ജിഗ്നേഷ് മേവാനിയും കോൺഗ്രസിൽ ചേരുമെങ്കിലും നാളെയാവില്ല. എന്നാൽ കനയ്യ കുമാറിനൊപ്പം വാർത്താ സമ്മേളനത്തിൽ ജിഗ്നേഷ് മേവാനിയും പങ്കെടുക്കും

ദില്ലി: സിപിഐ (CPI) കേന്ദ്ര നിർവാഹക സമിതിയംഗം കനയ്യ കുമാർ (Kanhaiya Kumar) നാളെ കോൺഗ്രസിൽ (Congress) ചേരും. കനയ്യയുടെ കോൺഗ്രസ് പ്രവേശനം നാളെ മൂന്ന് മണിക്ക് എഐസിസി (AICC) ആസ്ഥാനത്ത് നടക്കും. ജിഗ്നേഷ് മേവാനിയും (Jignesh Mevani) നാളെ വാർത്താ സമ്മേളനത്തിൽ കനയ്യക്കൊപ്പം പങ്കെടുക്കുമെങ്കിലും ഇദ്ദേഹത്തിന്റെ കോൺഗ്രസ് പ്രവേശനം പിന്നീടായിരിക്കും. നാളെ കനയ്യ കുമാറിനൊപ്പം ഇദ്ദേഹത്തിന്റെ അനുയായികളും കോൺഗ്രസിൽ ചേരും. രാഹുൽ ഗാന്ധി (Rahul Gandhi) അടക്കമുള്ള മുതിർന്ന നേതാക്കൾ യോഗത്തിൽ പങ്കെടുക്കും.

ജെഎൻയുവിലെ വിപ്ലവാകാരിയെ ദേശീയ നിർവാഹക സമിതിയിൽ ഉൾപ്പെടുത്തിയപ്പോൾ സിപിഐ പ്രതീക്ഷിച്ചത് ഉത്തരേന്ത്യയിൽ സിപിഐയുടെയും ഇടതുപക്ഷത്തിന്റെയും ആഴത്തിലുള്ള വേരോട്ടം സാധ്യമാകുമെന്നാണ്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിഹാറിലെ ബെഗുസരായിയില്‍ മത്സരിക്കാന്‍ പാര്‍ട്ടി ടിക്കറ്റും നല്‍കി. എന്നാല്‍ അച്ചടക്കമുള്ള പ്രവർത്തകനെ പ്രതീക്ഷിച്ച പാര്‍ട്ടിക്ക് മുന്നിൽ കനയ്യയെത്തിയത് പ്രശ്നങ്ങളില്‍ നിരന്തരം കലഹിക്കുന്നയാളായാണ്.

തെരഞ്ഞെടുപ്പിലെ ഓൺലൈൻ ക്രൗഡ് ഫണ്ടിംഗ്, പാറ്റ്ന ഓഫീസ് സെക്രട്ടറിയെ മര്‍ദ്ദിച്ച സംഭവം അങ്ങനെ പാര്‍ട്ടിയുടെ നെറ്റി ചുളിച്ച സംഭവങ്ങള്‍ പിന്നീടുണ്ടായി. ബിഹാറിലെ ഇപ്പോഴത്തെ നേതൃത്വത്തെ മാറ്റിയേ തീരൂവെന്ന കനയ്യയുടെ വാശി പാർട്ടി പ്രവർത്തകന് യോജിക്കാത്ത നിലയിലുള്ളതായാണ് സിപിഐ കണ്ടത്.

കോണ്‍ഗ്രസുമായി സഹകരിക്കുന്ന ദളിത് നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്നേഷേ് മേവാനിയുമായുള്ള സൗഹൃദമാണ് ബദല്‍ കോണ്‍ഗ്രസ് എന്ന ചിന്തയിലേക്ക് കനയ്യയെ നയിച്ചത്. കോണ്‍ഗ്രസ് ഗുജറാത്ത് വര്‍ക്കിംഗ് പ്രസിഡന്റ് ഹാര്‍ദ്ദിക് പട്ടേല്‍ മധ്യസ്ഥനായാണ് ചര്‍ച്ച നടത്തിയത്. രാഹുല്‍ഗാന്ധിയും, പ്രിയങ്കഗാന്ധിയുമായി കൂടിക്കാഴ്ചകള്‍ നടത്തി. കോണ്‍ഗ്രസിലേക്ക് ഉടന്‍ എത്താനിരിക്കുന്ന പ്രശാന്ത്കിഷോറും ചര്‍ച്ചകളുടെ ഭാഗമായി. അങ്ങനെയാണ് കനയ്യ കുമാറും, ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസിലേക്കെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്.

കനയ്യ കോൺഗ്രസിലേക്കെന്ന പ്രചാരണം ശക്തമാകുമ്പോഴും പുകഞ്ഞ കൊള്ളി പുറത്തേക്കെന്ന നിലപാട് സിപിഐ കനയ്യയോട് സ്വീകരിച്ചില്ല. അനുനയത്തിന് ശ്രമിച്ച പാർട്ടിക്ക് മുന്നിൽ ബിഹാർ സംസ്ഥാന സെക്രട്ടറിയാക്കണമെന്ന നിലപാടാണ് കനയ്യ വെച്ചത്. ഇതിന് പുറമെ തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷനാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അടുത്ത പാർട്ടി കൗൺസിൽ യോഗത്തിൽ ഈ ആവശ്യം ചർച്ച ചെയ്യാമെന്നിരിക്കെയാണ് കനയ്യയുടെ രാഷ്ട്രീയമാറ്റം.