കഴിഞ്ഞ ലോക് സഭ തെരഞ്ഞെടുപ്പില്‍ ബിഹാറിലെ ബെഗുസരായ് മണ്ഡലത്തില്‍ നിന്ന് മത്സരിച്ച കനയ്യ കുമാര്‍ ബിജെപിയിലെ ഗിരിരാജ് സിംഗിനോട് നാല് ലക്ഷത്തില്‍ പരം വോട്ടുകള്‍ക്ക് പരാജയപ്പെട്ടിരുന്നു

ദില്ലി: ആസാദി മുദ്രാവാക്യവുമായി ജെഎന്‍യു സമരത്തെ ശ്രദ്ധേയവും ജനകീയവുമാക്കിയ കനയ്യ കുമാര്‍ സിപിഐ വിട്ട് കോൺഗ്രസിലേക്ക് പോകാനൊരുങ്ങുന്നുവെന്ന വാർത്തകൾ ശക്തമായിരിക്കെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും തുടങ്ങി. സിപിഐ ദേശീയ നിര്‍വ്വഹക സമിതി അംഗമായ കനയ്യ കുമാറിനെ കൊണ്ടുവരുന്നത് തങ്ങൾക്ക് ഗുണകരമാകുമെന്ന് കോൺഗ്രസും വിട്ടുപോകുന്നത് ഗുണം ചെയ്യില്ലെന്ന് സിപിഐയും കരുതുന്നു. ജനപിന്തുണയുള്ള യുവനേതാവായിട്ടും കനയ്യയും പാർട്ടിയും തമ്മിൽ ഉരസൽ നടന്നത് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലാണ്.

കഴിഞ്ഞ ലോക് സഭ തെരഞ്ഞെടുപ്പില്‍ ബിഹാറിലെ ബെഗുസരായ് മണ്ഡലത്തില്‍ നിന്ന് മത്സരിച്ച കനയ്യ കുമാര്‍ ബിജെപിയിലെ ഗിരിരാജ് സിംഗിനോട് നാല് ലക്ഷത്തില്‍ പരം വോട്ടുകള്‍ക്ക് പരാജയപ്പെട്ടിരുന്നു. അന്ന് ആർജെഡി സ്ഥാനാർത്ഥിയെ നിർത്തിയില്ലായിരുന്നുവെങ്കിൽ കേന്ദ്രമന്ത്രിയെ തനിക്ക് പരാജയപ്പെടുത്താൻ കഴിയുമായിരുന്നുവെന്ന് ഇന്നും കനയ്യ വിശ്വസിക്കുന്നുണ്ട്. എന്നാൽ അന്നത്തെ തെരഞ്ഞെടുപ്പിൽ കനയ്യ ശ്രദ്ധാകേന്ദ്രമായിരുന്നു. യുവനേതാവിന്റെ വിജയത്തിനായി ആരംഭിച്ച ഓൺലൈൻ ക്രൗഡ് ഫണ്ടിങ്ങിലേക്ക് ദിവസങ്ങൾ കൊണ്ട് എത്തിയത് 70 ലക്ഷം രൂപയായിരുന്നു. ഇതിനെ ചൊല്ലിയാണ് പിന്നീട് പാർട്ടിയും കനയ്യയും രണ്ട് തട്ടിലായത്.

ക്രൗഡ് ഫണ്ടിങിലൂടെ പിരിച്ച തുക പാര്‍ട്ടി ഫണ്ടിലേക്ക് അടക്കണമെന്ന നിര്‍ദ്ദേശത്തെ കനയ്യ എതിര്‍ത്തതാണ് കാരണം. അന്ന് തുടങ്ങി അസ്വാരസ്യം ഉടലെടുത്തു. പിന്നീട് മുതിര്‍ന്ന നേതാവ് അതുല്‍ കുമാര്‍ അഞ്ജാനുമായുള്ള വാക്കേറ്റം ദേശീയ നേതൃത്വത്തിന്‍റെ നെറ്റി ചുളിപ്പിച്ചിരുന്നു. ബെഗുസരായിയിൽ നടക്കാനിരുന്ന സിപിഐ ജില്ലാ കൗൺസിൽ യോഗം കനയ്യ കുമാറിനെ അറിയിക്കാതെ മാറ്റിവെച്ചുവെന്ന ആക്ഷേപമാണ് മറ്റൊന്ന്. ഇതേത്തുടർന്ന് കനയ്യയുടെ അനുയായികൾ പാർട്ടി ഓഫീസ് സെക്രട്ടറിയെ കൈയ്യേറ്റം ചെയ്തതാണ് സംഭവം. സംഭവത്തില്‍ പങ്കില്ലെന്ന് കനയ്യ മറുപടി നല്‍കിയെങ്കിലും പാര്‍ട്ടിക്ക് തൃപ്തിയായില്ല. 

