ഹോസ്റ്റൽ വിദ്യാർത്ഥികൾ സഹായം അഭ്യർത്ഥിച്ച് അയച്ച സന്ദേശങ്ങളും കിട്ടിയെന്ന് വ്യക്തമാക്കിയ ദില്ലി പൊലീസ് അക്രമം ആസൂത്രണം ചെയ്ത വാട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിൻമാർ 8 എബിവിപി ഭാരവാഹികളാണെന്ന് കൂട്ടിച്ചേര്‍ത്തു.
ദില്ലി: ജെഎൻയു ആക്രമണം ആസൂത്രണം ചെയ്തെന്ന് ആരോപിക്കുന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ ജെഎൻയു പ്രോക്റ്ററും അംഗം. പുറത്തു വന്ന സ്ക്രീൻ ഷോട്ടുകൾ കേന്ദ്രീകരിച്ചും അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍. ഫ്രണ്ട്സ് ഓഫ് ആര്‍എസ്എസ് എന്ന ഗ്രൂപ്പിലാണ് പ്രോക്റ്റർ ധനഞ്ജയ് സിംഗ് അംഗമായിരുന്നത്. 2004 ലെ യൂണിയൻ തെരഞ്ഞെടുപ്പ് എ ബി വി പി യുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയായിരുന്നു ധനഞ്ജയ് സിംഗ്. എന്നാല്‍ ഗ്രൂപ്പില്‍ നടന്ന ചർച്ചകളെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്ന് വിവേകാനന്ദ സിംഗ് പ്രതികരിക്കുന്നത്. താൻ ഗൂപ്പ് വിട്ടതായും പ്രോക്റ്റർ കൂട്ടിച്ചേര്‍ത്തു.
അക്രമണത്തിന് പിന്നാലെ പുറത്തു വന്ന സ്ക്രീൻ ഷോട്ടുകളും അവയിലെ മൊബൈൽ നമ്പറുകളും സംഘർഷ ദിവസത്തെ ടവർ ലോക്കേഷൻ കേന്ദ്രീകരിച്ചും അന്വേഷണത്തിലാണ് ധനഞ്ജയ് സിംഗിന് എതിരെയുള്ള കണ്ടെത്തല്‍. ഹോസ്റ്റൽ വിദ്യാർത്ഥികൾ സഹായം അഭ്യർത്ഥിച്ച് അയച്ച സന്ദേശങ്ങളും കിട്ടിയെന്ന് വ്യക്തമാക്കിയ ദില്ലി പൊലീസ് അക്രമം ആസൂത്രണം ചെയ്ത വാട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിൻമാർ 8 എബിവിപി ഭാരവാഹികളാണെന്ന് കൂട്ടിച്ചേര്‍ത്തു.ആക്രമണത്തിന് എത്തിയവർ ആശയ വിനിമയത്തിനായി കോഡ് ഭാഷയാണ് ഉപയോഗിച്ചതെന്നും പൊലീസ് വ്യക്തമാക്കി.
ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ മുഖം മൂടി ആക്രമണം നടന്നിട്ട് രണ്ട് ദിവസം കഴിഞ്ഞിട്ടും ആക്രമികളെ പിടികൂടാന്‍ ദില്ലി പൊലീസിന് സാധിച്ചിട്ടില്ല. കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയതായി ദില്ലി പൊലീസ് ഡിസിപി ദേവേന്ദ്ര ആര്യ അറിയിച്ചു. പ്രതികളെ തിരിച്ചറിയാനുള്ള അന്വേഷണം ആരംഭിച്ചതായും വേഗത്തിൽ അന്വേഷണം പൂർത്തിയാക്കുമെന്നും ഡിസിപി പറഞ്ഞു. ആക്രമണത്തിന് പൊലീസ് സഹായം നൽകിയെന്ന ആരോപണം നിലനിൽക്കെയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
അതേസമയം, സർവകലാശാലയുടെ ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനം തകരാറിലാക്കിയെന്ന പരാതിയിൽ യൂണിയൻ പ്രസിഡന്‍റ് ഐഷി ഘോഷ് അടക്കം 19 പേർക്കെതിരെ ദില്ലി പൊലീസ് കേസെടുത്തു. ജനുവരി നാലിന് ക്യാമ്പസിലെ സെർവർ റൂമിൽ നാശനഷ്ടം വരുത്തിയെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. സുരക്ഷ ഉദ്യാഗസ്ഥരെ ആക്രമിച്ചെന്നും എഫ്ഐർആറിൽ പറയുന്നു. സർവകലാശാല അധികൃതരാണ് പൊലീസിൽ പരാതി നൽകിയത്.
