Asianet News MalayalamAsianet News Malayalam

ജെഎൻയുവിൽ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് വൈകുന്നതിനെതിരെ സംഘടനകൾ സമരത്തിലേക്ക്

തെരഞ്ഞെടുപ്പ് നടന്നാൽ അക്കാദമിക് കൗൺസിൽ, ബോർഡ് ഓഫ് സ്റ്റഡീസ് ഉൾപ്പെടെ സർവകലാശാലയുടെ നയപരമായ തീരുമാനങ്ങൾ എടുക്കുന്ന ഘടകങ്ങളിൽ വിദ്യാർത്ഥി പ്രതിനിധികൾ എത്തും

JNU students union election delayed kgn
Author
First Published Sep 16, 2023, 6:50 AM IST

ദില്ലി: ജെഎൻയു വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് വൈകുന്നതിൽ പ്രതിഷേധം ശക്തമാക്കി വിദ്യാർത്ഥി സംഘടനകൾ. നാല് വർഷമായി മുടങ്ങി കിടക്കുന്ന തെരഞ്ഞെടുപ്പ് ഈ വർഷവും നടത്താതിരിക്കാനുള്ള നീക്കമാണ് അധികൃതർ നടത്തുന്നതെന്നാണ് വിദ്യാർത്ഥി സംഘടനകളുടെ ആരോപണം. തിങ്കളാഴ്ച ക്യാമ്പസില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.

ജെഎൻയുവിലെ ഒരോ തെരഞ്ഞെടുപ്പും ദേശീയ മാധ്യമങ്ങളിലടക്കം വലിയ പ്രാധാന്യം നേടുന്നത് പതിവാണ്. വിദ്യാർത്ഥികൾ തന്നെ നേരിട്ട് നടത്തുന്ന തെരഞ്ഞെടുപ്പ് രാജ്യത്തെ ക്യാമ്പസുകളിലെ വലിയ ആഘോഷങ്ങളിൽ ഒന്നാണ്. 2019 ലാണ് ജെഎൻയുവിൽ അവസാനമായി തെരഞ്ഞെടുപ്പ് നടന്നത്. പിന്നീട് കൊവിഡിനെ തുടർന്നുള്ള നിയന്ത്രണങ്ങൾ വന്നതോടെ ക്യാമ്പസിൽ തെരഞ്ഞെടുപ്പ് നടന്നില്ല. കഴിഞ്ഞ വർഷം തെരഞ്ഞെടുപ്പ് നടത്താനുള്ള ചർച്ചകൾ നടന്നെങ്കിലും പ്രവേശന നടപടികൾ പൂർത്തിയാകാത്തതിനാൽ നടത്തിയില്ല. ഈ അധ്യയനവർഷ തെരഞ്ഞെടുപ്പ് നടത്താൻ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വിദ്യാർത്ഥികളെ അറിയിച്ചിരുന്നു. യുജി - പിജി പ്രവേശന നടപടികൾ പൂർത്തിയായതോടെ ഈക്കാര്യം വിദ്യാർത്ഥി സംഘടനകൾ ഉന്നയിച്ചു. എന്നാൽ പിഎച്ച്ഡി പ്രവേശനം കൂടി കഴിഞ്ഞുമതി തെരഞ്ഞെടുപ്പെന്നാണ് സര്‍വകലാശാലയുടെ നിലപാടെന്ന് വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍ പറയുന്നു.

തെരഞ്ഞെടുപ്പ് നടന്നാൽ അക്കാദമിക് കൗൺസിൽ, ബോർഡ് ഓഫ് സ്റ്റഡീസ് ഉൾപ്പെടെ സർവകലാശാലയുടെ നയപരമായ തീരുമാനങ്ങൾ എടുക്കുന്ന ഘടകങ്ങളിൽ വിദ്യാർത്ഥി പ്രതിനിധികൾ എത്തും. ക്യാമ്പസ് അരാഷ്ട്രീയ വത്ക്കരണത്തിനാണ് വിസി ഉൾപ്പെടെയുള്ളവരുടെ നീക്കമെന്ന ആരോപണമാണ് വിദ്യാർത്ഥി സംഘടനകൾ ശക്തമാക്കുന്നത്. ദില്ലി സർവകലാശാലയിൽ അടക്കം യൂണിയൻ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോഴാണ് ജെഎൻയുവിൽ തെരഞ്ഞെടുപ്പിനായി വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധിക്കുന്നത്.

Asianet News | Nipah Virus | Nipah Virus Kerala | Asianet News Live

Follow Us:
Download App:
  • android
  • ios