കാറില്‍ നിന്നിറങ്ങി ജനങ്ങളുടെ പരാതി കേള്‍ക്കാനോ ലാത്തി ചാര്‍ജ് തടയാനോ ശ്രമിക്കാതിരുന്ന മുഖ്യമന്ത്രിക്കെതിരെ സോഷ്യല്‍ മീഡിയകളില്‍ വ്യാപക വിമര്‍ശനമുയര്‍ന്നു.
ബംഗളൂരു: കനത്ത മഴയില്‍ പൊറുതിമുട്ടിയ വടക്കന്‍ കര്‍ണാടകയിലെ ജനങ്ങള്‍ക്കെതിരെ യെദിയൂരപ്പ സര്‍ക്കാറിന്‍റെ ലാത്തി ചാര്‍ജ്. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ലാത്തി ചാര്‍ജിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ മുഖ്യമന്ത്രിക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നു. കുടകിലെ കൊണ്ണൂര്‍ താലൂക്കിലാണ് സംഭവം. പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി യെദിയൂരപ്പ പ്രദേശത്തെത്തിയപ്പോഴാണ് ലാത്തി ചാര്‍ജ്ജുണ്ടായത്.
പുറത്തിറങ്ങാതെ കാറിനുള്ളില്‍ ഇരുന്ന മുഖ്യമന്ത്രിയോട് പരാതി പറയാന്‍ ദുരന്തബാധിതര്‍ കൂട്ടത്തോടെയെത്തി. തിരക്ക് നിയന്ത്രിക്കാന്‍ സാധിക്കാതിരുന്നതോടെ ദുരന്തബാധിതര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. പിന്നീട് കയറുകെട്ടി ആളുകളെ നിയന്ത്രിച്ചു. കാറില്‍ നിന്നിറങ്ങി ജനങ്ങളുടെ പരാതി കേള്‍ക്കാനോ ലാത്തി ചാര്‍ജ് തടയാനോ ശ്രമിക്കാതിരുന്ന മുഖ്യമന്ത്രിക്കെതിരെ സോഷ്യല്‍ മീഡിയകളില്‍ വ്യാപക വിമര്‍ശനമുയര്‍ന്നു.
വീടുകളും സ്വത്തുക്കളും നഷ്ടപ്പെട്ടവര്‍ക്ക് നേരെയാണ് പൊലീസ് ലാത്തിവീശിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടകയുടെ വടക്കന്‍ ജില്ലകളിലും അതിശക്തമായ മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍നിന്ന് 1.5 ലക്ഷം പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. 467 ദുരിതാശ്വാസ ക്യാമ്പുകളില്‍ ഏകദേശം 90000 പേരാണ് താമസിക്കുന്നത്. ദക്ഷണി കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ, ബെലഗാവി, ചിക്ക്മംഗളൂരു, കൊടക്, ശിവമോഗ എന്നീ ജില്ലകളിലാണ് കനത്ത മഴ നാശം വിതച്ചത്.
