ശ്രീനഗർ: ആ ചരിത്ര വിജയത്തിന്, രാജ്യത്തിനായി സ്വജീവൻ ബലിയർപ്പിച്ച ധീരജവാൻമാരുടെ സ്മരണയ്ക്ക്, ഇരുപതാണ്ട് തികയാൻ പോകുന്നു. കാർഗിൽ മേഖലയിൽ പാക് നുഴഞ്ഞുകയറ്റത്തിനെതിരെ 1999 മെയ് മാസത്തിൽ ഇന്ത്യൻ വ്യോമസേനയും കരസേനയും ചേർന്ന് നടത്തിയ ചരിത്ര നീക്കം 'ഓപ്പറേഷൻ വിജയ്', പിന്നീട് രാജ്യത്തിന്‍റെ സൈനികനേട്ടങ്ങളിൽ നാഴികക്കല്ലായി. അഞ്ഞൂറിലധികം ധീരജവാൻമാർ വീരമൃത്യു വരിച്ചു കാർഗിൽ യുദ്ധത്തിൽ.

ജമ്മു കശ്മീരിലെ കാര്‍ഗില്‍, ദ്രാസ്, കക്സർ, മുഷ്കോഹ് മേഖലകളില്‍ പാക് സൈന്യവും കാശ്മീര്‍ തീവ്രവാദികളും നടത്തിയ നുഴഞ്ഞു കയറ്റമാണ് കാര്‍ഗില്‍ യുദ്ധത്തിലേക്ക് നയിച്ചത്. സ്ഥലത്തെ ആട്ടിടയൻമാരാണ് പാക് സൈന്യത്തിന്‍റെ നുഴഞ്ഞു കയറ്റം ആദ്യം ഇന്ത്യയെ അറിയിച്ചത്. ഉടനെത്തന്നെ കശ്മീർ താഴ്‍വരയിൽ നിന്ന് ഇന്ത്യൻ സൈന്യം കാർഗിലിലേക്ക് നീങ്ങി.

നുഴഞ്ഞു കയറിയിട്ടില്ലെന്നും നീക്കങ്ങളെക്കുറിച്ചറിയില്ലെന്നുമൊക്കെ ആദ്യം പറഞ്ഞെങ്കിലും രാജ്യാന്തര സമ്മർദ്ദം പാകിസ്ഥാന് മേൽ ശക്തമായി. ഒടുവിൽ എല്ലാം തുറന്ന് പറയേണ്ടി വന്നു. അതിർത്തി കടന്ന് വ്യോമാക്രമണം നടത്താൻ  പരിമിതികളുണ്ടായിരുന്നു പാകിസ്ഥാന്. നുഴഞ്ഞു കയറിയ മേഖലയിലെ മുൻതൂക്കം മാത്രമേ പാകിസ്ഥാന് മേലുണ്ടായിരുന്നുള്ളൂ.

ആ ആനുകൂല്യം ഇന്ത്യൻ സൈന്യത്തിന് തിരിച്ചടി തന്നെയായിരുന്നു. പക്ഷേ, ഇന്ത്യയുടെ ധീരജവാൻമാർ വെല്ലുവിളികളെ അതിജീവിച്ച് പൊരുതി. 14,000 അടി വരെ ഉയരമുള്ള മഞ്ഞു മലകളിൽ ധീരസൈനികർ ഇന്ത്യയ്ക്ക് വേണ്ടി പൊരുതി. കനത്ത മഞ്ഞിലും, പ്രതികൂല കാലാവസ്ഥയിലും പാകിസ്ഥാനെതിരെ പോരാടി മുന്നേറി.

ഒടുവിൽ പാകിസ്ഥാന് പരാജയം സമ്മതിക്കേണ്ടി വന്നു. 1999 ജൂലൈ 26-ന് ഇന്ത്യ ടൈഗർ ഹിൽ തിരിച്ചു പിടിച്ചതായും കാർഗിലിൽ വിജയം നേടിയതായും പ്രഖ്യാപിച്ചു. ആ ചരിത്ര വിജയത്തിന് ഈ വർഷം ഇരുപതാണ്ട് തികയുന്നു. 

'കാർഗിൽ വിജയ് ദിവസി'ന്‍റെ ഇരുപതാം വാർഷികത്തിൽ ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധികളായ, പി ആർ സുനിലും വസീം സെയ്‍ദിയും വീണ്ടും കാർഗിൽ സന്ദർശിക്കുകയാണ്. യുദ്ധത്തിന് ഇരുപതാണ്ടുകൾക്ക് ശേഷം കാർഗിലെങ്ങനെ മാറി? അവർ തയ്യാറാക്കിയ റിപ്പോർട്ട് കാണാം: