ദില്ലി: സൈനിക വിവരങ്ങള്‍ ചോര്‍ത്തിയെന്നാരോപിച്ച് ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത സംഭവത്തിന് പിന്നാലെ മാധ്യമപ്രവര്‍ത്തകന് വിവരങ്ങള്‍ ചോര്‍ത്താന്‍ പണം നല്‍കിയവരും പിടിയില്‍. രാജ്യത്തെ തന്ത്രപ്രധാനമായ പ്രതിരോധ രഹസ്യങ്ങൾ ചൈനീസ് ഇന്റലിജൻസിന് ചോർത്തി നല്‍കാന്‍ പണം നല്‍കിയ  ചൈനീസ് യുവതിയും കൂട്ടാളിയായ നേപ്പാൾ പൗരനുമാണ് ദില്ലി പൊലീസിന്‍റെ പിടിയിലായത്.

ദില്ലിയില്‍ അറസ്റ്റിലായ സ്വതന്ത്ര മാധ്യമപ്രവർത്തകൻ രാജീവ് ശർമ്മയ്ക്ക് വിവരം ചോർത്തുന്നതിന് പ്രതിഫലം നൽകിയവരാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു. തന്ത്രപ്രധാനമായ പ്രതിരോധ രഹസ്യങ്ങൾ ചൈനീസ് ഇന്റലിജൻസിന് ചോർത്തിനൽകിയതിന് രാജീവ് ശർമയ്ക്ക് വലിയ തോതിൽ പണം ലഭിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പിടിയിലായ ചൈനീസ് യുവതിയും  കൂട്ടാളിയുമാണ് ചില ഷെൽ കമ്പനികൾ വഴി ഇയാൾക്ക് പണം നൽകിയിരുന്നത്. 

പ്രതികളിൽ നിന്ന് നിരവധി മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും മറ്റുചില തന്ത്രപ്രധാനമായ രേഖകളും പിടിച്ചെടുടുത്തു.
 ചൈനീസ്  ഇന്റലിജൻസിന്‍റെ നിര്‍ദ്ദേശപ്രകകാരമാണ് യുവതി മാധ്യമപ്രവര്‍ത്തകന് പണം നല്‍കിയതെന്നാണ്  കണ്ടെത്തല്‍. 
വലിയ തുക നൽകുന്നതിന് പകരം തന്ത്രപ്രധാനമായ വിവരങ്ങൾ കൈമാറണമെന്നാണ് ചൈനീസ്  ഇന്റലിജൻസ് മാധ്യമപ്രവർത്തകനോട് ആവശ്യപ്പെട്ടിരുന്നത്. 

സൈനിക വിവരങ്ങള്‍ ചോര്‍ത്തിയെന്നാരോപിച്ച് കഴിഞ്ഞ ദിവസമാണ് ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകന്‍ സ്‌പെഷ്യല്‍ സെല്ലിന്റെ പിടിയിലാകുന്നത്. ഇയാളെ കോടതി ആറ് ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ദില്ലി പിതംബുരയിലാണ് ഇയാളുടെ വീട്. ഇദ്ദേഹത്തില്‍ നിന്ന് പ്രതിരോധ സംബന്ധമായ അതീവ രഹസ്യസ്വഭാവമുള്ള രേഖകള്‍ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. കൂടുതല്‍ അന്വേഷണം നടക്കുകയാണ് വിവരങ്ങള്‍ പിന്നീട് പുറത്തുവിടുമെന്നും പൊലീസ് അറിയിച്ചു. ഇയാല്‍ ഫ്രീന്‍ലാന്‍സായിട്ടാണ് ജോലി ചെയ്യുന്നത്.