വാരാന്ത്യ കര്‍ഫ്യൂ അടക്കമുള്ള കര്‍ശന നിയന്ത്രണങ്ങള്‍ ഫെബ്രുവരി ആദ്യ ആഴ്ച വരെ നീട്ടുന്നത് സര്‍ക്കാര്‍ പരിഗണനയിലാണ്. ബം​ഗളൂരുവിൽ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും ഇന്ന് മുതല്‍ അവധി നല്‍കിയിട്ടുണ്ട്. ബസ്, മെട്രോ സര്‍വ്വീസുകള്‍ വെട്ടിചുരുക്കി. ശനിയും ഞായറും പൊതു ഗതാഗതത്തിന് അടക്കം കടുത്ത നിയന്ത്രണമുണ്ട്

ബം​ഗളൂരു: കര്‍ണാടകയില്‍ (Karnataka) 4246 പേര്‍ക്ക് കൂടി കൊവിഡ് (Covid 19) സ്ഥിരീകരിച്ചു. ടിപിആര്‍ മൂന്നര ശതമാനത്തിന് അടുത്തെത്തിയ അവസ്ഥയാണ് ഇപ്പോഴുള്ളത്. വാരാന്ത്യ കര്‍ഫ്യൂ അടക്കമുള്ള കര്‍ശന നിയന്ത്രണങ്ങള്‍ ഫെബ്രുവരി ആദ്യ ആഴ്ച വരെ നീട്ടുന്നത് സര്‍ക്കാര്‍ പരിഗണനയിലാണ്. ബം​ഗളൂരുവിൽ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും ഇന്ന് മുതല്‍ അവധി നല്‍കിയിട്ടുണ്ട്. ബസ്, മെട്രോ സര്‍വ്വീസുകള്‍ വെട്ടിചുരുക്കി. ശനിയും ഞായറും പൊതു ഗതാഗതത്തിന് അടക്കം കടുത്ത നിയന്ത്രണമുണ്ട്. കേരളാ അതിര്‍ത്തികളില്‍ പരിശോധന വര്‍ധിപ്പിച്ചിരിക്കുകയാണ്.

കൊവിഡില്ലാ സര്‍ട്ടിഫിക്കറ്റും രണ്ട് ഡോസ് കുത്തിവയ്പ്പിന്‍റെ രേഖകളുമായി എത്തുന്നവരെ മാത്രമേ പ്രവേശിപ്പിക്കുന്നുള്ളൂ. അതേസമയം, . രാജ്യം കൊവിഡ് മൂന്നാം തരംഗത്തിലാണെന്ന് ഇന്നലെ കൊവിഡ് വാക്സീൻ സാങ്കേതിക ഉപദേശകസമിതി സ്ഥിരീകരിച്ചിരുന്നു. ഈ മാസം തന്നെ കൊവിഡ് കേസുകൾ ഏറ്റവുമുയർന്ന നിരക്കിലാകുമെന്നും, രാജ്യത്തെ മെട്രോ നഗരങ്ങളിൽ ആശുപത്രികൾ നിറഞ്ഞു കവിയാൻ സാധ്യതയുണ്ടെന്നും കൊവിഡ് വാക്സീൻ സാങ്കേതിക ഉപദേശകസമിതി ചെയർമാൻ ഡോ. എൻ കെ അറോറ വ്യക്തമാക്കി.

കഴിഞ്ഞയാഴ്ച മാത്രം രാജ്യത്ത് കൊവിഡ് കേസുകളിൽ വൻവർദ്ധനയാണുണ്ടായത്. ഇത് മൂന്നാം തരംഗത്തെ സൂചിപ്പിക്കുന്നത് തന്നെയാണെന്ന് ഡോ. എൻ കെ അറോറ പറയുന്നു. പുതുതായി ഉണ്ടായ 50 ശതമാനം കേസുകൾക്കും പിന്നിൽ ഒമിക്രോൺ വകഭേദമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഒമിക്രോൺ കൂടുതലായി വ്യാപിക്കുന്നത് നഗരങ്ങളിലാണ്. ''സമാനമായ കേസ് വ‍ർദ്ധനയാണ് ലോകത്തെ പല നഗരങ്ങളിലും കാണാനാകുന്നത്. ഇത് മൂന്നാംതരംഗത്തിന്‍റെ സൂചനയാണ്'',ദേശീയ വാർത്താ ഏജൻസിയായ പിടിഐയോട് എൻ കെ അറോറ പറഞ്ഞു. പരിഭ്രാന്തിയിലായിട്ട് കാര്യമില്ലെന്നും, രാജ്യത്തെ 80 ശതമാനം പേർക്കും വൈറസ് വന്ന് പോയെന്നും, 90 ശതമാനം മുതിർന്നവരും ഒരു ഡോസ് കൊവിഡ് വാക്സീനെങ്കിലും സ്വീകരിച്ചെന്നും, 65 ശതമാനം പേരും രണ്ട് ഡോസ് വാക്സീനും എടുത്തെന്നുമുള്ളത് ആശ്വാസമാണെന്നും എൻ കെ അറോറ പറഞ്ഞു.