കമല്‍ നാഥും സഞ്ജയ് ഗാന്ധിയും പണം നല്‍കി, ഭിന്ദ്രന്‍വാലയുമായി ബന്ധപ്പെട്ട് പുതിയ വാദവുമായി മുന്‍ റോ ഉദ്യോഗസ്ഥൻ
അന്നത്തെ രാഷ്ട്രീയ നേതൃത്വം ഹിന്ദുക്കളെ ഭയപ്പെടുത്താനായി ഭിന്ദ്രന്‍വാലയെ ഉപയോഗിച്ചെന്നാണ് സിദ്ദു ആരോപിക്കുന്നത്

ദില്ലി: 1984 ജൂണ്‍ ആറിന് പഞ്ചാബിലെ സുവര്‍ണ ക്ഷേത്രത്തില്‍ നടത്തിയ ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍ നീക്കത്തില്‍ കൊല്ലപ്പെട്ട ഭീകരവാദിയായ ഭിന്ദ്രന്‍വാലയുമായി ബന്ധപ്പെട്ട് പുതിയ വാദവുമായി മുന്‍ റോ ഉദ്യോഗസ്ഥന്‍. കോണ്‍ഗ്രസ് നേതാവ് കമല്‍ നാഥും ഇന്ദിരാ ഗാന്ധിയുടെ മകനും മുന്‍ എംപിയുമായ സഞ്ജയ് ഗാന്ധിയും അടക്കമുള്ളവര്‍ ഭീകരവാദി ജര്‍ണൈല്‍ സിംഗ് ഭിന്ദ്രന്‍വാലയ്ക്ക് പണം നല്‍കിയിട്ടുണ്ടെന്ന ഗുരുതര ആരോപണമാണ് മുന്‍ റോ ഉദ്യാഗസ്ഥന്‍ ജിബിഎസ് സിദ്ദു നടത്തിയിരിക്കുന്നത്.
എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സിദ്ദുവിന്റെ അവകാശവാദം. അന്നത്തെ രാഷ്ട്രീയ നേതൃത്വം ഹിന്ദുക്കളെ ഭയപ്പെടുത്താനായി ഭിന്ദ്രന്‍വാലയെ ഉപയോഗിച്ചെന്നാണ് സിദ്ദു ആരോപിക്കുന്നത്. ഭിന്ദ്രന്‍വാലയെ ഖലിസ്ഥാന്‍ ഭീകരവാദിയായി ഒരു പുതിയ പ്രശ്നമായ ഉയര്‍ത്തിക്കാണിച്ച് ആ കാലത്തുണ്ടായിരുന്നു മറ്റ് പ്രശ്നങ്ങളെ അടിച്ചൊതുക്കുന്ന രീതിയാണ് രാഷ്ട്രീയക്കാര്‍ പ്രയോഗിച്ചതെന്നും സിദ്ദു അവകാശപ്പെടുന്നു. ഖലിസ്ഥാന്‍ എന്ന അന്നില്ലാത്ത പ്രശ്നം ഉണ്ടെന്ന് അവതരിപ്പിച്ചതിലൂടെ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വലിയൊരു ഭീഷണിയുണ്ടെന്ന നിലയില്‍ രാജ്യത്തെ വലിയൊരു വിഭാഗം ആളുകള്‍ ചിന്തിക്കുന്ന രീതിയില്‍ പ്രചാരണം നടന്നുവെന്നാണ് അവകാശവാദം. ഉന്നത പ്രൊഫൈലുള്ള എന്തും ചെയ്യാന്‍ കഴിയുന്ന ഒരു പണ്ഡിതനെ തെരഞ്ഞെടുക്കുന്നത് ഇത്തരത്തിലാണ്.
ഈ സമയത്ത് കാനഡയിലായിരുന്നു താന്‍ ജോലി ചെയ്തിരുന്നതെന്നും സിദ്ദു പറഞ്ഞു. കമല്‍നാഥും സഞ്ജയ് ഗാന്ധിയും ഭിന്ദ്രന്‍വാലയ്ക്ക് പണം അയച്ചിരുന്നതായും സിദ്ദു വെളിപ്പെടുത്തി. ഭിന്ദ്രന്‍വാല ഒരിക്കല്‍ പോലും ഖലിസ്ഥാന് വേണ്ടി വാദിച്ചിരുന്നില്ലെന്നും സിദ്ദു പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം