Asianet News MalayalamAsianet News Malayalam

'ഭീകരനെ രക്ഷപ്പെടാൻ സഹായിച്ചു, അന്വേഷണ ഉദ്യോ​ഗസ്ഥനെ കുടുക്കാൻ ശ്രമിച്ചു'; 'കശ്മീർ സിം​ഗ'ത്തെ കുടുക്കി പൊലീസ് 

ആദിൽ മുഷ്താഖ് ഭീകരനുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി അറസ്റ്റിലായ ഭീകരവാദികളുടെ ഫോൺ സംഭാഷണം വെളിപ്പെടുത്തിയതായി വൃത്തങ്ങൾ പറയുന്നു.

Jammu And Kashmir Cop Sheikh Aadil Mushtaq Arrested Over Alleged Links With Terror Accused prm
Author
First Published Sep 22, 2023, 10:23 AM IST

ദില്ലി: തീവ്രവാദിയുമായി ബന്ധമുണ്ടെന്നാരോപിച്ച് ജമ്മു കശ്മീർ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ടിനെ അറസ്റ്റ് ചെയ്തു. കശ്മീരിലെ പ്രമുഖ പൊലീസ് ഓഫിസറായ ഷെയ്ഖ് ആദിൽ മുഷ്താഖിനെയാണ് അറസ്റ്റ് ചെയ്തത്. ഭീകരവാദിയെ അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ സഹായിച്ചെന്നും കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോ​ഗസ്ഥനെ പ്രതിയാക്കാൻ ശ്രമിച്ചതിനുമാണ് ഡെപ്യൂട്ടി സൂപ്രണ്ടിനെ അറസ്റ്റ് ചെയ്തത്. അഴിമതിയുൾപ്പെടെ നിരവധി കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. ശ്രീനഗറിലെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇയാളെ ആറ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.

ആദിൽ മുഷ്താഖ് ഭീകരനുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി അറസ്റ്റിലായ ഭീകരവാദികളുടെ ഫോൺ സംഭാഷണം വെളിപ്പെടുത്തിയതായി വൃത്തങ്ങൾ പറയുന്നു. നിയമത്തിൽ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്നും ഭീകരന് ഇയാൾ ഉപദേശം നൽകി. ആദിൽ മുഷ്താഖ് പ്രതികളുമായി ടെലിഗ്രാം ആപ്പിൽ സംസാരിക്കുകയും ചാറ്റ് ചെയ്യുകയും ചെയ്യാറുണ്ടായിരുന്നുവെന്ന് മുതിർന്ന ഉദ്യോ​ഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭീകരനും ഡെപ്യൂട്ടി സൂപ്രണ്ടും തമ്മിൽ കുറഞ്ഞത് 40 കോളുകളെങ്കിലും ചെയ്തു. അറസ്റ്റിൽ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്നും നിയമസഹായം നേടാമെന്നും ഇയാൾ ഉപദേശിച്ചെന്നും അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

ഭീകരവാദിയായ പ്രതിയെ എങ്ങനെ സഹായിച്ചു എന്നതിന് വ്യക്തമായ തെളിവുകളുണ്ട്. തീവ്രവാദത്തിന് ഫണ്ടിംഗ് നൽകിയെന്ന കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനെ പ്രതിയാക്കാൻ പോലും ആദിൽ ശ്രമിച്ചെന്നും പൊലീസ് വ്യക്തമാക്കി. തീവ്രവാദ ഫണ്ടിംഗ് കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ പ്രതിയാക്കാൻ ഡെപ്യൂട്ടി സൂപ്രണ്ട് തെറ്റായ പരാതി തയ്യാറാക്കി. ഈ കേസിൽ മൂന്ന് പ്രതികൾ ഫെബ്രുവരിയിൽ അറസ്റ്റിലായി. ഒരാൾ ഒളിവിലാണെന്നും പൊലീസ് പറയുന്നു. പ്രതിയിൽ നിന്ന് ആദിൽ മുഷ്താഖ് അഞ്ച് ലക്ഷം രൂപ കൈപ്പറ്റിയതായി പൊലീസ് പറഞ്ഞു. ഭീകര സംഘടനയായ ലഷ്‌കറിന്റെ ധനകാര്യം കൈകാര്യം ചെയ്യുന്നതിനായി സോപോറിൽ വ്യാജ രേഖകളിൽ ബാങ്ക് അക്കൗണ്ട് തുറന്ന മുസമിൽ സഹൂറുമായി ഇയാൾ അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.

ജൂലൈയിൽ മുസമിൽ സഹൂർ അറസ്റ്റിലാകുന്നതിന് നാല് ദിവസം മുമ്പ്, തീവ്രവാദ ഫണ്ടിംഗ് കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനെതിരെ അപരാതി നൽകി. ഇതിനായി എല്ലാ രേഖകളും ഡെപ്യൂട്ടി സൂപ്രണ്ടാണ് തയ്യാറാക്കിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഫെബ്രുവരിയിൽ ശ്രീനഗർ പൊലീസ് മൂന്ന് ലഷ്‌കർ പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും അവരിൽ നിന്ന് 31 ലക്ഷം രൂപ കണ്ടെടുക്കുകയും ചെയ്തു. ഇവരുടെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ ആദിൽ മുഷ്താഖിന്റെ സഹായത്തോടെ ഒളിവിൽപോയ മുസമിൽ സഹൂറിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചതായി ഉദ്യോഗസ്ഥൻ പറഞ്ഞു.

Read More... 'ആശങ്ക വേണ്ട, വെറുപ്പിന് രാജ്യത്ത് സ്ഥാനമില്ല'; ഹിന്ദു വിഭാഗക്കാർ രാജ്യം വിടണമെന്ന ഭീഷണിക്കെതിരെ കാനഡ

അറസ്റ്റിലായ ഉദ്യോഗസ്ഥനെതിരെ നിരവധി പേരാണ് ഇപ്പോൾ പരാതിയുമായി വരുന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു. ഇയാൾക്കെതിരെ പണം തട്ടൽ, ബ്ലാക്ക് മെയിൽ തുടങ്ങിയ പരാതികളുമുണ്ട്. എല്ലാ പരാതികളും പരിശോധിച്ച് വരികയാണെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. ആദിൽ മുഷ്താഖിനെതിരായ കേസ് അന്വേഷിക്കാൻ അഞ്ചംഗ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതായി പൊലീസ് അറിയിച്ചു. ജമ്മു കശ്മീരിൽ നിരവധി നടപടികളിലൂടെ താരപരിവേഷം ലഭിച്ച പൊലീസ് ഓഫിസറാണ് ആദിൽ മുഷ്താഖ്. 

Follow Us:
Download App:
  • android
  • ios