കഴിഞ്ഞ ഫെബ്രുവരിയില്‍ ഹൈദരബാദില്‍ നൂറിലേറെ നേതാക്കൾ പങ്കെടുത്ത ദേശീയ കൗണ്‍സില്‍ യോഗത്തിൽ കനയ്യയെ പരസ്യമായ താക്കീത് ചെയ്യാൻ തീരുമാനമായി. അന്ന് മുതല്‍ സിപിഐയുമായി കനയ്യ അകലം പാലിച്ചു. പിന്നാലെ കനയ്യ ജെഡിയുവിലേക്കെന്നുള്ള അഭ്യൂഹങ്ങള്‍ ഉയർന്നു. ബിഹാറിലെ പ്രമുഖ ജെഡിയു നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയെങ്കിലും ചില വികസന കാഴ്ചപാടുകള്‍ പങ്കുവെക്കാനാണെന്ന് അന്ന് കനയ്യയും പാര്‍ട്ടിയും വിശദീകരിച്ചിരുന്നു.

എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസിലേക്കെന്ന അഭ്യൂഹമാണ് ശക്തമാകുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച രാഹുല്‍ഗാന്ധിയുമായി കനയ്യ ചര്‍ച്ച നടത്തിയതോടെ പ്രചരണം ശക്തമായി. ബിഹാര്‍ കോണ്‍ഗ്രസില്‍ രാഗുല്‍ഗാന്ധി നിര്‍ണ്ണായക പദവി വാഗ്ദാനം ചെയ്തെന്നാണ് സൂചന. വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലടക്കം സജീവസാന്നിധ്യമാകണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

YouTube video player

ബിഹാറിലെ ആര്‍ജെഡിയുടെ നിലപാടാണ് കനയ്യയുടെ കോൺഗ്രസ് പ്രവേശനത്തിന് മുന്നിലെ തടസം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് വേളയില്‍ കനയ്യയെ സഹകരിപ്പിക്കാന്‍ കോണ്‍ഗ്രസ് ഒരു നീക്കം നടത്തിയിരുന്നെങ്കിലും ആര്‍ജെഡി ആ നീക്കത്തെ എതിര്‍ത്തിരുന്നു. എന്നാല്‍ സഖ്യത്തില്‍ കോണ്‍ഗ്രസ് ദയനീയ പരാജയം ഏറ്റുവാങ്ങിയതോടെ ആ ബന്ധത്തില്‍ നേരിയ വിള്ളലുണ്ടാവുകയും ചെയ്തു. എങ്കിലും ആര്‍ജെഡിയുമായി ചര്‍ച്ച നടത്തി ധാരണയിലെത്തിയ ശേഷമായിരിക്കും കനയ്യയുടെ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുക.

എന്നാൽ കനയ്യ എങ്ങോട്ടും പോകില്ലെന്നാണ് സിപിഐ ദേശീയ നേതൃത്വത്തിന്റെ പ്രതികരണം. ഏറ്റവുമൊടുവില്‍ കഴിഞ്ഞ ദേശീയ നിര്‍വ്വഹക സമിതിയിലും കനയ്യ പങ്കെടുത്തിരുന്നുവെന്ന് നേതാക്കൾ വിശദീകരിക്കുന്നു. ദില്ലിയിൽ നടന്ന യോഗത്തിൽ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ കനയ്യ മുന്‍പോട്ട് വെച്ചെന്നുമാണ് നേതൃത്വത്തിന്‍റെ അവകാശ വാദം. കനയ്യ കോൺഗ്രസിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെ ഇദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ ഒരു ഭാഗത്ത് തുടങ്ങിയതായാണ് വിവരം. ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ കെല്‍പുള്ള നേതാക്കളുടെ ക്ഷാമം നേരിടുന്ന കാലത്ത് കനയ്യ കടന്നുവന്നാല്‍ അത് നേട്ടമാകുമെന്നാണ് കോൺഗ്രസിലെ വിലയിരുത്തല്‍. യുവാക്കളെ കൂടുതല്‍ ആകര്‍ഷിക്കാമെന്നും കരുതുന്നു. എന്തായാലും കനയ്യയെ ചുറ്റിപ്പറ്റി തന്നെയാണ് ദേശീയ രാഷ്ട്രീയത്തിലെ സജീവ ചർച്ചകൾ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona