ദില്ലി: ജവഹർലാൽ നെഹ്റു സർവ്വകലാശാലയിലെ താനുൾപ്പടെ 12 എമിരറ്റസ് പ്രൊഫസർമാരോട് യോഗ്യതാപത്രം ചോദിച്ചത് ചിന്താശൂന്യമായ നടപടിയെന്ന് മലയാളിയും പ്രശസ്ത സോഷ്യോളജിസ്റ്റുമായ പ്രൊഫ. ടികെ ഉമ്മൻ. സർവ്വകലാശാലയ്ക്ക് മറുപടി നൽകില്ലെന്ന് ടികെ ഉമ്മൻ ദില്ലിയിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  

സർവ്വകലാശാല ഇപ്പോൾ യോഗ്യതാപത്രം ചോദിക്കുന്നതിൽ അർത്ഥമില്ല. ഇത് ജെഎൻയുവിന്റെ അക്കാദമിക് ഗുണനിലവാരത്തെ ബാധിക്കും. തനിക്ക് സാമൂഹിക ശാസ്ത്രത്തിൽ പത്മഭൂഷൺ നൽകിയതാണെന്ന് ഓ‍ർക്കണമായിരുന്നു. 75 കഴിഞ്ഞവരോടാണ് വിശദീകരണം ചോദിച്ചതെങ്കിൽ തനിക്ക് 2012-ൽ 75 കഴിഞ്ഞു. ഇടതുപക്ഷനിലപാടുള്ളവരോട് മാത്രമല്ല സാക്ഷ്യപത്രം ചോദിച്ചത് എന്നതിനാൽ ഇത് രാഷ്ട്രീയപ്രേരിതമെന്ന് കരുതുന്നില്ലെന്നും ടികെ ഉമ്മൻ വ്യക്തമാക്കി. സർവ്വകലാശാല നീക്കത്തെ ചോദ്യം ചെയ്ത് വിഖ്യാത ചരിത്രകാരി റൊമില ഥാപ്പർ വൈസ് ചാൻസലർക്ക് കത്തു നൽകിയിട്ടുണ്ട്. 2008-ലാണ്  പ്രൊഫ. ടി കെ ഉമ്മന് രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചത്.

അതേസമയം, ജെഎൻയു മുൻ വൈസ് ചാൻസലർ അസീസ് ദത്തയടക്കം 12 എമിരറ്റസ് പ്രൊഫസർമാരോട് പദവിയിൽ തുടരാൻ യോഗ്യതാ സാക്ഷ്യപത്രം ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട നടപടി വിവാദങ്ങൾക്കു ശേഷവും ജെഎൻയു ഭ​രണസമിതി പിൻവലിക്കാൻ തയ്യാറായിട്ടില്ല. നിലവിൽ 25 പേരാണ് ജെഎൻയുവിൽ എമിരറ്റസ് പദവി വഹിക്കുന്നത്. മാർച്ച് 31ന് മുൻപ് 75 വയസ്സ് പൂർത്തിയാക്കിയ 12 പ്രൊഫസർമാർക്കാണ് കത്തു നൽകിയതെന്ന് സർവ്വകലാശാല റജിസ്ട്രാർ പ്രമോദ് കുമാർ വിശദീകരിച്ചിരുന്നു. 

സർവ്വകലാശാല ചട്ടം അനുസരിച്ചുള്ള തീരുമാനമാണിത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ സർവ്വകലാശാല എക്സിക്യൂട്ടീവ് കൗൺസിലാണ് തീരുമാനമെടുത്തത്. സാക്ഷ്യപത്രം ലഭിച്ച ശേഷം ഇവരുടെ കാര്യത്തിൽ ജെഎൻയു എക്സിക്യൂട്ടീവ് കൗൺസിൽ അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ‌‌‌അക്കാദമിക് രംഗത്തെ മികവും രാജ്യാന്തര തലത്തിലെ പ്രശസ്തിയും പരിഗണിച്ചാണ് എമിരറ്റസ് പ്രഫസർ പദവി നൽകുന്നത്. ഇവർക്ക് സർവകലാശാലയിലെ അക്കാദമി സൗകര്യങ്ങൾ ഗവേഷണങ്ങൾക്കായി പ്രയോജനപ്പെടുത്താം. 

അതേസമയം, സർവ്വകലാശാലയിലെ ഇമെരിറ്റസ് പ്രൊഫസർമാരെ പദവിയിൽനിന്നു നീക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്ര മാനവശേഷി മന്ത്രാലയം രം​ഗത്തെത്തിയിരുന്നു. സർവ്വകലാശാല വൈസ് ചാൻസലർ ജഗദീഷ് കുമാറുമായി വിഷയം സംസാരിച്ചുവെന്നും ലോകം ആദരിക്കുന്ന അക്കാദമിക് വിദഗ്ധരുടെ എമിരറ്റസ് പദവി റദ്ദാക്കാൻ നീക്കമൊന്നുമില്ലെന്നും കേന്ദ്ര മാനവവിഭവ മന്ത്രാലയം സെക്രട്ടറി ആർ സുബ്രഹ്മണ്യവും വ്യക്തമാക്കി.