ദില്ലി: ജവഹർലാൽ നെഹ്റു സർവകലാശാലയിലെ ഫീസ് വർദ്ധനയ്ക്ക് എതിരെയുള്ള സമരത്തിന്‍റെ പശ്ചാത്തലത്തിൽ ഒടുവിൽ പരിശോധനയ്ക്ക് വഴങ്ങി കേന്ദ്രസർക്കാർ. ഫീസ് വർദ്ധന പരിശോധിക്കാൻ ഉന്നതാധികാര സമിതിയെ നിയോഗിക്കുന്നതായി കേന്ദ്രമാനവവിഭവശേഷി മന്ത്രാലയം വ്യക്തമാക്കി. വിദ്യാർത്ഥിയൂണിയൻ പ്രതിനിധികളുമായി നാളെ എംഎച്ച്ആർഡി പ്രതിനിധികൾ ചർച്ച നടത്തും. ഇതിനിടെ, വിദ്യാർത്ഥികൾക്കെതിരെ കൂട്ടത്തോടെ വീണ്ടും ഗുരുതരമായ കുറ്റങ്ങൾ ചുമത്തി ദില്ലി പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു.

യുജിസി മുൻ ചെയർമാൻ പ്രൊഫ. വി എസ് ചൗഹാൻ, എഐസിടിഇ ചെയർമാൻ പ്രൊഫ. അനിൽ സഹസ്രബുദ്ധെ, യുജിസി സെക്രട്ടറി പ്രൊഫസർ രജനീഷ് ജയിൻ എന്നിവരാണ് ഉന്നതാധികാരസമിതി അംഗങ്ങൾ. നാളെ മാനവവിഭവശേഷി മന്ത്രാലയത്തിൽ വച്ച് നടക്കുന്ന ചർച്ചയിൽ പങ്കെടുക്കണമെന്ന് ജെഎൻയുഎസ്‍യു ചെയർമാൻ ഐഷി ഘോഷിന് ക്ഷണം ലഭിച്ചിട്ടുണ്ട്. 

ഇതിനിടെയാണ് ഗുരുതരമായ കുറ്റങ്ങൾ ചുമത്തി ജെഎൻയു വിദ്യാർത്ഥിയൂണിയൻ പ്രസിഡന്‍റ് അടക്കം നൂറ് കണക്കിന് വിദ്യാർത്ഥികൾക്കെതിരെ ദില്ലി പൊലീസ് വീണ്ടും കേസ് റജിസ്റ്റർ ചെയ്യുന്നത്. സംഘം ചേരൽ, ഗതാഗത തടസ്സം , പൊതുമുതൽ നശിപ്പിക്കൽ അടക്കമുള്ളവ ചേർത്താണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ലോധി റോഡ് പൊലീസ് സ്റ്റേഷനിലാണ് കേസുകൾ. 

സമരം തുടങ്ങി 23-ാം ദിവസം ജെഎൻയുവിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഒരു സംഘം ദേശീയമാധ്യമപ്രതിനിധികളും വിദ്യാർത്ഥികളുമായി വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. ഉച്ച തിരിഞ്ഞ് മൂന്നേകാലോടെ തുടങ്ങിയ വാർത്താ സമ്മേളനത്തിലേക്ക് ചില മാധ്യമപ്രവർത്തകർ യൂണിയൻ പ്രതിനിധികളുടെ പ്രസ്താവന തടസ്സപ്പെടുത്തുന്ന രീതിയിൽ ചോദ്യം ചെയ്തതിനെത്തുടർന്നാണ് നേരിയ സംഘർഷമുണ്ടായത്. ഇത്തരത്തിൽ വാർത്താസമ്മേളനം തടസ്സപ്പെടുത്തരുതെന്ന് മറ്റൊരുവിഭാഗം മാധ്യമപ്രവർത്തകരും ആവശ്യപ്പെട്ടു. തുടർന്ന് അൽപനേരം വാർത്താസമ്മേളനം തന്നെ തടസ്സപ്പെടുന്ന സ്ഥിതിയായി. വിദ്യാർത്ഥികൾ സംഘം ചേർന്ന് ഒരു വിഭാഗം മാധ്യമപ്രവർത്തകർക്കെതിരെ മുദ്രാവാക്യം വിളിച്ചു. 'ഗോദി മീഡിയ, ഗോ ബാക്ക്'. എന്നാൽ ചില ചോദ്യങ്ങൾക്ക് മാത്രം വിദ്യാർത്ഥിയൂണിയൻ പ്രതിനിധികൾ മറുപടി പറയുന്നില്ലെന്നായിരുന്നു ചില മാധ്യമപ്രവർത്തകരുടെ ആരോപണം. 

