കഫേയിൽ യുവതി ഒരു ഡ്രിങ്ക് ഓർഡർ ചെയ്തപ്പോള്‍ അര്‍ചിത് ഒരു റെഡ് ബുൾ തിരഞ്ഞെടുത്തു. ബില്ല് വന്നപ്പോഴാണ് അര്‍ചിത് ഞെട്ടിയത്. ഒരു ഹുക്ക, ഒന്നിലധികം ഗ്ലാസ് വൈൻ, ഒരു വോഡ്ക ഷോട്ട്, ചിക്കൻ ടിക്ക, ഒരു വാട്ടർ ബോട്ടിൽ എന്നിവയുള്‍പ്പെടെ 15,886 രൂപയാണ് ബില്‍ ആയത്.

ദില്ലി: ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട യുവതിയുമായി കഫേയില്‍ പോയ മാധ്യമപ്രവ‍ർത്തകന് കിട്ടിയത് എട്ടിന്‍റെ പണി. ബംബിള്‍ ആപ്പ് വഴി പരിചയപ്പെട്ട യുവതി കബളിപ്പിച്ചതിനെ കുറിച്ച് അര്‍ചിത് ഗുപ്ത എന്നയാളാണ് എക്സില്‍ വിവരിച്ചത്. ആദ്യ ഡേറ്റിനായി രജൗരി ഗാർഡനിലെ റേസ് ലോഞ്ച് ആൻഡ് ബാറിൽ പോകാമെന്നാണ് യുവതി പറഞ്ഞത്. ഇവിടെ പോകാൻ താത്പര്യമില്ലെങ്കിലും ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ പ്രശ്നമുണ്ടാകാതിരിക്കാനായി അര്‍ചിത് സമ്മതം മൂളി.

കഫേയിൽ യുവതി ഒരു ഡ്രിങ്ക് ഓർഡർ ചെയ്തപ്പോള്‍ അര്‍ചിത് ഒരു റെഡ് ബുൾ തിരഞ്ഞെടുത്തു. ബില്ല് വന്നപ്പോഴാണ് അര്‍ചിത് ഞെട്ടിയത്. ഒരു ഹുക്ക, ഒന്നിലധികം ഗ്ലാസ് വൈൻ, ഒരു വോഡ്ക ഷോട്ട്, ചിക്കൻ ടിക്ക, ഒരു വാട്ടർ ബോട്ടിൽ എന്നിവയുള്‍പ്പെടെ 15,886 രൂപയാണ് ബില്‍ ആയത്. അവിശ്വസനീയമായി തോന്നിയെങ്കിലും അര്‍ചിത് ബില്ലടച്ചു. മെഷീൻ തകരാറിലായതിനാൽ വെയിറ്റർ നാല് തവണയാണ് കാര്‍ഡ് ഉരച്ചത്. ശുചിമുറിയില്‍ പോയി തിരിച്ച് എത്തിയപ്പോള്‍ തീൻമേശയില്‍ ബില്ല് ഉണ്ടായിരുന്നില്ല.

സഹോദരനൊപ്പം പോവുകയാണെന്ന് പറഞ്ഞ് യുവതി അതിവേഗം മടങ്ങുകയും ചെയ്തു. പിന്നീട് യുവതി ഫോൺ കോളുകള്‍ക്കും മെസേജുകള്‍ക്കുമൊന്നും മറുപടി നല്‍കിയില്ലെന്ന് അര്‍ചിത് കുറിച്ചു. ഇതോടെയാണ് താൻ കബളിപ്പിക്കപ്പെട്ടെന്ന് അര്‍ചിതിന് മനസിലായത്. രജൗരി ഗാർഡന് ചുറ്റുമുള്ള നിരവധി കഫേകളിലും ക്ലബ്ബുകളിലും ഇത്തരം തട്ടിപ്പുകൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ചില കഫേകൾ ബംബിളിലുള്ള യുവതികളുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന വിവരവും അദ്ദേഹം പങ്കുവെച്ചു. ഭീഷണിപ്പെടുത്തി കാശ് വാങ്ങാൻ ചില കഫേകളില്‍ ബൗൺസമാര്‍ വരെയുണ്ട്. ഈ തട്ടിപ്പുകള്‍ക്കെതിരെ ദില്ലി പൊലീസ് നടപടിയെടുക്കണമെന്നും അര്‍ചിത് ഗുപ്ത ആവശ്യപ്പെട്ടു. 

ഇവിടുത്തെ പോലെ അവിടെയും! കോട്ടയത്തെ ഇരുമ്പ് തൂണുകൾ ഓര്‍ത്ത് പോകും, തുരുമ്പെടുത്ത് മറ്റൊരു ആകാശപ്പാത

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്