Asianet News MalayalamAsianet News Malayalam

കുമാരസ്വാമിക്ക് ആശ്വാസം: കർണാടകത്തിൽ തൽസ്ഥിതി തുടരാമെന്ന് സുപ്രീംകോടതി ഉത്തരവ്

'ഞാനിതാ രാജി വയ്ക്കുന്നു' എന്ന ഒറ്റ വരി രാജിക്കത്ത് പരിശോധിക്കാനും തീരുമാനമെടുക്കാനും എന്തിനാണ് സ്പീക്കർക്ക് ഇത്രയധികം സമയം എന്ന് വിമതർ. എതിർത്ത് ഭരണപക്ഷവും. Live Updates...

karnataka political crisis pleas in supreme court live updates
Author
New Delhi, First Published Jul 12, 2019, 12:59 PM IST

ദില്ലി: കർണാടകത്തിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ ചൊവ്വാഴ്ച വരെ തൽസ്ഥിതി തുടരാൻ സുപ്രീംകോടതി ഉത്തരവ്. വിമത എംഎൽഎമാരുടെ രാജിക്കാര്യത്തിലും ഇവരെ അയോഗ്യരാക്കണമെന്ന ജെഡിഎസ്, കോൺഗ്രസ് നേതൃത്വങ്ങളുടെ ആവശ്യത്തിലും കർണാടക സ്പീക്കർ ചൊവ്വാഴ്ച വരെ തീരുമാനമെടുക്കേണ്ടതില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ് ഹർജികൾ പരിഗണിച്ചത്. 

ചട്ടം 190 (3) ബി അടക്കം, സ്പീക്കറുടെ അധികാരങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന എല്ലാ ഭരണഘടനപരമായ വിഷയങ്ങളും വിശദമായി പരിശോധിക്കും. ചൊവ്വാഴ്ചയാകും ഇനി ഹർജികൾ പരിഗണിക്കുന്നത്. അതുവരെ നിലവിലെ സ്ഥിതി തുടരാനാണ് സുപ്രീംകോടതിയുടെ തീരുമാനം. 

സ്പീക്കറുടെയും വിമത എംഎൽഎമാരുടെയും ഹർജി സുപ്രീംകോടതി പരിഗണിക്കവെയായിരുന്നു കോടതി തീരുമാനം. വിമത എംഎൽഎമാ‍ർ നേരിട്ടെത്തി ഹാജരായി രാജിക്കത്ത് നൽകിയിട്ടും തീരുമാനമെടുക്കാത്ത സ്പീക്കർ കെ ആർ രമേശ് കുമാറിനെ വിമർശിച്ച സുപ്രീംകോടതി, കോടതി ഉത്തരവ് നടപ്പാക്കാതിരിക്കുകയാണോ സ്പീക്കറെന്നും ആദ്യഘട്ടത്തിൽ ചോദിച്ചു. 

കോടതിയിൽ നടക്കുന്ന സംഭവങ്ങൾ തത്സമയം: 

# 12.00 PM - കേസിലെ വാദം തുടങ്ങി. ആദ്യം വാദിച്ചത് വിമത എംഎൽഎമാർക്ക് വേണ്ടി അഡ്വ. മുകുൾ റോത്തഗി. രാജിക്കത്തിൽ തീരുമാനമെടുക്കാൻ കൂടുതൽ സമയം വേണമെന്ന എംഎൽഎമാരുടെ വാദം നിലനിൽക്കില്ലെന്ന് റോത്തഗിയുടെ വാദം.

# 'ഞാനിതാ രാജി വയ്ക്കുന്നു' എന്ന ഒറ്റ വരി രാജിക്കത്ത് പരിശോധിക്കാനും തീരുമാനമെടുക്കാനും എന്തിനാണ് സ്പീക്കർക്ക് ഇത്രയധികം സമയം എന്ന് വിമതർ.

# ഇന്ന് നിയമസഭാ സമ്മേളനം തുടങ്ങുകയാണെന്ന് റോത്തഗി ചൂണ്ടിക്കാട്ടി. രാജി വച്ച വിമതർക്കും പാർട്ടി വിപ്പ് നൽകിയിട്ടുണ്ട്. രാജിയിൽ തീരുമാനം വൈകിക്കുന്നത് വിമതരെ അയോഗ്യരാക്കാൻ വേണ്ടി മനഃപൂർവമാണെന്നും റോത്തഗിയുടെ വാദം.

# തീരുമാനമെടുക്കാൻ സമയപരിധി നൽകിയിട്ടും സുപ്രീംകോടതി ഉത്തരവ് ലംഘിച്ച് ഇത് പാലിക്കാതിരിക്കുന്നത് കോടതിയലക്ഷ്യമായി കണക്കാക്കണമെന്ന് റോത്തഗി സുപ്രീംകോടതിയിൽ.

