ഭോപ്പാല്‍: കൊവിഡ് ബാധിച്ച മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് പെട്ടന്ന് സുഖം പ്രാപിക്കട്ടെ എന്ന ആശംസയോടെയാണ് മുന്‍മുഖ്യമന്ത്രി കമല്‍നാഥിന്റെ ട്വീറ്റ് ആരംഭിക്കുന്നത്. എന്നാല്‍ തുടര്‍ച്ചയായി വന്ന ട്വീറ്റുകളില്‍ പിന്നീട് മുഖ്യമന്ത്രിയെ കടന്നാക്രമിക്കുകയാണ് കോണ്‍ഗ്രസ് നേതാവ്. കൊവിഡിനെ ശിവരാജ് സിംഗ് ചൗഹാന്‍ തമാശയായാണ് കണ്ടതെന്ന് കമല്‍നാഥ് കുറ്റപ്പെടുത്തി. 

''ശിവരാജ് ജി, നിങ്ങള്‍ക്ക് കൊവിഡ് ബാധിച്ചുവെന്നറിഞ്ഞതില്‍ എനിക്ക് അതിവ ദുഃഖമുണ്ട്. താങ്കള്‍ക്ക് പെട്ടന്ന് സുഖം പ്രാപിക്കാനാകട്ടേ എന്ന് ആശംസിക്കുന്നു. പക്ഷേ ഞങ്ങള്‍ വൈറസിനെ വളരെ ഗൗരവമായി കണ്ടപ്പോള്‍ നിങ്ങള്‍ അതിനെ നാടകമെന്നും സര്‍ക്കാരിനെ സംരക്ഷിക്കാനുള്ള ആയുധമെന്നും വിളിച്ചു എന്നതില്‍ എനിക്ക് ഖേദമുണ്ട്. '' കമല്‍നാഥ് ട്വീറ്റ് ചെയ്തു. 

ആദ്യമുതല്‍ തന്നെ ഇതൊരു ഗുരുതര രോഗമാണെന്നാണ് തങ്ങള്‍ പറയുന്നതെന്നും അദ്ദേഹം ട്വീറ്റില്‍ കുറിച്ചു. ആദ്യം മുതല്‍ ശ്രദ്ധിക്കുകയും മുന്‍കരുതല്‍ എടുക്കുകയും ചെയ്തിരുന്നെങ്കില്‍ ശിവരാജ് സിംഗ് ചൗഹാന്‍ രോഗം വരില്ലായിരുന്നുവെന്ന് പറഞ്ഞാണ് കമല്‍നാഥ് ട്വീറ്റ് അവസാനിപ്പിക്കുന്നത്.