പ്രധാന സ്ഥാനം തന്നില്ലെങ്കിൽ പാർട്ടി വിടുമെന്ന് കെസിആറിന് മുന്നറിയിപ്പ് നൽകിയതായി സൂചന. ബിആർഎസ് വർക്കിംഗ് പ്രസിഡന്‍റ് സ്ഥാനമാണ് കെ കവിത ആവശ്യപ്പെടുന്നത്.
ബെംഗളൂരു: തെലുങ്കാന മുൻ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ കെ ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ കവിത ബിആർഎസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കുമെന്ന് അഭ്യൂഹം. പ്രധാന സ്ഥാനം തന്നില്ലെങ്കിൽ പാർട്ടി വിടുമെന്ന് കെസിആറിന് മുന്നറിയിപ്പ് നൽകിയതായി സൂചന. ബിആർഎസ് വർക്കിംഗ് പ്രസിഡന്‍റ് സ്ഥാനമാണ് കെ കവിത ആവശ്യപ്പെടുന്നത്. നിലവിൽ ബിആർഎസ് വർക്കിംഗ് പ്രസിഡന്‍റ് കവിതയുടെ സഹോദരൻ കെടിആർ ആണ്. അച്ഛന് എഴുതിയ വ്യക്തിപരമായ കത്ത് പുറത്ത് പോയതിൽ കവിതയ്ക്ക് കടുത്ത അതൃപ്തിയുണ്ട് എന്നാണ് വിവരം. പ്രശ്നങ്ങൾ ഉന്നയിച്ചിട്ട് പോലും സഹോദരൻ കെടിആർ പ്രശ്നപരിഹാരത്തിന് കവിതയെ സമീപിച്ചില്ല. രാവിലെ കെ കവിത തെലങ്കാനയിലെ പ്രമുഖ മാധ്യമപ്രവർത്തകരുമായി അനൗദ്യോഗിക കൂടിക്കാഴ്ച നടത്തിയിരുന്നു. പാർട്ടിയിൽ അർഹമായ സ്ഥാനം ലഭിക്കുന്നില്ലെന്ന കടുത്ത അതൃപ്തിയിലാണ് കവിത. തന്‍റെ അഭിപ്രായങ്ങൾ കേട്ടില്ലെങ്കിൽ ബിആർഎസ് വിടാനാണ് കവിത ആലോചിക്കുന്നത്.
കെസിആറിന് എഴുതിയതെന്ന പേരിൽ പുറത്ത് വന്ന കത്ത് തന്‍റേത് തന്നെയെന്ന് മകളും ബിആർഎസ് കൗൺസിലറുമായ കെ കവിത നേരത്തെ വെളിപ്പെടുത്തിയിരുന്നു. വ്യക്തിപരമായി എഴുതിയ കത്ത് എങ്ങനെ പുറത്ത് വന്നു എന്നറിയില്ലെന്നും അതിൽ വേദനയുണ്ടെന്നും കെ കവിത പറഞ്ഞിരുന്നു. കെസിആർ ചില പിശാചുക്കൾക്കിടയിലാണ് ജീവിക്കുന്നതെന്നും അവർ പാർട്ടിയിൽ ഭിന്നതയുണ്ടാക്കാൻ ശ്രമിക്കുന്നുവെന്നും കവിത കുറ്റപ്പെടുത്തി. കത്ത് പുറത്ത് വന്നത് പാർട്ടിക്കുള്ളിൽ നിന്ന് തന്നെയാണെന്നും അതിൽ ആഭ്യന്തര അന്വേഷണം വേണമെന്നും കവിത ആവശ്യപ്പെട്ടിരുന്നു. പ്രതിസന്ധിയിൽ തന്‍റെ കുടുംബവും പാർട്ടിയും ഒന്നിച്ചാണ് നിൽക്കുന്നതെന്നും ഭിന്നതയില്ലെന്നും പറയുന്ന കവിത, കെസിആർ അല്ലാതെ മറ്റൊരു നേതാവിനെക്കുറിച്ച് പാർട്ടിക്ക് ആലോചിക്കാൻ പോലും കഴിയില്ലെന്നും നേരത്തെ പറഞ്ഞിരുന്നു. പാർട്ടി അധ്യക്ഷപദവി മകൻ കെടിആറിനെ ഏൽപിച്ച് കെസിആർ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹം ശക്തമായതോടെയാണ് കവിതയുടെ കത്ത് പുറത്ത് വന്നതെന്നതും ശ്രദ്ധേയമാണ്.


