മകൻ ബി വൈ വിജേന്ദ്രയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന യെദിയൂരപ്പയുടെ ആഗ്രഹം വിലപ്പോയില്ല. വ്യക്തികേന്ദ്രീകൃതമല്ല പാര്‍ട്ടി അധിഷ്ഠിതമാകണം ഭരണമെന്ന കേന്ദ്രത്തിന്‍റെ നിലപാടാണ് വിജയേന്ദ്രയെ ഉപമുഖ്യമന്ത്രി കസേരയില്‍ നിന്ന് അകറ്റിയത്

ബം​ഗളൂരു: ബി എസ് യെദിയൂരപ്പയുടെ ശക്തമായ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും വിജയേന്ദ്രയെ ഉള്‍പ്പെടുത്താതെ കര്‍ണാടകയില്‍ മന്ത്രിസഭാ വികസനം. ബസവരാജ് ബൊമ്മയ് മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിമാരില്ല. എല്ലാ സമുദായങ്ങള്‍ക്കും യുവനേതൃത്വത്തിനും പരിഗണന നല്‍കിയാണ് മന്ത്രിസഭാവികസനം. ഉച്ചയ്ക്ക് 2.15ന് രാജ്ഭവനില്‍ വച്ച് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യും.

മകൻ ബി വൈ വിജേന്ദ്രയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന യെദിയൂരപ്പയുടെ ആഗ്രഹം വിലപ്പോയില്ല. വ്യക്തികേന്ദ്രീകൃതമല്ല പാര്‍ട്ടി അധിഷ്ഠിതമാകണം ഭരണമെന്ന കേന്ദ്രത്തിന്‍റെ നിലപാടാണ് വിജയേന്ദ്രയെ ഉപമുഖ്യമന്ത്രി കസേരയില്‍ നിന്ന് അകറ്റിയത്. വിവിധ സമുദായ നേതാക്കള്‍ക്കും ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ചിരുന്നു. തര്‍ക്കങ്ങള്‍ക്കൊടുവില്‍ ഉപമുഖ്യമന്ത്രിമാരേ വേണ്ടെന്നാണ് കേന്ദ്രനിര്‍ദേശം. നിര്‍ണായക വോട്ട് ബാങ്കായ ലിംഗായയത്ത് വിഭാഗത്തിന് എട്ട് മന്ത്രിമാര്‍. ദളിനും കോണ്‍ഗ്രസിനും സ്വാധീനമുള്ള വൊക്കലിംഗ സമുദായത്തില്‍ നിന്ന് ഏഴ് മന്ത്രിമാര്‍. പിന്നാക്ക വിഭാഗത്തിനും പരിഗണന നല്‍കി 29 അംഗ മന്ത്രിസഭ. കര്‍ണാടകയിലെ വിവിധയിടങ്ങളില്‍ വിജയേന്ദ്ര അനുകൂലികള്‍ പ്രതിഷേധിച്ചു.

സഖ്യസര്‍ക്കാരിനെ വീഴ്ത്തി കൂറുമാറിയെത്തിയ 17 പേരില്‍ 9 പേരെ മന്ത്രിമാരാക്കി. യെദിയൂരപ്പ സര്‍ക്കാരില്‍ 13 പേര്‍ മന്ത്രിമാരായിരുന്നു.
രണ്ട് വര്‍ഷത്തിനികം എത്തുന്ന തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി വിജയേന്ദ്രയെ അനുനയിപ്പിക്കുകയാകും പാര്‍ട്ടിക്ക് മുന്നിലെ വെല്ലുവിളി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona