നൂറോ ഇരുന്നൂറോ അഞ്ഞൂറോ വർഷങ്ങൾക്കുള്ളിൽ കാവിക്കൊടി ദേശീയ പതാകയാകും. ഹിന്ദു ധർമ്മം നടപ്പാവുന്ന സമയത്ത് ചെങ്കോട്ടയില്‍ കാവിക്കൊടി ഉയരുമെന്നും കെ എസ് ഈശ്വരപ്പ

ബെം​ഗളൂരു: ത്രിവർണ പതാകയ്ക്ക് പകരം കാവിക്കൊടി ഭാവിയിൽ ദേശീയ പതാകയാവുമെന്ന വിവാദ പ്രസ്താവനയുമായി കർണാടക മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ കെ എസ് ഈശ്വരപ്പ (K S Eshwarappa). ഹിജാബ് വിരുദ്ധ പ്രതിഷേധത്തിനിടെ ഷിമോഗയിലെ സര്‍ക്കാര്‍ കോളേജില്‍ ത്രിവർണ പതാക മാറ്റി വിദ്യാർത്ഥികൾ കാവിക്കൊടി ഉയർത്തിയെന്ന കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിന്‍റെ പ്രസ്താവനയോട് പ്രതികരിക്കവേയായിരുന്നു വിവാദ പ്രസ്താവന.

അയോധ്യയിൽ രാമക്ഷേത്രം പണിയുമെന്ന് മുന്‍പ് പറഞ്ഞപ്പോൾ ആളുകൾ നമ്മളെ നോക്കി ചിരിച്ചില്ലേ? എന്നാലതിപ്പോള്‍ സാധ്യമായില്ലേ? അതുപോലെ നൂറോ ഇരുന്നൂറോ അഞ്ഞൂറോ വർഷങ്ങൾക്കുള്ളിൽ കാവിക്കൊടി ദേശീയ പതാകയാകും. ഹിന്ദു ധർമ്മം നടപ്പാവുന്ന സമയത്ത് ചെങ്കോട്ടയില്‍ കാവിക്കൊടി ഉയരും. നൂറ്റാണ്ടുകൾക്കുമുമ്പ് രാമന്‍റെയും ഹനുമാന്‍റെയും രഥങ്ങളിൽ കാവിക്കൊടി ഉണ്ടായിരുന്നു.

അന്ന് നമ്മുടെ നാട്ടിൽ ത്രിവർണ പതാക ഉണ്ടായിരുന്നോ? എന്നാലിപ്പോള്‍ ത്രിവർണ്ണ പതാക നമ്മുടെ ദേശീയ പതാകയാണ്. അതിനെ ബഹുമാനിക്കണം. ദേശീയ പതാകയെ ബഹുമാനിക്കാത്തവര്‍ രാജ്യദ്രോഹികളാണെന്നും കെ എസ് ഈശ്വരപ്പ പറഞ്ഞു. ശിവകുമാറിന്‍റെ ആരോപണം കള്ളമാണെന്നും ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ഇടയിൽ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമമാണെന്നും ഈശ്വരപ്പ ആരോപിച്ചു.