കര്‍ണാടക: കുമാരസ്വാമി സര്‍ക്കാര്‍ വീഴുകയും ബിജെപി സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകൾ സജീവമാക്കുകയും ചെയ്ത സാഹചര്യത്തിൽ കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ അത്രപെട്ടെന്ന് ഒരു പരിഹാരം ഉണ്ടാകില്ലെന്ന സൂചന നൽകി സ്പീക്കര്‍ കെആര്‍ രമേഷ് കുമാര്‍. സ്പീക്കര്‍ പദവിയുടെ കരുത്ത് എന്തെന്ന് രണ്ട് ദിവസത്തിനകം കര്‍ണാടകയിലെ ജനം തിരിച്ചറിയുമെന്ന് സ്പീക്കര്‍ പ്രതികരിച്ചു. വിമത  എംഎൽഎമാരെ അയോഗ്യരാക്കുമോ എന്ന ചോദ്യത്തിനായിരുന്നു മറുപടി എന്നതും ശ്രദ്ധേയമാണ്. 

വിശ്വാസ വോട്ടെടുപ്പിൽ തോറ്റ് കുമാരസ്വാമി രാജിവച്ചതോടെ, 14 മാസത്തെ ഇടവേളക്ക് ശേഷം കര്‍ണാടകയിൽ ബി എസ് യെദ്യൂരപ്പ വീണ്ടും മുഖ്യമന്ത്രി പദത്തിലേക്ക് എത്തുന്നതിന് സാഹചര്യമൊരുങ്ങിയിരിക്കുകയാണ്. കർണാടക നിയമസഭയിൽ 105 എംഎൽഎമാരുമായി വലിയ ഒറ്റക്കക്ഷിയാണ് ബിജെപി. 15 വിമതരുടെ രാജി സ്വീകരിക്കുകയോ അവരെ അയോഗ്യരാക്കുകയോ ചെയ്താൽ, രണ്ട് സ്വതന്ത്രരുടെ പിന്തുണയിൽ ബിജെപിക്ക് കേവലഭൂരിപക്ഷമാകും.