Asianet News MalayalamAsianet News Malayalam

ഈ 'നാടകം' അത്ര നല്ലതിനല്ല, ജനങ്ങള്‍ക്കും ജനാധിപത്യത്തിനും!

ഏതോ ആക്ഷേപഹാസ്യ പരിപാടി കാണുന്ന ലാഘവത്തോടെ നമ്മളില്‍ പലരും ഈ രാഷ്ട്രീയനാടകം ആസ്വദിക്കുകയാണ്, അപകടകരമായ പ്രവണതകളിലേക്ക് നമ്മുടെ ജനാധിപത്യവ്യവസ്ഥ കൂടുതല്‍ കൂടുതല്‍ ആഴ്ന്നിറങ്ങുകയാണെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെ...!
 

karnataka crisis and situation of democracy  opinion
Author
Bengaluru, First Published Jul 6, 2019, 5:45 PM IST

'ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം. ജനാധിപത്യവും തെരഞ്ഞെടുപ്പും ഭരണവും ഒക്കെ കൊള്ളാം, പക്ഷേ ഞങ്ങള്‍ക്ക് വേണ്ടത് അധികാരവും പണവും തന്നെയാണ്.' വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങളോടല്ല അധികാരത്തിനോടും പണത്തിനോടും തന്നെയാണ് തങ്ങള്‍ക്ക് ആത്മാര്‍ത്ഥതയെന്ന് അരക്കിട്ടുറപ്പിക്കുകയാണ് രാജിയിലൂടെ കര്‍ണാടകത്തിലെ ആ 12 എംഎല്‍എമാര്‍. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കര്‍ണാടകയില്‍ അരങ്ങേറിയ റിസോര്‍ട്ട് രാഷ്ട്രീയത്തിന്‍റെ മൂന്നാം ഭാഗം മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതില്‍ പുതുമകളൊന്നുമില്ല. 'പ്രലോഭനങ്ങളെയും ഭീഷണികളെയും അതിജീവിച്ചെത്തിയ സാമാജികരെക്കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നു. 150 കോടി രൂപയെക്കാള്‍ അവര്‍ വിലമതിച്ചത് ജനാധിപത്യത്തെയാണല്ലോ' എന്നായിരുന്നു അന്ന് കോണ്‍ഗ്രസ് നേതാവ് പി സി വിഷ്ണുനാഥ് പറഞ്ഞത്.

ഇല്ല, അഭിമാനിക്കാന്‍ ഒന്നുമുണ്ടായിരുന്നില്ല. ജനാധിപത്യത്തെ വിലമതിക്കുന്നവരായിരുന്നില്ല ഇവരൊന്നും. അന്ന് ബിജെപി വാഗ്ദാനം ചെയ്ത കോടികളില്‍ തട്ടി ഇവരൊക്കെ വീഴാതിരുന്നത് ഡി.കെ.ശിവകുമാറും കുമാരസ്വാമിയുമൊക്കെ ബലത്തില്‍ പിടിച്ചുനിര്‍ത്തിയിരുന്നത് കൊണ്ടുമാത്രമാണ്. സര്‍ക്കാര്‍ നിലവില്‍ വന്നതോടെ സ്വാഭാവികമായും ആ പിടുത്തം ഒന്നയഞ്ഞു. അധികാരത്തിന്‍റെ കാര്യമല്ലേ, കിട്ടിയതും കിട്ടാത്തതും അര്‍ഹതപ്പെട്ടതും ആഗ്രഹിച്ചതും ഒക്കെക്കൂടി മുറുമുറുപ്പുകളായി ഉയര്‍ന്നു തുടങ്ങി. പിന്നെയത് പാളയത്തില്‍ പടയായി. തക്കംപാര്‍ത്തിരുന്ന ബിജെപി,ഭരണകക്ഷി എംഎല്‍എമാരെ തങ്ങളുടെ പാളയത്തിലേക്ക് മറുകണ്ടം ചാടിക്കാനുള്ള പത്തൊമ്പതാമത്തെ അടവ് (അതെന്ത് തന്നെയായാലും ) പുറത്തെടുക്കുകയും ചെയ്തു.

രാജിവച്ച എംഎല്‍എമാര്‍ എല്ലാം മറുകണ്ടം ചാടുമെന്നൊന്നും സൂചനയില്ല. എന്നാല്‍,  കോണ്‍ഗ്രസില്‍ നിന്ന് തന്നെ രാജിവച്ച രമേഷ് ജര്‍ക്കിഹോളിയും സത്യപ്രതിജ്ഞയ്ക്ക് പോലും സമയത്തിന് എത്താതിരുന്ന ആനന്ദ് സിംഗും (അന്ന് ഡികെ ആനന്ദ് സിംഗിനെ തെരഞ്ഞുപിടിച്ച് കൊണ്ടുവരികയായിരുന്നു) ഉന്നം വയ്ക്കുന്നത് താമരയിലേക്കാണെന്ന് സൂചനകളുണ്ട്. ജര്‍ക്കിഹോളിക്കൊപ്പമെന്ന് ഉറപ്പിച്ച്പറയുന്ന വേറെയും എംഎല്‍എമാര്‍ രാജിവച്ചിട്ടുണ്ട്. 'മുമ്പേ ഗമിക്കുന്ന ഗോവ് തന്‍റെ പിമ്പേ ഗമിക്കുന്ന ബഹുഗോക്കളാ'കും അവരൊക്കെയും എന്നാണ് അഭ്യൂഹം.

