ബംഗളൂരു: ഭരണപ്രതിസന്ധി രൂക്ഷമായ കര്‍ണാടകയില്‍ നിയമസഭാ സ്പീക്കറുടെ തീരുമാനമാണ് ഇനി നിര്‍ണായകം. 13 എംഎല്‍എമാരുടെ രാജി സ്പീക്കര്‍ സ്വീകരിച്ചാല്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ സാങ്കേതികപരമായിത്തന്നെ ന്യൂനപക്ഷമായി ചുരുങ്ങും. അങ്ങനെവന്നാല്‍ ഗവര്‍ണര്‍ വിഷയത്തിലിടപെടാനാണ് സാധ്യത. മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയോട് വിശ്വാസവോട്ട് തേടാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടേക്കും. അതിനുമുമ്പേ കുമാരസ്വാമി രാജിവച്ചൊഴിയാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. 

എംഎല്‍എമാരുടെ രാജി നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ചല്ല എന്ന് പറഞ്ഞ് സ്പീക്കര്‍ തള്ളിക്കളയാനും സാധ്യതയുണ്ട്. ഗവര്‍ണര്‍ ഓഫീസിലില്ലാത്ത സമയത്താണ് എംഎല്‍എമാരില്‍ ഭൂരിപക്ഷവും രാജിക്കത്ത് ഓഫീസില്‍ സമര്‍പ്പിച്ചത്. ഇക്കാര്യം പറഞ്ഞ് സ്പീക്കര്‍ക്ക് രാജി തള്ളാം. ഇതൊന്നുമല്ലാതെ രാജി വച്ച എംഎല്‍എമാരെ നേരില്‍ക്കണ്ട് സംസാരിക്കണമെന്ന് സ്പീക്കര്‍ക്ക് ആവശ്യപ്പെടാനുമാകും. ഭരണഘടനാപരമായ ചട്ടങ്ങള്‍ പാലിച്ച് മാത്രമേ താന്‍ തീരുമാനങ്ങളെടുക്കൂ എന്നാണ് സ്പീക്കര്‍ കെ ആര്‍ രമേഷ്കുമാര്‍ അറിയിച്ചിരിക്കുന്നത്.

കോണ്‍ഗ്രസിന്‍റെ നിയമസഭാകക്ഷിയോഗം വിധാന്‍സൗധയില്‍ പുരോഗമിക്കുകയാണ്. എംഎല്‍എമാര്‍ക്കെല്ലാം വിപ് നല്‍കിയിട്ടുണ്ട്. യോഗത്തിന് എത്താത്തവരെ അയോഗ്യരാക്കാന്‍ കക്ഷിനേതാവ് സിദ്ധരാമയ്യ സ്പീക്ക‍റോട് ശുപാര്‍ശ ചെയ്യുമെന്നാണ് സൂചന. സ്പീക്കര്‍ രാജിക്കത്ത് പരിഗണിക്കുന്നതിന് മുമ്പേ ഈ ശുപാര്‍ശ പരിഗണിക്കാനും സാധ്യതയുണ്ട്. രാജിവച്ച എംഎല്‍എമാരെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് അയോഗ്യരാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുക.  

എംഎല്‍എമാരുടെ രാജി സ്വീകരിക്കുന്നത് പരമാവധി നീട്ടി, സര്‍ക്കാര്‍ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് സമയം നല്‍കാന്‍ സ്പീക്കര്‍  തയ്യാറാവുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.