ഒടുവിൽ വാർത്താസമ്മേളനം തുടർന്നു. ഒക്ടോബർ 28-ന് ഹോസ്റ്റൽ ഫീസിലടക്കം എല്ലാ തരത്തിലും വൻതോതിൽ ഫീസ് വർദ്ധന വരുത്തിയ മാന്വൽ അടിയന്തരമായി പിൻവലിച്ച് പുനഃപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് യൂണിയൻ പ്രസിഡന്‍റ് ഐഷി ഘോഷ് ആവശ്യപ്പെട്ടു. വൈസ് ചാൻസലർ വിദ്യാർത്ഥി പ്രതിനിധികളോട് ചർച്ചയ്ക്ക് തയ്യാറാകണം. മാനവവിഭവശേഷി മന്ത്രാലയം നിയോഗിച്ച സമിതിയിലെ അംഗങ്ങളുമായി റജിസ്ട്രാർ പോലും ചർച്ചയ്ക്ക് തയ്യാറായിട്ടില്ല. ഇത്തരം നിലപാടുമായി ജെഎൻയു മുന്നോട്ടുപോയാൽ ഞങ്ങളെന്ത് ചെയ്യും? ചർച്ചയെങ്ങനെ മുന്നോട്ടുപോകും? - ഐഷി ഘോഷ് ചോദിക്കുന്നു. 

വിദ്യാർത്ഥികൾക്കെതിരെ ഗുരുതര കുറ്റങ്ങൾ ചുമത്തിയ എഫ്ഐആറുകൾ പൊലീസ് അടിയന്തരമായി പിൻവലിക്കണമെന്ന് ഐഷി ഘോഷ് ആവശ്യപ്പെട്ടു. ''വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് വേട്ടയാടുകയാണ് പൊലീസ് ചെയ്തത്. ക്രമസമാധാനപാലനമാണ് പൊലീസ് ചെയ്തതെങ്കിൽ സമാധാനപരമായി സമരം ചെയ്ത വിദ്യാർത്ഥികൾക്ക് ഇടയിലേക്ക് സിആർപിഎഫും പൊലീസും ഇരച്ചുകയറിയതെന്തിന്? അക്രമവും ലാത്തിച്ചാർജും അഴിച്ചുവിട്ടതെന്തിന്? വിദ്യാർത്ഥികളെ ചിതറിയോടിച്ചതെന്തിന്?'', ഐഷി ഘോഷ് ചോദിക്കുന്നു. 

ഫീസ് വർദ്ധന പൂർണമായും പിൻവലിക്കാതെ സമരത്തിൽ നിന്ന് പിൻമാറില്ലെന്ന് വിദ്യാർത്ഥിയൂണിയൻ വ്യക്തമാക്കി. ഇതിനായി മാനവവിഭവശേഷി മന്ത്രാലയം ഇടപെട്ട് കൃത്യമായ നിർദേശങ്ങൾ വൈസ് ചാൻസലർക്ക് നൽകണമെന്നും ഐഷി ആവശ്യപ്പെടുന്നു. ഇതനുസരിക്കാൻ വിസി ജഗ്ദിഷ് കുമാർ തയ്യാറായില്ലെങ്കിൽ അദ്ദേഹം രാജിവയ്ക്കണം - വിദ്യാർത്ഥിയൂണിയൻ വ്യക്തമാക്കി.