രാജിവച്ചവരില്‍ ഒരു വിഭാഗം മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയെ ഉന്നം വയ്ക്കുന്നവരാണ്. കോണ്‍ഗ്രസിന് (തങ്ങള്‍ക്കും) വേണ്ടത്ര പ്രാധാന്യം ഭരണത്തില്‍ കിട്ടുന്നില്ല എന്ന് പരാതിയുള്ളവരാണ് ഇക്കൂട്ടര്‍. മല്ലികാര്‍ജുന്‍ ഖാര്‍ഗയെ മുഖ്യമന്ത്രിയാക്കിയാല്‍ എംഎല്‍എ സ്ഥാനത്ത് തുടരാമെന്നൊക്കെയാണ് ഇക്കൂട്ടരുടെ വാദം. സിദ്ധരാമയ്യ മുഖ്യമന്ത്രിയാകണമെന്ന് വിമതപക്ഷത്തിന് അഭിപ്രായമുണ്ടെന്നും കരക്കമ്പിയുണ്ട്. വിശാലമായ ദേശീയ താല്പര്യത്തിന്‍റെയോ ജനകീയ താല്പര്യത്തിന്‍റെയോ ഒന്നും ഫലമായി ഉയര്‍ന്നു വന്നതായിരുന്നില്ല കര്‍ണാടകത്തിലെ ഈ കോണ്‍ഗ്രസ് -ജെഡിഎസ് സഖ്യം. രാഷ്ട്രീയനിസ്സഹായതയില്‍ രൂപമെടുത്ത കേവലബാന്ധവം മാത്രമാണത്. അതുകൊണ്ട് തന്നെ സഖ്യസര്‍ക്കാരിന്‍റെ ആയുസ് എത്രനാളെന്ന് അന്ന് മുതല്‍ക്കേ ആശങ്ക ഉയരുന്നുമുണ്ടായിരുന്നു.

കുമാരസ്വാമി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ റിസോര്‍ട്ട് രാഷ്ട്രീയത്തിനും കോടതിയിലെ രാത്രിനാടകങ്ങള്‍ക്കുമെല്ലാം പര്യവസാനമായെന്ന്  കര്‍ണാടകത്തിലെ ജനങ്ങള്‍ വെറുതെ വിശ്വസിച്ചു. ജനഹിതം തങ്ങള്‍ ഭരിക്കണം എന്നതായിരുന്നെന്ന് ബിജെപി ആവര്‍ത്തിച്ചപ്പോഴും രാഷ്ട്രീയനീതിയുടെ വിജയമാണ് കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരെന്ന് പലരും പാടിപ്പുകഴ്ത്തി. പക്ഷേ, ആ രാഷ്ട്രീയനൈതികതയോ ധാര്‍മ്മികതയോ അല്ല അധികാരക്കൊതിയും കച്ചവടവും തന്നെയാണ് അന്തിമവിജയം നേടുന്നതെന്ന് തെളിയിക്കുന്നതാണ് കര്‍ണാടകത്തില്‍ നിന്ന് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. 

ഇതാണോ നാം ഊറ്റംകൊള്ളുന്ന ജനാധിപത്യം? ലോകജനാധിപത്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 167 രാജ്യങ്ങളില്‍ 41 ആണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം റാങ്ക് പട്ടികയില്‍ ഇത്രയും പിന്നിലായിപ്പോകാന്‍ കാരണം ഒന്നേയുള്ളു, വികലമായിക്കൊണ്ടിരിക്കുന്ന ഇവിടുത്തെ രാഷ്ട്രീയസംസ്കാരം. രാഷ്ട്രീയകക്ഷികള്‍ക്ക് ധാര്‍മ്മികതെയെക്കുറിച്ചോ രാഷ്ട്രീയനൈതികതയെക്കുറിച്ചോ സംസാരിക്കാനുള്ള അധികാരമൊക്കെ എന്നേ നഷ്ടപ്പെട്ടിരിക്കുന്നു. ഈ അപചയത്തിന്‍റെ ഏറ്റവും പുതിയ എപ്പിസോഡാണ് കര്‍ണാടകയില്‍ അരങ്ങേറുന്നത്. ഏതോ ആക്ഷേപഹാസ്യ പരിപാടി കാണുന്ന ലാഘവത്തോടെ നമ്മളില്‍ പലരും അത് ആസ്വദിക്കുകയും ചെയ്യുന്നു, അപകടകരമായ പ്രവണതകളിലേക്ക് നമ്മുടെ ജനാധിപത്യവ്യവസ്ഥ കൂടുതല്‍ കൂടുതല്‍ ആഴ്ന്നിറങ്ങുകയാണെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെ...!


 

Follow Us:
Download App:
  • android
  • ios