ബെംഗളൂരു: ഓഫീസ് സ്റ്റാഫിന് കൊവിഡ് സ്ഥിരീകരിച്ചതോടെ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ സ്വയം നിരീക്ഷണത്തില്‍. യെദിയൂരപ്പ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വീട്ടിലിരുന്നാവും ഇനി മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം പറഞ്ഞു. നാല് സ്റ്റാഫുകള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 

ഓഫീസ് സ്റ്റാഫിലെ നാല് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രവര്‍ത്തനം വീട്ടിലേക്ക് മാറ്റുകയാണെന്നും കുറച്ച് ദിവസം സ്വയം നിരീക്ഷണത്തിലാകുമെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. ഓണ്‍ലൈന്‍ വഴി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുമെന്നും തന്റെ ആരോഗ്യത്തില്‍ ആരും ഭയപ്പെടേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങളും പ്രൊട്ടോക്കോളും എല്ലാവരും പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നേരത്തെ നിശ്ചയിച്ച മറ്റ് പരിപാടികളും അദ്ദേഹം റദ്ദാക്കി. കൊവിഡ് സ്ഥിരീകരിച്ച സ്റ്റാഫുമായി നേരിട്ട് സമ്പര്‍ക്കമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് രണ്ടാം തവണയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അടച്ചിടുന്നത്. നേരത്തെ പൊലീസ് കോണ്‍സ്റ്റബിളിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അടച്ചത്. ഇതുവരെ 30000ത്തോളം പേര്‍ക്കാണ് കര്‍ണാടയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.