Asianet News MalayalamAsianet News Malayalam

കർണാടക ഉപതെരഞ്ഞെടുപ്പ് ലീഡ് നില: പത്തിടത്ത് ബിജെപി മുന്നേറ്റം; അടിതെറ്റി കോൺഗ്രസ്

15-ൽ ആറ് സീറ്റുകളെങ്കിലും കിട്ടിയില്ലെങ്കിൽ ബിജെപിയുടെ യെദ്യൂരപ്പ സർക്കാരിന്‍റെ ഭാവി അതോടെ തീരും. നേരിയ ഭൂരിപക്ഷത്തിലാണ് കർണാടക സർക്കാർ ഇപ്പോൾ ആടി നിൽക്കുന്നത്.

Karnataka assembly bypoll results in 15 seats on monday
Author
Karnataka, First Published Dec 9, 2019, 6:38 AM IST

ബെംഗളുരു: കർണാടകത്തിൽ യെദിയൂരപ്പ സർക്കാരിന്‍റെ ഭാവി നിശ്ചയിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലത്തിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപിക്ക് വൻ മുന്നേറ്റം. ഉപതെരഞ്ഞെടുപ്പ് നടന്ന 15 സീറ്റുകളിൽ പത്തിടത്തും ബിജെപി സ്ഥാനാർത്ഥികളാണ് മുന്നിലുള്ളത്. കോൺഗ്രസ് മൂന്നിടത്തും ജെഡിഎസ് രണ്ടിടത്തും മുന്നേറുന്നു. സ്വതന്ത്ര സ്ഥാനാർത്ഥിയാണ് മറ്റൊരു ഇടത്ത് മുന്നിലുള്ളത്. 13 വിമതരിൽ പത്തുപേരും ലീഡ് ചെയ്യുകയാണെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം.

പതിനഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ ആറ് സീറ്റെങ്കിലും ജയിച്ചില്ലെങ്കിൽ ബിജെപി സർക്കാരിന് ഭൂരിപക്ഷം നഷ്ടമാകും. കോൺഗ്രസിൽ നിന്നും ജെഡിഎസിൽ നിന്നും പുറത്തുവന്ന് ബിജെപിയിൽ ചേർന്ന വിമതരിൽ 13 പേർ മത്സരരംഗത്തുണ്ട്. ഉപതെരഞ്ഞെടുപ്പ് നടന്നതിൽ പന്ത്രണ്ട് കോൺഗ്രസിന്‍റെയും മൂന്നെണ്ണം ജെഡിഎസിന്‍റെയും സിറ്റിങ് സീറ്റുകളാണ്. ഇവിടങ്ങളിലാണ് ഇപ്പോൾ വൻ മുന്നേറ്റം ബിജെപി കാഴ്ചവച്ചിരിക്കുന്നത്.

പതിനൊന്ന് കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ.ബിജെപിക്ക് പന്ത്രണ്ട് സീറ്റുവരെയാണ് എക്സിറ്റ് പോളുകൾ പ്രവചിച്ചത്. ഇതിന്‍റെ ആത്മവിശ്വാസത്തിൽ മന്ത്രിസഭാ വികസന ചർച്ചകളിലേക്ക് പാർട്ടി കടന്നിട്ടുണ്ട്. വിമതരെ ജനം തളളുമെന്നും പത്ത് സീറ്റ് വരെ നേടുമെന്നുമാണ് കോൺഗ്രസ് അവകാശവാദം. എന്നാൽ ഇത് വെറും വാക്കാവുന്ന കാഴ്ചയാണ് ഫലസൂചനകൾ പുറത്തുവരുമ്പോൾ കാണാനാവുന്നത്. 

നിലവിൽ 207 അംഗങ്ങളുള്ള കർണാടക നിയമസഭയിൽ ഒരു സ്വതന്ത്രനടക്കം 106 പേരുടെ പിന്തുണയാണ് യെദ്യൂരപ്പയ്ക്കുള്ളത്. 105 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടതെന്നിരിക്കെയാണ്, ഒറ്റസീറ്റിന്‍റെ ഭൂരിപക്ഷത്തിൽ യെദ്യൂരപ്പ സർക്കാർ ആടി നിൽക്കുന്നത്. 224 അംഗങ്ങളാണ് കർണാടക നിയമസഭയിലുണ്ടായിരുന്നത്. എന്നാൽ കോൺഗ്രസിൽ നിന്നും ജെഡിഎസ്സിൽ നിന്നും 17 എംഎൽഎമാർ രാജിവച്ച് മറുകണ്ടം ചാടി ബിജെപിയിലെത്തിയതോടെയാണ് എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുണ്ടായിരുന്ന കോൺഗ്രസ് - ജെഡിഎസ് സർക്കാർ തകർന്ന് വീണത്. 

ഇതിന് പിന്നാലെ, സ്പീക്കർ കെ ആർ രമേശ് കുമാർ മറുകണ്ടം ചാടിയ എംഎൽഎമാരെ അയോഗ്യരാക്കി. 17 എംഎൽഎമാരെയാണ് അയോഗ്യരാക്കിയതെങ്കിലും 15 മണ്ഡലങ്ങളിലേക്ക് മാത്രമേ കഴിഞ്ഞ ദിവസം ഉപതെരഞ്ഞെടുപ്പ് നടക്കുന്നുള്ളൂ. മസ്‍കി, ആർആർ നഗർ എന്നീ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിനെതിരായ ഹർജി കർണാടക ഹൈക്കോടതി പരിഗണിക്കുന്നതിനാലാണ് ഇവിടത്തെ തെരഞ്ഞെടുപ്പുകൾ പ്രഖ്യാപിക്കാതെ നീട്ടി വച്ചത്. 

ഉപതെരഞ്ഞെടുപ്പുകൾക്ക് ശേഷം, നിയമസഭയിലെ അംഗബലം 222 ആയി ഉയരും. കേവലഭൂരിപക്ഷം 112 ആയി. കോൺഗ്രസ് - ജെഡിഎസ് സഖ്യത്തിന് 100 സീറ്റുകളുണ്ട്. ബിഎസ്‍പി എംഎൽഎയുടെ പിന്തുണയും ചേർന്നാൽ 101 ആയി. ഒരു സ്വതന്ത്രനടക്കം ബിജെപിക്ക് 106 പേരുടെ പിന്തുണയാണ് ഇപ്പോഴുള്ളത്.

ഇന്ന് തെരഞ്ഞെടുപ്പ് ഫലം വരുന്ന മണ്ഡലങ്ങൾ ഇവയാണ്: അത്താനി, ചിക്ബല്ലാപൂർ, ഗോകക്, ഹിരെകേരൂർ, ഹോസകോട്ടെ, ഹുനസുരു, കാഗ്‍വാഡ്, കെ ആർ പുര, കൃഷ്ണരാഹപേട്ടെ, മഹാലക്ഷ്മി ലേ ഔട്ട്, റാണിബെന്നൂർ, ശിവാജിനഗർ, വിജയനഗര, യെല്ലാപൂർ, യശ്വന്ത്പൂർ. 

മറുകണ്ടം ചാടിയതിനാൽ അയോഗ്യരാക്കപ്പെട്ട 17 പേരിൽ 13 പേർക്കും ബിജെപി അതേ മണ്ഡലങ്ങളിൽ സീറ്റ് നൽകിയിട്ടുണ്ട്. വർഷങ്ങളായി കോൺഗ്രസിനും ജെഡിഎസ്സിനും ഒപ്പം നിന്നവരാണ് ഇതിൽ പലരും. 

Follow Us:
Download App:
  • android
  • ios