മുംബെെ: നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്ത് അച്ഛേ ദിന്‍ (നല്ല ദിനങ്ങള്‍) തിരിച്ചു കൊണ്ടുവന്നുവെന്ന് ബിജെപി വര്‍ക്കിംഗ് പ്രസിഡന്‍റ്  ജെ പി നദ്ദ. മോദി സര്‍ക്കാരിന്‍റെ കീഴില്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം വലിയ മാറ്റമാണ് രാജ്യത്തുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് രഹിത ഭാരതമാണ് ബിജെപി ലക്ഷ്യമിടുന്നത്. അഴിമതി ഇല്ലാത്ത രാജ്യമെന്നാണ് അത് അര്‍ത്ഥമാക്കുന്നത്. 2014ല്‍ അച്ഛേ ദിന്‍ വരുമെന്നും രാജ്യം മാറുമെന്നുമായിരുന്നു ബിജെപിയുടെ മുദ്രാവാക്യങ്ങള്‍. ഇപ്പോള്‍ രാജ്യം മാറിയെന്നും നല്ല ദിനങ്ങള്‍ തിരിച്ചു വന്നുവെന്ന് ജനങ്ങളെ അറിയിക്കണമെന്നും മഹാരാഷ്ട്ര സംസ്ഥാന നിര്‍വാഹക സമിതി യോഗത്തില്‍ അദ്ദേഹം പറഞ്ഞു.

ആരോഗ്യം, ദാരിദ്ര്യം, കൃഷി, ഗ്രാമ വികസനം എന്നീ മേഖലകളിലെ മോദി സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും നദ്ദ ഊന്നി പറഞ്ഞു. രാജ്യത്തെ രാഷ്ട്രീയ സംസ്കാരത്തെ തന്നെ മോദി മാറ്റിമറിച്ചു. വോട്ട് ബാങ്കിനെയും ജാതി രാഷ്ട്രീയത്തെയും തകര്‍ത്ത വിജയമാണ്  2014ലും 2019ലും മോദി നേടിയത്.

ആഗോളപരമായി വീക്ഷിക്കുകയും തദ്ദേശീയമായി അത് നടപ്പാക്കുകയും ചെയ്യുകയാണ് മോദി. ഇപ്പോള്‍ ഇവിടെയുള്ളവരും ഇന്ത്യന്‍ വേരുകളുമായി വിദേശത്തുള്ളവരും ഇന്ത്യക്കാര്‍ എന്ന നിലയില്‍ ഇപ്പോള്‍ ഏറെ അഭിമാനിക്കുകയാണെന്നും നദ്ദ പറഞ്ഞു.