തന്നെ തുക്ടെ-തുക്ടെ സംഘത്തിന്റെ നേതാവ് എന്ന് വിളിക്കുന്നത് ഒരു അം​ഗീകാരമായി കരുതുന്നുവെന്നും കനയ്യ കുമാര്‍ കൂട്ടിച്ചേർത്തു.

ദില്ലി: ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയിൽ നടന്ന ആക്രമണത്തിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി മുന്‍ ജെഎന്‍യു യൂണിയന്‍ അധ്യക്ഷനും സിപിഐ നേതാവുമായി കനയ്യ കുമാർ. ക്രേന്ദ്ര സർക്കാരിന് തെറ്റ് പറ്റിയെന്നും അവർ ബുദ്ധിയും അറിവുമുള്ള ശത്രുവിനെയാണ് തെരഞ്ഞെടുത്തതെന്നും കനയ്യ പറഞ്ഞു. 

"റിപ്പോർട്ട് ചെയ്യപ്പെടാത്ത പ്രശ്നങ്ങളെക്കുറിച്ചാണ് ജെഎൻയു എല്ലായ്പ്പോഴും സംസാരിക്കുന്നത്. സർക്കാർ ഒരു തെറ്റ് ചെയ്തു. അവർ തെരഞ്ഞെടുത്തത് ബുദ്ധിയും അറിവുമുള്ള ശത്രുവിനെയാണ്. ജെഎൻയുവിനോടുള്ള വിദ്വേഷം ഒരു സർവ്വകലാശാലയോടോ പ്രത്യയശാസ്ത്രത്തോടോ ഉള്ള വിദ്വേഷമല്ല, മറിച്ച് ഒരു രാജ്യം എങ്ങനെയായിരിക്കണം എന്ന ചിന്തയാണ്...ജെ‌എൻ‌യുവിൽ, ഒരു പെൺകുട്ടിക്ക് ലൈബ്രറിയിൽ നിന്ന് പുറത്തുകടന്ന് ഒറ്റയ്ക്ക് നടക്കാൻ കഴിയും. ഈ ക്യാമ്പസിൽ 40 ശതമാനം ആളുകൾ 'ആദിവാസി' അല്ലെങ്കിൽ പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ളവരാണ്"കനയ്യ പറഞ്ഞു. തന്നെ തുക്ടെ-തുക്ടെ സംഘത്തിന്റെ നേതാവ് എന്ന് വിളിക്കുന്നത് ഒരു അം​ഗീകാരമായി കരുതുന്നുവെന്നും കനയ്യ കുമാര്‍ കൂട്ടിച്ചേർത്തു.

നേരത്തെയും സർക്കാരിനെതിരെ കനയ്യ കുമാർ രം​ഗത്തെത്തിയിരുന്നു. ''എന്തൊരു നാണം കെട്ട സര്‍ക്കാരാണിത്. ആദ്യം ഫീസ് വര്‍ദ്ധിപ്പിച്ചു. പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ ഗുണ്ടകളെ വിട്ട് അക്രമിച്ചു. അധികാരത്തില്‍ വന്നനാള്‍ തൊട്ട് രാജ്യത്തിന്റെ മുക്കിലും മൂലയിലുമുള്ള വിദ്യാര്‍ത്ഥികള്‍ക്കു നേരെ തുടങ്ങിയ കലഹമാണ്.” എന്നായിരുന്നു കനയ്യ പറഞ്ഞിരുന്നത്.