# സ്പീക്കറെന്താ സുപ്രീംകോടതി ഉത്തരവ് ലംഘിക്കുകയാണോ എന്ന് ചീഫ് ജസ്റ്റിസ്. ഇതുവരെ അന്തിമതീരുമാനമെടുത്തില്ലേ എന്ന് ചോദ്യം. വിമർശനം.

# ഭരണഘടനാപരമായ ചുമതല നിർവഹിക്കുക മാത്രമാണ് ചെയ്യുന്നതെന്നും സുപ്രീംകോടതിയോട് ആദരവ് മാത്രമേയുള്ളൂ എന്നും സ്പീക്കർക്ക് വേണ്ടി ഹാജരായ അഡ്വ. മനു അഭിഷേക് സിംഗ്‍വി. അന്തിമ തീരുമാനം ഇനിയുമെടുത്തിട്ടില്ലെന്ന് വിശദീകരണം. ഭരണഘടനയുടെ 190(3) ബി ചട്ടം ചൂണ്ടിക്കാട്ടുന്നു. (നിയമസഭയിൽ എംഎൽഎമാർ രാജി നൽകിയാൽ തീരുമാനമെടുക്കേണ്ടതെങ്ങനെ എന്നത് വിശദീകരിക്കുന്ന ചട്ടമാണ് 190(3) ബി. സഭയുടെ പരമാധികാരി സ്പീക്കറാണ്. അംഗങ്ങൾ രാജി നൽകിയാൽ, അത് സ്വമേധയാ നൽകിയതാണോ, സമ്മർദ്ദം മൂലമാണോ എന്നതെല്ലാം പരിശോധിച്ച ശേഷം സ്പീക്കർക്ക് രാജി അംഗീകരിച്ചാൽ മതി. ഇതിൽ സുപ്രീംകോടതിക്ക് ഇടപെടാൻ പരിമിതികളുണ്ട്.)

# രാജി നൽകിയിരിക്കുന്നത് അയോഗ്യത ഒഴിവാക്കാനാണ്. ഇത് സഭയെ കബളിപ്പിക്കലാണെന്നും സ്പീക്കർക്ക് വേണ്ടി മനു അഭിഷേക് സിംഗ്‍വി വാദിക്കുന്നു. 

# നിയമസഭയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സുപ്രീംകോടതിക്ക് ഇടപെടാൻ പരിമിതികളുണ്ടെന്നും സിംഗ്‍വിയുടെ വാദം. 

# മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ കുമാരസ്വാമിക്ക് വേണ്ടി വാദം തുടങ്ങുന്നു. 

# അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കപ്പെട്ടതായി ചൂണ്ടിക്കാട്ടി ഏതൊരു പൗരനും സുപ്രീംകോടതിയെ നേരിട്ട് സമീപിക്കാവുന്ന ചട്ടം 32 എംഎൽഎമാർ ഉപയോഗിച്ചത് അടിസ്ഥാനരഹിതം. അടിസ്ഥാന അവകാശങ്ങളൊന്നും ഇവിടെ എംഎൽഎമാർക്ക് നിഷേധിക്കപ്പെട്ടിട്ടില്ല. 

# രാഷ്ട്രീയപ്രേരിതമായ ഹർജി മാത്രമാണിതെന്നും കുമാരസ്വാമിക്ക് വേണ്ടി രാജീവ് ധവാൻ. 

# സ്പീക്കർ ചട്ട വിരുദ്ധമായി പെരുമാറുന്നെന്നോ, മുഖ്യമന്ത്രിക്കോ സർക്കാരിനോ ഭൂരിപക്ഷം നഷ്ടപ്പെട്ടെന്ന് കാട്ടിയോ ചട്ടം 32 ഉയർത്തി എംഎൽഎമാർക്ക് സുപ്രീംകോടതിയെ സമീപിക്കാനാവില്ലെന്നും ധവാൻ.

# സ്പീക്കർ സ്വന്തം ജോലി ഇത്ര സമയത്തിനുള്ളിൽ ചെയ്ത് തീർക്കണമെന്ന് കാട്ടി ഒരു സമയപരിധി സുപ്രീംകോടതിയ്ക്ക് നൽകാനാകില്ലെന്ന് രാജീവ് ധവാൻ.

# വിമത എംഎൽഎമാർക്ക് വേണ്ടി മുകുൾ റോത്തഗിയുടെ മറുപടി വാദങ്ങൾ തുടങ്ങുന്നു. രാജിക്കത്ത് നൽകിയ ശേഷമാണ് അയോഗ്യതാ നടപടികൾ തുടങ്ങിയതെന്ന് റോത്തഗി. 

Follow Us:
Download App:
  • android
  • ios