ദില്ലി: 74ാം ജന്മദിനത്തില്‍ തിഹാര്‍ ജയിലില്‍ കിടക്കുന്ന മുന്‍ ധനമന്ത്രി പി ചിദംബരത്തിന് മകനും എംപിയുമായ കാര്‍ത്തി ചിദംബരത്തിന്‍റെ കത്ത്. 'നിങ്ങള്‍ ഇന്ന് 74ാം വയസ്സിലേക്ക് കടക്കുകയാണ്. 56!!! ന് നിങ്ങളെ ഒന്നും ചെയ്യാന്‍ കഴിയില്ല. നിങ്ങള്‍ ഇതുവരെ ഒന്നും ആഘോഷിച്ചിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ചെറിയ കാര്യങ്ങള്‍ക്ക് പോലും വലിയ ആഘോഷങ്ങളാണ് ഇന്ന് ഈ രാജ്യത്ത് കാണുന്നത്. നിങ്ങളുടെ അസാന്നിധ്യം ഞങ്ങള്‍ക്ക് വേദനയാണ്, അത് ഞങ്ങളുടെ ഹൃദയത്തെ നുറുക്കുന്നു. തിരികെ വീട്ടിലെത്തിയാല്‍ കേക്ക് മുറിച്ച് ഗംഭീരമായി ജന്മദിനമാഘോഷിക്കാമെന്ന് ആശംസിക്കുന്നു'-കാര്‍ത്തി ചിദംബരം ട്വീറ്റ് ചെയ്തു. 

കത്തില്‍ ദേശീയ, അന്തര്‍ദേശീയ രാഷ്ട്രീയ സംഭവ വികാസങ്ങളും കാര്‍ത്തി വിശദീകരിച്ചെഴുതിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ചന്ദ്രയാന്‍-2, പിയൂഷ് ഗോയലിന്‍റെ ഗുരുത്വാകര്‍ഷണ അബദ്ധം, അസമിലെ പൗരത്വ പട്ടിക, ബോറിസ് ജോണ്‍സണ്‍, ഹോങ്കോങ്ങിലെ പ്രക്ഷോഭം എന്നിവരും കാര്‍ത്തി വിശദീകരിച്ചു. രാജ്യത്തെ വളര്‍ച്ചാ മുരടിപ്പിനെയും കാര്‍ത്തി വിമര്‍ശിച്ചു. ചന്ദ്രയാന്‍ നേട്ടത്തില്‍ പ്രധാനമന്ത്രി ക്രെഡിറ്റ് സ്വന്തമാക്കാന്‍ ശ്രമിക്കുകയാണെന്നും കശ്മീരില്‍ കഴിഞ്ഞ 40 ദിവസമായി ജനജീവിതം സ്തംഭിച്ചിരിക്കുകയാണെന്നും കാര്‍ത്തി പരോക്ഷമായി കുറ്റപ്പെടുത്തി.

യുഎസ് ഓപ്പണില്‍ നദാല്‍ കപ്പ് നേടിയതും കാര്‍ത്തി പരാമര്‍ശിച്ചു. ഇപ്പോഴത്തെ രാഷ്ട്രീയ നാടകങ്ങളെയെല്ലാം അതിജീവിച്ച് പുറത്തുവരുമെന്ന് നിങ്ങളെപ്പോലും ഞാനും വിശ്വസിക്കുന്നു. സത്യത്തിന്‍റെ വിജയത്തിനായി ഞങ്ങളെല്ലാം കാത്തിരിക്കുകയാണെന്ന് എഴുതിയാണ് കാര്‍ത്തി കത്ത് അവസാനിപ്പിക്കുന്നത്. ഐഎല്‍എക്സ് മീഡിയ കേസില്‍ പ്രതിയായ പി ചിദംബരം കഴിഞ്ഞ രണ്ടാഴ്ചയായി തിഹാര്‍ ജയിലില്‍ റിമാന്‍റിലാണ്.