പൊലീസ് വിശദീകരിച്ചു.

അതേസമയം അക്രമിയുടെ വെടിയേറ്റ് പരിക്ക് പറ്റിയ വിദ്യാർത്ഥിയെ ദില്ലി എംയിസിൽ നിന്ന് ഡിസ്ചാർജ്ജ് ചെയ്തു. അക്രമി വെടിയുതിർത്ത സംഭവം ദില്ലി സ്പെഷ്യൽ പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. പിടിയിലായ പ്രതിക്ക്  പ്രായപൂർത്തിയിട്ടില്ലെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. അക്രമം നടക്കുമ്പോള്‍ പൊലീസ് നോക്കി നിൽക്കുകയായിരുന്നെന്ന ആരോപണവും ശക്തമാണ്.

കനത്ത പൊലീസ് സന്നാഹം സ്ഥലത്തുണ്ടായിട്ടും അക്രമം തടയുന്നതിൽ ദില്ലി പൊലീസ് വീഴ്ച്ച വരുത്തിയെന്ന ആരോപണം പ്രതിപക്ഷ പാർട്ടികളുൾപ്പടെ ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെട്ട് അന്വേഷണത്തിന് പ്രത്യേക ഉദ്യോഗസ്ഥനെ നിയമിച്ചിരിക്കുന്നത്. സ്പെഷ്യൽ പൊലീസ് കമ്മീഷണർ പർവേശ് രഞ്‍‍‍ജനാണ് അന്വേഷണ ചുമതല. പിടിയിലായ അക്രമിക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. അനുമതിയില്ലാതെയാണ് വിദ്യാർത്ഥികൾ മാർച്ച് നടത്താൻ ഒരുങ്ങിയതെന്ന വിമർശനമാണ് പൊലീസ് ഉന്നയിക്കുന്നത്.