പോരാട്ടം ജെഎൻയുവിന് വേണ്ടി മാത്രമല്ല, വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള അവകാശത്തിനായിട്ടാണെന്ന് ജെഎൻയുഎസ്‍യു ജനറൽ സെക്രട്ടറി സതീഷ് ചന്ദ്രയാദവ് പറഞ്ഞു. ''രാജ്യത്തെ വിദ്യാഭ്യാസരംഗത്ത് നിന്ന് പാവപ്പെട്ടവരുടെയും കർഷകരുടെയും ദിവസക്കൂലിക്കാരായ തൊഴിലാളികളുടെയും മക്കളാണ് പുറത്താക്കപ്പെടുന്നത്. അത് ഒഴിവാക്കാനാണ് ഞങ്ങൾ സമരം ചെയ്യുന്നത്. ധനസ്ഥിതി അനുസരിച്ചല്ല രാജ്യത്തെ മികച്ച ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പ്രവേശനം കിട്ടാനുള്ള സാഹചര്യം ഉരുത്തിരിയേണ്ടത്. എന്നാൽ ഇന്നത്തെ കേന്ദ്രസർക്കാരിന് അതല്ല ശ്രദ്ധ. ജെഎൻയുവിൽ എന്തുകൊണ്ട് സൗജന്യവിദ്യാഭ്യാസം നൽകുന്നു, മിതമായ നിരക്കിൽ വിദ്യാഭ്യാസം നൽകുന്നു എന്നല്ല ചോദിക്കേണ്ടത്. നിങ്ങളുടെ വിദ്യാഭ്യാസസ്ഥാപനത്തിൽ അത് എന്തുകൊണ്ട് നൽകുന്നില്ല എന്ന് ചോദിക്കൂ. വിദ്യാഭ്യാസം, മിതമായ നിരക്കിൽ ലഭിക്കേണ്ടത് നമ്മുടെ അവകാശമാണ്. നമ്മളത് നേടും'', എന്ന് സതീഷ് ചന്ദ്രയാദവ്.

കാഴ്ചാപരിമിതിയുള്ള വിദ്യാർത്ഥിയോടും അക്രമം

അതേസമയം, തിങ്കളാഴ്ച രാത്രിയോടെ ജെഎൻയുവിൽ നടന്ന സമരത്തിനിടെ ലൈറ്റുകളണച്ച് വിദ്യാർത്ഥികളെ ലാത്തിച്ചാർജ് ചെയ്ത പൊലീസ് നടപടിയ്ക്ക് എതിരെ പ്രതിഷേധം ശക്തമായി. കാഴ്ചാപരിമിതിയുള്ള ശശിഭൂഷൻ എന്ന, ജെഎൻയുഎസ്‍യുവിന്‍റെ സ്കൂൾ ഓഫ് സോഷ്യൽ സയൻസസിലെ കൗൺസിലർ കൂടിയായ വിദ്യാർത്ഥി കണ്ണട ഊരി അന്ധനാണെന്ന് പല തവണ വിളിച്ചു പറഞ്ഞിട്ടും പൊലീസ് കൈയേറ്റം ചെയ്യുകയും, പിടിച്ച് വലിച്ചിഴച്ച് കൊണ്ടുപോവുകയും ചെയ്യുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 

ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട ശശിഭൂഷൻ പറയുന്നതിങ്ങനെ: ''അന്ധനായ നീ എന്തിനാണ് സമരം ചെയ്യുന്നതെന്ന് ചോദിച്ചാണ് പൊലീസ് എന്നെ തല്ലിയത്. എന്നെ മാത്രമല്ല, എന്‍റെ കാഴ്ചാപരിമിതിയെക്കൂടിയാണ് അവർ കളിയാക്കിയത്. എന്നെ അപമാനിക്കുകയായിരുന്നു അവർ. സർക്കാരിനെ ചോദ്യം ചെയ്യാൻ എല്ലാവർക്കും അവകാശമുണ്ട്. അനീതിയ്ക്ക് എതിരെ ഞാൻ ഇനിയും നിലകൊള്ളും. അന്യായമായ ഫീസ് വർധന പിൻവലിക്കണം''. 

അതേസമയം, ജെഎൻയുവിലെ വിദ്യാർത്ഥികൾക്കെതിരെ സർവകലാശാല തന്നെ ദില്ലി ഹൈക്കോടതിയിൽ ഹർജി നൽകി. സർവകലാശാലയുടെ നൂറ് മീറ്റർ ചുറ്റളവിൽ സമരം ചെയ്ത് അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിന്‍റെ പ്രവർത്തനം തടസ്സപ്പെടുത്തുന്നത് ഹൈക്കോടതി ഉത്തരവിന്‍റെ ലംഘനമാണെന്നും കോടതിയലക്ഷ്യത്തിന് വിദ്യാർത്ഥികൾക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടാണ് സർവകലാശാലയുടെ ഹർജി.