കര്‍താര്‍പൂര്‍: കര്‍താര്‍പൂര്‍ ഇടനാഴി തുറന്നുനല്‍കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനോട് നന്ദി പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ കശ്മീര്‍ വിഷയം ഇമ്രാന്‍ഖാന്‍ ഉന്നയിച്ചതോടെ ഇന്ത്യാ പാക് വിഷയത്തില്‍ മഞ്ഞുരുകാനുള്ള സാധ്യത മാഞ്ഞിരുന്നു. കര്‍താര്‍ ഇടനാഴിക്ക് സമീപം ഖാലിസ്ഥാന്‍ തീവ്രവാദികള്‍ക്ക് ഇടം നല്‍കിയെന്ന വിവരം ഇതിന് പിന്നാലെയാണ് പുറത്തെത്തുന്നത്. എന്നാല്‍ ഈ പ്രചാരണം തള്ളുകയാണ് ഇവിടെയെത്തുന്ന തീര്‍ത്ഥാടകര്‍. 

സിഖ് മത വിശ്വാസികള്‍ക്ക് ഈ ഇടനാഴി ഒരു വൈകാരിക വിഷയമാണ്. അതിനപ്പുറത്തേക്ക് ലക്ഷ്യമില്ലെന്നും സമാധാനത്തിലേക്കുള്ളതാണ് ഈ ഇടനാഴിയുമെന്നാണ് തീര്‍ത്ഥാടകര്‍ പറയുന്നത്. ഇരുരാജ്യത്തുള്ളവര്‍ക്കും ഈ നീക്കം കൊണ്ട് നേട്ടമാണുണ്ടാവുകയെന്നും തീര്‍ത്ഥാടകര്‍ പറയുന്നു. 

മണിക്കൂറുകള്‍ മാത്രമാണ് തീര്‍ത്ഥാടകര്‍ക്ക് ഇവിടെ തങ്ങാന്‍ സാധിക്കുക. ഇതിനിടയില്‍ എന്ത് തീവ്രവാദം ചെയ്യാനാണെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി ചോദിച്ചിരുന്നു. അത്തരം പ്രചാരണങ്ങള്‍ അസംബന്ധമാണെന്നും ഖുറേഷി പറഞ്ഞു. എന്നാല്‍ ഖാലിസ്ഥാന്‍ തീവ്രവാദി ഗോപാല്‍ ചൗളയെ ഇടനാഴിക്ക് സമീപം ഓഫീസ് തുറക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ പാകിസ്ഥാന് ഗൂഢലക്ഷ്യമുണ്ടെന്നാണ് ഇന്ത്യ ആരോപിക്കുന്നത്. ചൗളയുമായി ബന്ധമുള്ള ചിലര്‍ക്ക് പിന്നില്‍ ഐഎസ്ഐയാണെന്നും ഇന്ത്യ അവകാശപ്പെടുന്നുണ്ട്. പലരാജ്യങ്ങളിലേയും പ്രതിനിധികളാണ് ഇടനാഴിയുടെ ഉദ്ഘാടനത്തിന് എത്തിയത്. ഇടനാഴി ഉദ്ഘാടനം രാജ്യാന്തര ശ്രദ്ധ നേടുകയും ചെയ്തിരുന്നു. എന്നാല്‍ പാക് നീക്കങ്ങളെ രാജ്യം സംശയത്തോടെ തന്നെയാണ് നിരീക്ഷിക്കുന്നത്.