മറ്റൊരു കാറിലെത്തിയ സംഘമാണ് ഇയാളുടെ ഹ്യൂണ്ടായ് ക്രെറ്റയുടെ സെക്യൂരിറ്റി സംവിധാനം ഹാക്ക് ചെയ്ത് മിനിറ്റുകൾക്കുള്ളിൽ ഓടിച്ചുകൊണ്ടുപോയത്.

ന്യൂഡൽഹി: വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാർ അജ്ഞാത സംഘം നിസ്സാരമായി മോഷ്ടിച്ചുകൊണ്ടു പോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ട് ഉടമ. മോഷണം തടയാനുള്ള സുരക്ഷാ സംവിധാനമൊക്കെയുള്ള തന്റെ കാർ കൊണ്ടുപോകാൻ കള്ളന്മാർക്ക് വേണ്ടിവന്നത് വെറും 60 സെക്കന്റ് മാത്രമായിരുന്നെന്ന് ആരോപിക്കുന്ന അദ്ദേഹം ഈ കാർ വാങ്ങാൻ പോകുന്നവരൊക്കെ രണ്ടാമത് ഒന്നുകൂടി ആലോചിക്കണമെന്ന മുന്നറിയിപ്പും നൽകുന്നുണ്ട്. മറ്റൊരു കാറിലെത്തിയ സംഘമാണ് ഇയാളുടെ ഹ്യൂണ്ടായ് ക്രെറ്റയുടെ സെക്യൂരിറ്റി സംവിധാനം ഹാക്ക് ചെയ്ത് മിനിറ്റുകൾക്കുള്ളിൽ ഓടിച്ചുകൊണ്ടുപോയത്.

റിഷഭ് ചൗഹാൻ എന്നയാളാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തത്. ജൂൺ 21ന് തന്റെ വീടിന് പുറത്ത് പാർക്ക് ചെയ്തിരിക്കുകയായിരുന്നു. പുലർച്ചെ 4.50ഓടെ മറ്റൊരു കാറിൽ ഏതാനും പേരുടെ സംഘമെത്തി തൊട്ടടുത്ത് കാർ നിർത്തി. ആദ്യം ഒരാൾ ഇറങ്ങിവന്ന് കാറിന്റെ ഡ്രൈവർ സൈഡിലെ ഗ്ലാസ് പെട്ടെന്ന് തകർത്ത ശേഷം കാറിൽ കയറുകയും വാഹനം ഓടിച്ചുപോവുകയും ചെയ്തു. പിന്നീട് മിനിറ്റുകൾക്ക് ശേഷം വീണ്ടും അതേ കാർ സ്ഥലത്തെത്തുന്നു. ഇത്തവണ മാസ്ക് ധരിച്ച മറ്റൊരാൾ പുറത്തിറങ്ങി ടാബ്‍ലെറ്റ് ഉപകരണം വാഹനത്തിനടുത്തേക്ക് കൊണ്ടുവന്ന് സെക്യൂരിറ്റി സംവിധാനം ഹാക്ക് ചെയ്യുന്നു. തുടർന്ന് കാർ ഡോർ തുറക്കുകയും അകത്ത് കയറി ഓടിച്ച് പോവുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്.

സംഭവത്തിൽ പരാതി നൽകിയത് അനുസരിച്ച് അന്വേഷണം പുരോഗമിക്കുന്നുവെന്ന് പറഞ്ഞ് പൊലീസിൽ നിന്ന് ലഭിച്ച ഇ-മെയിൽ സന്ദേശത്തിന്റെ സ്ക്രീൻഷോട്ടും വീഡോയ്ക്ക് ഒപ്പമുണ്ട്. വീടിന് പുറത്ത് നിർത്തിയിടാൻ പറ്റാത്ത കാറാണിതെന്നും ഇതിന്റെ സുരക്ഷാ സംവിധാനങ്ങൾ ഹാക്ക് ചെയ്യപ്പെടുകയോ ചോരുകയോ ചെയ്തിട്ടുണ്ടെന്നും ഉടമ ആരോപിക്കുന്നു. ഒരു മിനിറ്റിൽ താഴെ സമയം കൊണ്ട് ഈ സുരക്ഷാ സംവിധാനങ്ങളെയൊക്കെ മറികടന്ന് കാറുമായി മോഷ്ടാക്കൾ രക്ഷപ്പെട്ട് ഇതിന്റെ തെളിവാണെന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്. പൊലീസിന് ഇതുവരെ ഈ വാഹനം കണ്ടെത്താൻ സാധിച്ചിട്ടില്ല. ഡൽഹിയിലെ അവസ്ഥ ഇയാണെങ്കിൽ രാജ്യത്തെ മറ്റ് സ്ഥലങ്ങളിൽ എന്തായാരിക്കുമെന്ന് ഊഹിക്കാമല്ലോ അന്നും അദ്ദേഹം ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നുണ്ട്.

View post on Instagram