ദില്ലി: സുപ്രീംകോടതിയിൽ വീണ്ടും സീനിയോറിറ്റി തർക്കം. സീനിയോറിറ്റി മറികടന്ന് പുതിയ ജഡ്ജിമാരെ തീരുമാനിച്ചതിനെച്ചൊല്ലിയാണ് പരാതി. രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് രവീന്ദ്ര ഭട്ടിനെ സുപ്രീംകോടതി ജഡ്ജിയാക്കാനുള്ള ശുപാര്‍ശ സീനിയോറിറ്റി മറികടന്നെന്ന് ജസ്റ്റിസ് സഞ്ജൻ കിഷൻ കൗൾ ചീഫ് ജസ്റ്റിസിന് കത്ത് നൽകി. ഇത് രണ്ടാംതവണയാണ് സീനിയോറിറ്റി പ്രശ്നത്തിൽ ജസ്റ്റിസ് കൗൾ ചീഫ് ജസ്റ്റിസിന് കത്തുനൽകുന്നത്.

രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വി രാമസുബ്രഹ്മണ്യം, ചണ്ഡീഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കൃഷ്ണ മുരാരി, കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ് എന്നിവരെയാണ് സുപ്രീം കോടതി ജ‍ഡ്ജിമാരാക്കാൻ കൊളീജിയം ശുപാർശ ചെയ്തത്. ഇതിന് പിന്നാലെയാണ് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ പരാതിയുമായി രംഗത്തെത്തിയത്.

സീനിയോറിറ്റി അനുസരിച്ച് രവീന്ദ്ര ഭട്ടിനെ സുപ്രീം കോടതി ജ‍ഡ്ജിയാക്കുന്നതിന് മുമ്പ് ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രദീപ് നന്ദ്രജോഗിനെയായിരുന്നു പരിഗണിക്കേണ്ടിയിരുന്നതെന്ന് ആഗസ്റ്റ് 29ന് ജസ്റ്റിസ് കൗൾ ചീഫ് ജസ്റ്റിസിനയച്ച കത്തിൽ പറയുന്നു. നേരത്തെ ദില്ലി ഹൈക്കോടതി ജഡ‍്ജിയായിരുന്ന സഞ്ജീവ് ഖന്നയെ സീനിയോറിറ്റി മറികടന്ന് സുപ്രീം കോടതി ജ‍ഡ്ജിയാക്കുവാൻ കൊളീജിയം ശുപാർശ ചെയ്തപ്പോഴും ജസ്റ്റിസ് കൗൾ എതിർപ്പറിയിച്ച് കത്ത് നൽകിയിരുന്നു. അന്ന് കത്ത് പരിഗണിക്കാതെ കൊളീജിയം ശുപാർശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. 

2004ലാണ് ജസ്റ്റിസ് രവീന്ദ്ര ഭട്ട് ഹൈക്കോടതി ജഡ്ജിയാകുന്നത്. എന്നാൽ 2002ൽ പ്രതീപ് നന്ദ്രജോഗ് ഹൈക്കോടതി ജഡ്ജിയായിട്ടുണ്ട്. സുപ്രീംകോടതി ജഡ്ജിയാകാൻ ജസ്റ്റിസ് രവീന്ദ്ര ഭട്ട് യോഗ്യനാണെങ്കിലും രണ്ട് വര്‍ഷത്തെ സീനിയോറിറ്റി മറകടന്നുവെന്ന് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ ചൂണ്ടിക്കാട്ടുന്നു. ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കാത്തതിനെ വിമര്‍ശിച്ച് ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ഉൾപ്പടെയുള്ളവര്‍ ജസ്റ്റിസ് ദീപക് മിശ്രയുടെ കാലത്ത് വലിയ പ്രതിഷേധങ്ങൾ ഉയര്‍ത്തിയിരുന്നു. കോടതി നടപടികൾ നിര്‍ത്തിവെച്ച് അന്ന് മുതിര്‍ന്ന ജഡ്ജിമാര്‍ വാര്‍ത്ത സമ്മേളനം നടത്തിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചു. പ്രതിഷേധത്തിൽ പങ്കെടുത്ത ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ചീഫ് ജസ്റ്റിസായി മാറിയെങ്കിലും സീനിയോറിറ്റി പ്രശ്നങ്ങൾ തീരുന്നില്ല.